image

24 Jan 2024 6:34 AM GMT

Economy

ഇന്ത്യയുടെ ബിസിനസ് വളര്‍ച്ച 4 മാസത്തെ ഉയര്‍ച്ചയില്‍

MyFin Desk

indias business growth at 4-month high
X

Summary

  • ഡിമാന്‍ഡ് മെച്ചപ്പെട്ടത് പിഎംഐ വളര്‍ച്ചയെ നയിച്ചു
  • മാനുഫാക്ചറിംഗിലെ ബിസിനസ് ആത്മവിശ്വാസം 9 വര്‍ഷത്തെ ഉയര്‍ച്ചയില്‍
  • പുതിയ ഓർഡറുകൾ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വേഗതയില്‍ വളര്‍ന്നു


ഇന്ത്യയിലെ ബിസിനസ് വളര്‍ച്ച ജനുവരിയില്‍ നാലുമാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതായി സ്വകാര്യ സര്‍വെ റിപ്പോര്‍ട്ട്. എസ് ആന്‍റ് പി ഗ്ലോബൽ സമാഹരിച്ച വിവരങ്ങളെ ആസ്പദമാക്കി എച്ച്എസ്ബിസി പുറത്തിറക്കിയ ഫ്ലാഷ് ഇന്ത്യ കോമ്പോസിറ്റ് പർച്ചേസിംഗ് മാനേജേർസ് ഇന്‍ഡക്സാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംയോജിത പിഎംഐ ആയ 61 ആണ് ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബറിലത് 58.5 ആയിരുന്നു.

മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ ഡിസംബറിലെ 54.9-ല്‍ നിന്ന് ജനുവരിയില്‍ 56.9-ലേക്ക് വളര്‍ന്നപ്പോള്‍, സേവന മേഖലയുടെ പിഎംഐ ഡിസംബറിലെ 59ല്‍ നിന്ന് ജനുവരിയില്‍ 61.2-ലേക്ക് വളര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിഎംഐ അമ്പതിന് മുകളിലാണെങ്കില്‍ അത് വളര്‍ച്ചയെയും അമ്പതിന് താഴെയാണെങ്കില്‍ അത് സങ്കോചത്തെയുമാണ് കാണിക്കുന്നത്.

ഡിമാൻഡിലെ ശക്തമായ ഉയര്‍ച്ചയാണ് വളര്‍ച്ചയെ പ്രാഥമികമായി നയിച്ചത്. ഫാക്റ്ററികളിലെ പുതിയ ഓർഡറുകൾ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വേഗതയിലാണ് വളര്‍ന്നത്. അതേസമയം സേവന മേഖലയിലെ പുതിയ ബിസിനസ്സ് 2023 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വേഗതയേറിയ നിരക്കിൽ വർദ്ധിച്ചു.

ഡിമാൻഡ് മെച്ചപ്പെടുത്തുന്നത്, അടുത്ത ഒരു വര്‍ഷത്തെ കുറിച്ചുള്ള ശുഭാപ്‍തി വിശ്വാസം ബിസിനസുകളില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാനുഫാക്ചറിംഗ് മേഖലയിലെ ബിസിനസ് ആത്മവിശ്വാസം 9 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. തുടര്‍ച്ചയായ 20-ാം മാസവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സേവന മേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.

2023 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന വേഗതയിൽ ഇന്‍പുട്ട് ചെലവുകള്‍ വർദ്ധിച്ചു. എങ്കിലും ജനുവരിയിൽ മൊത്തത്തിലുള്ള ഉല്‍പ്പന്ന വിലകളില്‍ നേരിയ തോതിലുള്ള ഉയര്‍ച്ച മാത്രമാണ് ഉണ്ടായത്. ഇത് വില സമ്മർദ്ദം ഉയർന്ന നിലയിൽ തുടരുമെന്ന് സൂചിപ്പിക്കുന്നു.