image

24 May 2023 7:55 AM GMT

Lifestyle

ഓസ്‌ട്രേലിയുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ

G Sunil

ഓസ്‌ട്രേലിയുമായി സഹകരണം  വര്‍ധിപ്പിക്കാന്‍ ഇന്ത്യ
X

Summary

  • ദീര്‍ഘകാല ഉഭയകക്ഷി പങ്കാളിത്തം ലക്ഷ്യം
  • സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകും
  • അല്‍ബനീസുമായി മോദി കൂടിക്കാഴ്ച നടത്തുന്നത് ആറാം തവണ


പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹര്‍ലിയുമായി കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാല ഉഭയകക്ഷി പങ്കാളിത്തം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് മോദി ഹര്‍ലിയെ കണ്ടത്. അല്‍ബനീസുമായുള്ള അദ്ദേഹത്തിന്റെ ചര്‍ച്ചാവേളയില്‍ വ്യാപാരം, നിക്ഷേപം, പ്രതിരോധം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

മോദിയും ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറല്‍ ഹര്‍ലി ജനറലും തമ്മില്‍ സിഡ്നിയില്‍ നടന്ന ചര്‍ച്ച തികച്ചും ഊഷ്മളമായിരുന്നതായി വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ചര്‍ച്ചയില്‍ ധാരണയായി. ഹര്‍ലിയെ കണ്ടതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

'ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹര്‍ലിയെ കാണാനും ഇന്ത്യ-ഓസ്ട്രേലിയ ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം ഒരു മികച്ച ലോകം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും' മോദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഖുഡോസ് ബാങ്ക് അരീനയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്ത പ്രവാസി പരിപാടിയെ മോദി അഭിസംബോധന ചെയ്തിരുന്നു.

ഉഭയകക്ഷി ബന്ധം ഉറപ്പിക്കുന്നതില്‍ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളുടെ സംഭാവനകളെ മോദിയും അല്‍ബനീസും പ്രശംസിച്ചു.

ഓസ്ട്രേലിയയിലെ സമ്പന്നമായ ബഹുസാംസ്‌കാരിക സമൂഹത്തിന് ഇന്ത്യന്‍ പ്രവാസികള്‍ നല്‍കിയ പ്രധാന സംഭാവനകളെ മാനിച്ച്, ഹാരിസ് പാര്‍ക്കിലുള്ള 'ലിറ്റില്‍ ഇന്ത്യ' ഗേറ്റ്വേയുടെ ശിലാസ്ഥാപന ഫലകം നേതാക്കള്‍ അനാച്ഛാദനം ചെയ്തു.

ഈസ്റ്റ് പെര്‍ത്തിലെ നെല്‍സണ്‍ അവന്യൂവിന് സൈലാനി അവന്യൂ എന്ന് പുനര്‍നാമകരണം ചെയ്ത നടപടിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

നേരത്തെ സിഡ്‌നിയില്‍ പ്രധാനമന്ത്രി അല്‍ബനീസുമായി നടത്തിയ ചര്‍ച്ചയില്‍ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ഖാലിസ്ഥാന്‍ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളും ഉന്നയിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടി സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാനും തീരുമാനിച്ചു.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷമുള്ള മാധ്യമപ്രസ്താവനയില്‍ ബന്ധങ്ങള്‍ ടി20 മോഡിലേക്ക് പ്രവേശിക്കുകയായണെന്ന് ക്രിക്കറ്റ് ഭാഷയില്‍ മോദി വിശദീകരിച്ചു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദപരവും ഊഷ്മളവുമായ ബന്ധത്തെ ആരുടെയും പ്രവര്‍ത്തനങ്ങളിലൂടെയോ ചിന്തകളിലൂടെയോ നശിക്കപ്പിക്കാന്‍അനുവദിക്കില്ലെന്ന് അല്‍ബനീസും പ്രഖ്യാപിച്ചു.

വിഷയത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ക്ക് മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

അടുത്ത ദശകത്തില്‍ തന്ത്രപരവും സമഗ്രവുമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കും. പുതിയ മേഖലകളിലെ സഹകരണത്തിന്റെ സാധ്യതയും ചര്‍ച്ചചെയ്യപ്പെട്ടു.

ഖനനം,ധാതുക്കള്‍ എന്നിവ സംബന്ധിച്ച് സഹകരണം ശക്തിപ്പെടുത്തും. പുനരുപയോഗ മേഖലയിലും സഹകരിക്കാവുന്ന മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇരുപക്ഷവും മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കരാറിലും ഒപ്പിട്ടു. ഇത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കും.

ബെംഗളൂരുവില്‍ ഓസ്‌ട്രേലിയ പുതിയ കോണ്‍സുലേറ്റ് സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചതുപോലെ ഇന്ത്യ ബ്രിസ്‌ബേനിലും ഓഫീസ് തുറക്കുമെന്ന് അറിയിച്ചു.

ഇരു നേതാക്കളും ഇത് ആറാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇത് ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായി അല്‍ബനീസ് പറഞ്ഞു.