7 April 2023 10:00 AM GMT
Summary
സാമ്പത്തിക മാന്ദ്യം ഈ വർഷവും തുടരും
ഈ വർഷം ആഗോള സമ്പദ് വ്യവസ്ഥ 3 ശതമാനത്തിൽ താഴെ മാത്രമേ വളരാൻ സാധ്യതയുള്ളുവെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ചീഫിന്റെ പ്രസ്താവന. മാത്രമല്ല വളർച്ചയുടെ പകുതിയും ഇന്ത്യ , ചൈന എന്നി രാജ്യങ്ങളുടെ സംഭവനയായിരിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ വർഷം ലോക സമ്പദ്‌വ്യവസ്ഥയിൽ ഉക്രൈൻ - റഷ്യ യുദ്ധവും, കോവിഡും മൂലമുണ്ടായ കുത്തനെയുള്ള മാന്ദ്യം ഈ വർഷവും തുടരുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ മുന്നറിയിപ്പ് നൽകി.
1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ അനുമാനമാണിതാണെന്നും, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഉള്ള ശരാശരിയായ 3.8 ശതമാനത്തിന് താഴെയാണിതെന്നും, അടുത്ത അഞ്ച് വർഷങ്ങളിൽ 3 ശതമാനത്തിൽ താഴെ തന്നെ തുടരാനാണ് സാധ്യതെയെന്നും ജോർജീവ പറഞ്ഞു. 2021 ലെ ശക്തമായ തിരിച്ചു വരവിനു ശേഷം ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ കടുത്ത ആഘാതവും അതിന്റെ വ്യാപകമായ അനന്തരഫലങ്ങളും കാരണം 2022 ലെ ആഗോള വളർച്ച ഏകദേശം പകുതിയായി കുറഞ്ഞ്, 6.1 ൽ നിന്ന് 3.4 ശതമാനമായി എന്ന് ചീഫ് വ്യക്തമാക്കി.
മന്ദഗതിയിലുള്ള വളർച്ച, കുറഞ്ഞ വരുമാനമുള്ള രാഷ്ട്രങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നും ചീഫ് സൂചിപ്പിച്ചു. കോവിഡ് പ്രതിസന്ധി മൂലം ആരംഭിച്ച പട്ടിണിയും ദാരിദ്ര്യവും ഇനിയും വർധിക്കുമെന്നും വ്യക്തമാക്കി.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി നയരൂപകർത്താക്കൾ ചേരുന്ന ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും അടുത്ത ആഴ്‌ചത്തെ സ്‌പ്രിംഗ് മീറ്റിംഗുകൾക്ക് മുന്നോടിയായാണ് ചീഫ് സംസാരിച്ചത്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ലോക ബാങ്കുകൾ നിരക്ക് വർദ്ധനവ് തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
90 ശതമാനത്തോളം വികസിത രാജ്യങ്ങൾക്കും ഈ വർഷം വളർച്ചയിൽ ഇടിവുണ്ടാകുമെന്ന് ചീഫ് പറഞ്ഞു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക്, അവരുടെ കയറ്റുമതിക്കുള്ള ഡിമാൻഡ് ദുർബലമാകുന്ന സമയത്താണ് വായ്പാ ചെലവ് വർധിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.