13 Feb 2024 6:01 AM GMT
Summary
- 8 മുഖ്യ മേഖലകളിലെ വളര്‍ച്ച 14 മാസത്തെ താഴ്ചയില്‍
- മാനുഫാക്ചറിംഗ് ഉല്‍പ്പാദനം ഉയര്‍ന്നു
- ഖനന, വൈദ്യുതി മേഖലകളിലെ ഉല്‍പ്പാദനം കുറഞ്ഞു
ഡിസംബറിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച 3.8 ശതമാനത്തിലേക്ക് ഉയർന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നവംബറില്‍ 2.4 ശതമാനമായിരുന്നു വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി). എന്നാല്‍ 2022 ഡിസംബറിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം 5.1 ശതമാനം വളര്‍ച്ചയാണ് പ്രകടമാക്കിയിരുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ 9 മാസങ്ങളില്‍ വ്യാവസായിക വളർച്ച 6.1 ശതമാനമായിരുന്നു. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 5.5 ശതമാനം ആയിരുന്നു.
വ്യാവസായിക വളർച്ച ഡിസംബറില്‍ ഉയര്‍ന്നെങ്കിലും 8 മുഖ്യ മേഖലകളുടെ വളര്‍ച്ച 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 3.8 ശതമാനത്തിലേക്ക് ഇടിയുകയാണ് ഉണ്ടായത്. നവംബറില്‍ 7.8 ശതമാനമായിരുന്നു മുഖ്യ മേഖലകളുടെ മൊത്തം വളര്‍ച്ച. വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ 40 ശതമാനത്തോളം പങ്കാളിത്തമാണ് മുഖ്യ വ്യവസായങ്ങള്‍ക്കുള്ളത്.
നവംബറിൽ വെറും 1.2 ശതമാനം മാത്രം വളർച്ച കൈവരിച്ച മാനുഫാക്ചറിംഗ് മേഖലയുടെ ഉൽപ്പാദനം ഡിസംബറില്‍ 3.9 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഖനന മേഖലയിലെ ഉല്‍പ്പാദനം നവംബറിലെ 7 ശതമാനത്തിൽ നിന്നും 5.1 ശതമാനമായും വൈദ്യുതി മേഖലയിലെ ഉല്‍പ്പാദനം 5.8 ശതമാനത്തിൽ നിന്ന് 1.2 ശതമാനമായും കുറഞ്ഞു.