15 Jun 2023 11:16 AM IST
Summary
- വജ്രങ്ങളുടെ കയറ്റുമതിയില്‍ ഇടിവ്
- സ്വര്‍ണാഭരണ കയറ്റുമതിയില്‍ വര്‍ധന
- വെള്ളി ആഭരണ കയറ്റുമതിയിലും ഇടിവ്
ഇന്ത്യയില്‍ നിന്നുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി മേയില്‍ 10.70 % ഇടിഞ്ഞ് 22,693.41 കോടി രൂപയിൽ (2,755.90 മില്യൺ ഡോളർ) എത്തിയതായി ജെം ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ജിജെഇപിസി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മേയില്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 25,412.66 കോടി രൂപ (3,285.47 ദശലക്ഷം ഡോളർ) ആയിരുന്നുവെന്നും ജിജെഇപിസി തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രതിമാസ ഡാറ്റയില്‍ പറയുന്നു.
ജിജെഇപിസി ഡാറ്റ അനുസരിച്ച്, കട്ട് ആൻഡ് പോളിഷ്‍ഡ് വജ്രങ്ങളുടെ (സിപിഡി) മൊത്തത്തിലുള്ള കയറ്റുമതി 12.17 ശതമാനം ഇടിഞ്ഞ് 14,190.28 കോടി രൂപയില്‍ (1723.17 ദശലക്ഷം യുഎസ് ഡോളർ) എത്തി. 2022 മേയില്‍ 16,156.04 കോടി രൂപയുടെ കയറ്റുമതിയായിരുന്നു ഈ വിഭാഗത്തില്‍ നടന്നിരുന്നത്. അതുപോലെ, പോളിഷ്‍ഡ് ലാബ് ഗ്രോൺ വജ്രങ്ങളുടെ മൊത്ത കയറ്റുമതി ഏപ്രിൽ-മെയ് കാലയളവില്‍ 20.57 ശതമാനം ഇടിഞ്ഞ് 1,985.83 കോടി രൂപയായി (236.08 ദശലക്ഷം ഡോളർ). മുൻ സാമ്പത്തിക വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ 2,499.95 കോടി രൂപയുടെ (325.45 ദശലക്ഷം യുഎസ് ഡോളർ) കയറ്റുമതിയായിരുന്നു നടന്നിരുന്നത്.
എന്നിരുന്നാലും, സ്വർണാഭരണങ്ങളുടെ മൊത്തം കയറ്റുമതി മേയില്‍ വര്‍ധിക്കുകയായിരുന്നു. 2022 മേയില്‍ രേഖപ്പെടുത്തിയ 5,317.71 കോടി രൂപയിൽ (687.18 ദശലക്ഷം ഡോളർ) നിന്ന് 7.29 ശതമാനം വർധനയോടെ സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 5,705.32 കോടി രൂപയില്‍ (693.01 ദശലക്ഷം ഡോളർ) എത്തി. ഏപ്രിൽ-മെയ് മാസങ്ങളിൽ വെള്ളി ആഭരണങ്ങളുടെ മൊത്ത കയറ്റുമതി ഒരു വർഷം മുമ്പ് സമാന കാലയളവില്‍ ഉണ്ടായിരുന്ന 3,728.88 കോടി രൂപയിൽ നിന്ന് (485.42 ദശലക്ഷം ഡോളർ) 68.54 ശതമാനം കുറഞ്ഞ് 1,173.25 കോടി രൂപയായി (141.10 ദശലക്ഷം ഡോളർ).
രാജ്യത്തെ മൊത്തത്തിലുള്ള രത്ന, ആഭരണ കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം നേരിയ തോതിലുള്ള വർധന മാത്രമാണ് ഉണ്ടായത്. പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ൻ യുദ്ധം, ചൈനയിൽ തുടർന്ന ലോക്ക്ഡൗൺ മുതലായ ആഗോള വെല്ലുവിളികൾ കയറ്റുമതിയെ ബാധിച്ചു. മേയിലും ആഗോളതലത്തില്‍ ആവശ്യകതയില്‍ പ്രകടമായ മാന്ദ്യം രത്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചു. എന്നാല്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് സ്വര്‍ണ കയറ്റുമതിക്ക് താങ്ങായി മാറിയത്.
യുഎഇ-യുമായുള്ള സമഗ്ര വാണിജ്യ പങ്കാളിത്ത കരാര്‍ (സിഇപിഎ) നടപ്പിലാക്കിയത് ഇന്ത്യയുടെ രത്ന, സ്വർണാഭരണ കയറ്റുമതിയില്‍ മുന്നേറ്റത്തിന് വഴി തുറന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രധാന ലക്ഷ്യ സ്ഥാനമാണ് മിഡില്‍ ഈസ്റ്റ്. സിഇപിഎ-യുടെ ഭാഗമായി യുഎഇ-യിലേക്കുള്ള രത്ന,സ്വര്‍ണാഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളുണ്ടാകുമെന്ന് അടുത്തിടെ കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. സിഇപിഎ പിന്നിടുന്ന ഘട്ടത്തിലാണ് അദ്ദേഹം കരാറിന്‍റെ മുന്നോട്ടുപോക്കിനെ കുറിച്ച് സംസാരിച്ചത്.