11 Nov 2023 6:01 AM GMT
Summary
- ഏറ്റവും അധികം റിക്രൂട്ട്‌മെന്റ് നടക്കുന്നത് ടെക്‌നോളജി മേഖലയില്‍
- ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് പുതിയ നിയമനങ്ങള്‍ സഹായിക്കുന്നു
- കൂടുതല്‍ നിയമനങ്ങള്‍ക്കായി മാരുതി സുസുക്കി, ടാറ്റാസ്റ്റീല്‍, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എന്നിവരും
ഇന്ത്യയില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിച്ച് വന്‍കിട കമ്പനികള്‍. ഓട്ടോമൊബൈല്‍, എഞ്ചിനീയറിംഗ്, സ്റ്റീല്‍, കണ്‍സ്യൂമര്‍ ഗുഡ്സ്, ഊര്‍ജം തുടങ്ങിയ മേഖലകളിലെ വന്‍ കമ്പനികളാണ് കാമ്പസ് റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിച്ചിട്ടുള്ളത്.
ചില കമ്പനികള്‍ തങ്ങളുടെ വിപുലീകരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് കാമ്പസ് റിക്രൂട്ട്‌മെന്റ് 15 മുതല്‍ 30ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. വൈറ്റ് കോളര്‍ പ്രതിഭകളുടെ ഏറ്റവും വലിയ റിക്രൂട്ടറാണ് ടെക്‌നോളജി മേഖല.
മാക്രോ ഇക്കണോമിക് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പുതിയ നിയമനം വെട്ടിക്കുറച്ചിരുന്നു. അതുവഴി രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളിലെയും എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന സമീപകാലത്തെ ഏറ്റവും കഠിനമായ പ്ലെയ്സ്മെന്റ് സീസണുകൾക്ക് ഇതോടെ അയവുവന്നിരിക്കുന്നു.
ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, ഡാബര്‍, വേദാന്ത, ഷ്നൈഡര്‍, ആര്‍പിജി എന്നീകമ്പനികളും സാങ്കേതിക വിദഗ്ദ്ധരായ പ്രതിഭകള്‍ക്കൊപ്പം എന്‍ട്രി ലെവല്‍ പൂള്‍ ഉയര്‍ത്തുകയാണ്. മുന്‍നിര ഐഐടികള്‍ക്കും ഐഐഎമ്മുകള്‍ക്കും പുറമെ ടയര്‍ 2, ടയര്‍ 3 സ്ഥാപനങ്ങളിലേക്ക് പ്രവേശനം വ്യാപിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുവ മനസുകള്‍ക്ക് ഡിജിറ്റല്‍ ടൂളുകളെ കുറിച്ച് ശക്തമായ ധാരണയുണ്ടെന്നും ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് അവര്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുമെന്നും ജെഎസ്ഡബ്ല്യു ഗ്രൂപ്പിലെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ ദിലീപ് പട്‌നായക് പറയുന്നു. 1,600 ബിരുദ എഞ്ചിനീയര്‍ ട്രെയിനികള്‍ ഉള്‍പ്പെടെ 2,000 ത്തോളം പുതുമുഖങ്ങളെ നിയമിക്കാന്‍ കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നു.
ഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളില്‍ നിന്ന് 2,700-ലധികം പുതിയ ബിരുദധാരികളെ റിക്രൂട്ട് ചെയ്യാന്‍ എന്‍ജിനീയറിങ് പ്രമുഖരായ എല്‍ ആന്‍ഡ് ടി പദ്ധതിയിടുന്നതായി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഎച്ച്ആര്‍ഒയുമായ സി.ജയകുമാര്‍ പറഞ്ഞു.
ടാറ്റ സ്റ്റീല്‍ കാമ്പസുകളിൽ നിന്ന് 700 ബിരുദധാരികളെ നിയമിക്കും. ''ഞങ്ങളുടെ ഭാവി വളര്‍ച്ചാ പദ്ധതി കണക്കിലെടുക്കുമ്പോൾ ഇത് വളരെ ആവശ്യമാണ് ,'' കമ്പനി വക്താവ് പറഞ്ഞു.
'ആഗോളതലയത്തിൽ ഉയർന്നു വരുന്ന രാഷ്ട്രീയ പ്രശ്നങ്ങളും, സാമ്പത്തിക വെല്ലുവിളികളും ഞങ്ങളുടെ എന്‍ട്രി-ലെവല്‍ നിയമനത്തെ ബാധിച്ചിട്ടില്ല. ഞങ്ങളുടെ വിപുലീകരണ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനായി ഞങ്ങള്‍ പുതിയ പ്രതിഭകളെ സജീവമായി തിരയുകയാണ്,'കമ്പനി പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, ഏകദേശം 1,400 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. ഇതില്‍ കൂടുതലും ഐഐടികളില്‍ നിന്നും എന്‍ഐടിയില്‍ നിന്നുമാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജോലിക്കെടുക്കുന്നവരുടെ എണ്ണം 20 ശതമാനത്തിലധികം വര്‍ധിച്ചതായി കമ്പനി അറിയിച്ചു. ശേഷി വിപുലീകരണം, നവയുഗ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കല്‍ എന്നിവയുള്‍പ്പെടെ വര്‍ധിച്ചുവരുന്ന ബിസിനസ് ആവശ്യങ്ങളാണ് ഇതിനു കാരണം.
ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഡാബര്‍ ഇന്ത്യ കാമ്പസ് നിയമനങ്ങള്‍ 10-15% വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. 'ഓണ്‍ലൈന്‍' ജനറേഷന്‍ ഉപഭോക്തൃ അടിത്തറയില്‍ പ്രവേശിക്കുന്നതോടെ, അവരിലേക്ക് കമ്പനി എത്തേണ്ടത് അനിവാര്യമാണെന്ന് കമ്പനി പറയുന്നു.
ആര്‍പിജി ഗ്രൂപ്പ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പുതുമുഖങ്ങളെ കൂടുതലായി നിയമിക്കുന്നുണ്ട്. എനര്‍ജി മാനേജ്മെന്റിലെ ആഗോള തലവനായ ഷ്നൈഡര്‍ ഇലക്ട്രിക്, 2021 മുതല്‍ വാര്‍ഷിക കാമ്പസ് നിയമനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കമ്പനി ഇന്ത്യയെ ഒരു ടാലന്റ് ഹബ്ബായി പരിഗണിച്ചിട്ടുണ്ട്.ഐഐഎമ്മുകളും ഐഐടികളും ഉള്‍പ്പെടെയുള്ള ടയര്‍ 1 ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 2024 ബാച്ചില്‍ നിന്ന് 1500-1800 പേരെ വേദാന്ത നിയമിക്കുമെന്ന് സിഎച്ച്ആര്‍ഒ മധു ശ്രീവാസ്തവയും പ്രസ്താവിച്ചിട്ടുണ്ട്. ഐടിസിയും കൂടുതല്‍ യുവ പ്രതിഭകളെ നിയമിക്കാന്‍ ലക്ഷ്യമിടുകയാണ്.