15 Jun 2023 8:25 AM GMT
നിരക്ക് വര്‍ധനയ്ക്ക് ഫെഡ് റിസര്‍വിന്‍റെ ബ്രേക്ക്, ഇന്ത്യന്‍ വിപണികളെ എങ്ങനെ സ്വാധീനിക്കും?
MyFin Desk
Summary
- വര്‍ഷാവസാനത്തോടെ പലിശ നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന് സൂചന
- നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത് വിദേശ നിക്ഷേപങ്ങളെ പ്രോല്‍സാഹിപ്പിക്കും
- ഓട്ടോമൊബൈല്‍ ഓഹരികളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ച് വിദഗ്‍ധര്‍
ഒരു വർഷത്തെ തുടര്‍ച്ചയായ പലിശ നിരക്ക് വർധനകള്‍ക്കു ശേഷം, യുഎസ് ഫെഡറൽ റിസർവ് നിരക്ക് വര്‍ധനയ്ക്ക് താല്‍ക്കാലിക വിരാമമിട്ടിരിക്കുകയാണ്. അടിസ്ഥാന പലിശ നിരക്കുകള്‍ 5 മുതൽ 5.25 ശതമാനം വരെ എന്ന തലത്തില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് അവലോകന യോഗത്തിനു ശേഷം ഫെഡ് റിസര്‍വ് പ്രഖ്യാപിച്ചത്. അമേരിക്കയിലെ പണപ്പെരുപ്പത്തെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വീക്ഷിക്കുന്നതില്‍ വന്നിട്ടുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ ജൂണിൽ ഭക്ഷ്യ-ഊർജ്ജ ചെലവുകൾ വർധിച്ചതിന്‍റെ ഫലമായി 40 വർഷത്തെ ഉയർന്ന നിരക്കായ 9.1 ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. എങ്കിലും ഇക്കഴിഞ്ഞ മേയില്‍ പണപ്പെരുപ്പം 4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2021 ഏപ്രിലിന് ശേഷമുള്ള യുഎസിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്.
പലിശ നിരക്ക് വര്‍ധന തല്‍ക്കാലം നിര്‍ത്തിവെക്കുമ്പോഴും സമീപഭാവിയില്‍ തന്നെ അതിലേക്ക് തിരിച്ചെത്തുന്നതിനുള്ള സാധ്യതയും ഫെഡ് റിസര്‍വ് മുന്നോട്ടുവെക്കുന്നുണ്ട്. 2 ശതമാനം എന്ന ലക്ഷ്യത്തിന് എത്ര സമീപത്തേക്ക് പണപ്പെരുപ്പം എത്തുന്നു എന്നതു വിലയിരുത്തി കൂടുതൽ നിരക്ക് വർധന വരുന്ന യോഗങ്ങളില്‍ ഉണ്ടായേക്കാമെന്ന സൂചനയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ളതും കരുത്തുറ്റതുമായ കേന്ദ്രബാങ്കാണ് യുഎസ് ഫെഡറൽ റിസർവ്. പലിശ നിരക്ക് സംബന്ധിച്ച അതിന്റെ തീരുമാനം ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയിലേക്കുള്ള വിദേശ മൂലധനത്തിന്‍റെ ഒഴുക്കിനെ നിര്‍ണയിക്കുന്ന പ്രധാനപ്പെട്ടൊരു ഘടകമാണ് ഫെഡ് റിസര്‍വിന്‍റെ പലിശ നിരക്ക്.
യുഎസിലെ പലിശയും ഇന്ത്യന്‍ വിപണിയും
യുഎസിലെ പലിശ നിരക്കുകള്‍ ആഗോള തലത്തിലെ പണലഭ്യത അഥവാ ലിക്വിഡിറ്റിയെയും അതുവഴി ലോകമെമ്പാടുമുള്ള ഓഹരി വിപണികളെയും ബാധിക്കുന്നു. ദീർഘവും ഹ്രസ്വവുമായ കാലയളവുകളിലെ ഓഹരി വിലകൾ നിർണ്ണയിക്കുന്നതിൽ ലിക്വിഡിറ്റിയും വരുമാനവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഭ്യന്തര സാമ്പത്തിക സൂചകങ്ങൾ മുകളിലേക്കുള്ള പ്രവണത കാണിക്കുന്നതിനാൽ ഇന്ത്യൻ വിപണികൾ സ്ഥിരതയുള്ള മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. യുഎസിലെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ ഇഷ്ട ഡെസ്റ്റിനേഷനാകുന്നതില്‍ ഇന്ത്യക്ക് സഹായകമാകും.
“നിരക്ക് വർധന ഒഴിവാക്കാനുള്ള ഫെഡറൽ തീരുമാനത്തേക്കാള്‍ ശ്രദ്ധ പോകുന്നത് ഇനിയും പലിശ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട് എന്നതിലേക്കാണ്. വർഷാവസാനത്തോടെ പലിശ നിരക്ക് കുറച്ചുകൂടി ഉയർത്തുന്നത് ഉചിതമായേക്കും എന്നാണ് കമ്മിറ്റി അംഗങ്ങള്‍ കരുതുന്നത്. ഇതൊരു നെഗറ്റീവ് വാർത്തയാണ്. ഫെഡ് ഫണ്ട് നിരക്ക് 2023 അവസാനത്തോടെ 5.6 ശതമാനവും 2024 അവസാനത്തോടെ 4.6 ശതമാനവും ആയിരിക്കുമെന്ന് ഫെഡ് റിസര്‍വ് ഇപ്പോൾ പ്രതീക്ഷിക്കുന്നു. പലിശനിരക്ക് കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരുന്നത് ആഗോള വളർച്ചയെ ബാധിക്കും, ഇത് ആഗോള വിപണിയിൽ നേരിയ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു,
നിലവിലെ ആഗോള മാന്ദ്യത്തിൽ ഇന്ത്യ ഒരു സുരക്ഷിത വിപണിയായി ഉയർന്നുവരുന്നുണ്ട്. ഓട്ടൊമൊബൈല്‍, മൂലധന ഉല്‍പ്പന്നങ്ങള്‍, നിര്‍മാണ മേഖല എന്നിവയിലെ ഓഹരികള്‍ നിക്ഷേപകരെ കൂടുതലായി ആകർഷിക്കും, ആഡംബര വസ്തുക്കളുടെ ആവശ്യകത ഉയരുന്നതും ശുഭ സൂചനയാണ്.
" വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് അനുയോജ്യമായ സ്ഥലമാണ് ഇന്ത്യയെന്ന് കരുതപ്പെടുന്നു. റഷ്യ, ബ്രസീൽ, ഇന്ത്യ, ചൈന എന്നിവയാണ് എഫ്‍പിഐകള്‍ ഉറ്റുനോക്കുന്ന മുൻനിര വിപണികൾ. റഷ്യ ഉപരോധങ്ങള്‍ നേരിടുകയാണ്, ചൈനയാകട്ടെ കോവിഡിന്‍റെ പുതിയ വെല്ലുവിളികളെ മറികടക്കുന്നതേയുള്ളൂ, ബ്രസീലില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുമാണ്. അതിനാൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ പ്രധാന കേന്ദ്രമായി ഇന്ത്യ ഉരുത്തിരിയുകാണ്. വിദേശ സ്ഥാപന നിക്ഷേപകരും ഇന്ത്യയിലേക്ക് കൂടുതൽ പണം പമ്പ് ചെയ്യും. ലോകം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ ഇന്ത്യ താരതമ്യേന ഉയർന്ന നിലയിലായതിനാൽ ഇവിടെ ഓട്ടോമൊബൈല്‍ പോലുള്ള മേഖലകളില്‍ വലിയ തോതില്‍ നിക്ഷേപമെത്തും," ഐഐഎഫ്എൽ സെക്യൂരിറ്റീസിലെ റിസർച്ച്, വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത അഭിപ്രായപ്പെടുന്നു.
മുന്നോട്ട് പോകുമ്പോൾ, യുഎസ് ഫെഡറൽ റിസർവ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പലിശനിരക്ക് മയപ്പെടുത്തിയേക്കും. ആഭ്യന്തര തലത്തില്‍, പണപ്പെരുപ്പം കുറയുന്നതിനാൽ ഇത് ഇന്ത്യക്ക് അനുകൂലമായി മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.