10 Oct 2023 9:09 AM GMT
Summary
- മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് ഐഎംഎഫ് നിഗമനം ഉയര്‍ത്തുന്നത്
- ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്വകാര്യ ഉപഭോഗം കണക്കിലെടുത്താണ് വളര്‍ച്ചാ നിഗമനം മെച്ചപ്പെടുത്തിയത്
ഇന്ത്യയുടെ ജിഡിപി വളർച്ച സംബന്ധിച്ച നിഗമനം അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ഉയര്‍ത്തി. മൂന്ന് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് നിഗമനം ഉയര്‍ത്തുന്നത്. ഐഎംഎഫിന്‍റെ ഇന്ന് പുറത്തിറങ്ങിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഈ വർഷം 6.3 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ജൂലൈ അവസാത്തിലെ നിഗമനത്തേക്കാള്‍ 20 ബേസിസ് പോയിന്റ് കൂടുതലാണ് ഇത്. ഒരു ബേസിസ് പോയിന്റ് എന്നത് ഒരു ശതമാനം പോയിന്റിന്റെ നൂറിലൊന്നാണ്.
ജൂലൈയിലും 20 ബേസിസ് പോയിന്‍റിന്‍റെ വര്‍ധന ഇന്ത്യയുടെ വളര്‍ച്ചാ നിഗമനത്തില്‍ ഐഎംഎഫ് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷത്തിലെ വളര്‍ച്ച സംബന്ധിച്ച പ്രവചനത്തിൽ ഐഎംഎഫ് ഒരു മാറ്റവും വരുത്തിയിട്ടില്ല, 2024-25 ൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്.
"ഇന്ത്യയിലെ വളർച്ച 2023-ലും 2024-ലും 6.3 ശതമാനത്തിൽ ശക്തമായി തുടരുമെന്ന് വിലയിരുത്തുന്നു, ഏപ്രിൽ-ജൂൺ കാലയളവിൽ പ്രതീക്ഷിച്ചതിലും ശക്തമായ ഉപഭോഗം പ്രകടമായതിന്‍റെ പശ്ചാത്തലത്തിലാണ് 2023-ന്‍റെ നിഗമനത്തില്‍ 0.2 ശതമാനം പോയിന്റ് വർധന വരുത്തുന്നത്," റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ-ജൂണിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വികസിച്ചുവെന്ന് ഓഗസ്റ്റ് 31 ന് സ്‍റ്റാറ്റിസ്‍റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.- സാമ്പത്തിക വിദഗ്ധര്‍ പൊതുവില്‍ പ്രതീക്ഷിച്ചിരുന്ന 7.7 ശതമാനത്തേക്കാൾ നേരിയ തോതിൽ ഉയർന്നതായിരുന്നു ഇത്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിഗമനമായിരുന്ന 8 ശതമാനത്തേക്കാള്‍ താഴെയുമായിരുന്നു. സ്വകാര്യ ഉപഭോഗം ജനുവരി-മാർച്ച് മാസങ്ങളിലെ 2.8 ശതമാനത്തിൽ നിന്ന് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 6.0 ശതമാനത്തിലേക്ക് ഉയര്‍ന്നു.