image

12 April 2023 4:32 AM GMT

Economy

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ വിശ്വാസം ആവര്‍ത്തിച്ച് ഐഎംഎഫ് ചീഫ്

MyFin Desk

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ വിശ്വാസം ആവര്‍ത്തിച്ച് ഐഎംഎഫ് ചീഫ്
X

Summary

  • വളര്‍ച്ചാനിഗമനത്തിലുണ്ടായത് ചരിത്രപരമായ തിരുത്തല്‍
  • അടുത്ത വര്‍ഷം 6.3 ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചെത്തും


ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ചെങ്കിലും ആഗോള സമ്പദ് വ്യവസ്ഥയിലെ തിളങ്ങുന്ന ഇടങ്ങളിലൊന്നായി ഇന്ത്യ തുടരുകയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ഡിവിഷന്‍ ചീഫ് ഡാനിയേല്‍ ലെയ്ഗ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്നും ചരിത്രപരമായ റിവിഷനാണ് വളര്‍ച്ചാ നിഗമനത്തില്‍ പ്രതിഫലിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. 2023-24 വര്‍ഷത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം ഐഎംഎഫ് കഴിഞ്ഞ ദിവസം 5.9 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരുന്നു. ജനുവരിയിലെ നിഗമനം അനുസരിച്ച് 6.1 ശതമാനം വളര്‍ച്ച ഇന്ത്യ നേടുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിച്ചിരുന്നത്.

'2020-2021ല്‍ ഞങ്ങള്‍ വിചാരിച്ചതിനേക്കാല്‍ വളരേ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിട്ടുള്ളത്. അതിനാല്‍ മുന്‍ നിഗമനത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച, ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യകതയുടെ ശക്തമായ തിരിച്ചുവരവ് ഇപ്പോഴത്തെ നിഗമനത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. കാരണം അതിലേറെയും സംഭവിച്ചുകഴിഞ്ഞു. അതിനാലാണ് ഈ വര്‍ഷത്തെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ചിട്ടുള്ളത്,' ഐഎംഎഫ് ചീഫ് വ്യക്തമാക്കി.

അടുത്ത സാമ്പത്തിക വര്‍ഷം വീണ്ടും 6.3 ശതമാനം വളര്‍ച്ചയിലേക്ക് ഇന്ത്യ എത്തുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് 2023-24ല്‍ 4.9 ശതമാനത്തിലേക്ക് പരിമിതപ്പെടുമെന്നാണ് നിഗമനം. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് വീണ്ടും 4.4 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നും ഐഎംഎഫ് കണക്കുകൂട്ടുന്നു.

റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിട്ടുള്ള വളര്‍ച്ചാ നിഗമനത്തെ അപേക്ഷിച്ച് 0.5 ശതമാനം കുറഞ്ഞ നിരക്കാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിട്ടുള്ളത്. കേന്ദ്രബാങ്ക് ഏപ്രില്‍ 1ന് പുറത്തുവിട്ട നിഗമനം അനുസരിച്ച് 6.4 ശതമാനം വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്.