image

19 Dec 2023 5:26 AM GMT

Economy

ജിഡിപി വളര്‍ച്ചാ നിഗമനം ഉയര്‍ത്തി ഐസിആര്‍എ

MyFin Desk

icra raises gdp growth conclusion
X

Summary

  • പുതുക്കിയ നിഗമനവും ആര്‍ബിഐ നിഗമനത്തേക്കാള്‍ കുറവ്
  • ഡിസംബറിലെ ആദ്യകാല ട്രെൻഡുകൾ സമ്മിശ്രമാണെന്ന് നിരീക്ഷണം
  • ചരക്ക് വിലയിലെ പണപ്പെരുപ്പം നിലനിൽക്കുമെന്ന് വിലയിരുത്തല്‍


നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച സംബന്ധിച്ച പ്രവചനം ഉയര്‍ത്തി ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഐസിആര്‍എ. 6.2 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് നിഗമനം പരിഷ്കരിച്ചിട്ടുള്ളത്. എന്നിരുന്നാലും, പുതുക്കിയ പ്രവചനം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) വളര്‍ച്ചാ നിഗമനമായ 7 ശതമാനത്തേക്കാള്‍ വളരെ കുറവാണ്.

ഈ മാസം ആദ്യം, ആർബിഐ തങ്ങളുടെ ജിഡിപി എസ്റ്റിമേറ്റ് 6.5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തിയിരുന്നു. ചരക്ക് വിലയിലെ പണപ്പെരുപ്പം നിലനിൽക്കുമെന്ന് ഐസിആര്‍എ കരുതുന്നുണ്ട്. ഒക്ടോബർ-ഡിസംബർ കാലയളവിൽ മുൻ നിഗമനങ്ങളേക്കാള്‍ മികച്ച വളർച്ചയാണ് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നത്.

ഐസിആർഎ ബിസിനസ് ആക്‌റ്റിവിറ്റി മോണിറ്റർ പ്രകാരം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ കാര്‍ഷികേതര സൂചകങ്ങളില്‍ കാര്യമായ വോളിയം വളർച്ച പ്രകടമാകുന്നു. രണ്ടാം പാദത്തിലെ 9.5 ശതമാനത്തില്‍ നിന്ന് മൂന്നാം പാദത്തില്‍ 11 ശതമാനത്തിലേക്ക് ഈ സൂചിക ഉയര്‍ന്നു. ഉത്സവകാല വളർച്ചയാണ് ഇതിന് പ്രധാന കാരണം.

ചൈനയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് ആശങ്കകൾ, അസംസ്‌കൃത എണ്ണ പോലുള്ള ചരക്കുകളുടെ മതിയായ വിതരണം, തടസങ്ങളില്ലാത്ത വിതരണ ശൃംഖല എന്നിവ കാരണം ആഗോള ചരക്ക് വിലകളില്‍ ഈ പാദത്തില്‍ കാര്യമായ മാറ്റം പ്രകടമായില്ലെന്ന് ഐസിആര്‍എ നിരീക്ഷിക്കുന്നു. ഒക്‌ടോബർ, നവംബർ മാസങ്ങളില്‍ ഉയർന്ന ബിസിനസ് പ്രവർത്തനങ്ങള്‍ കണ്ടു. വൈദ്യുതി ആവശ്യകതയിലെ വളർച്ച, പ്രതിദിന വാഹന രജിസ്‌ട്രേഷനിലെ വർധന എന്നിവയിലെ മിതത്വവും ഡീസൽ വിൽപ്പനയിലെ സങ്കോചവും ചൂണ്ടിക്കാണിച്ച് ഡിസംബറിലെ ആദ്യകാല ട്രെൻഡുകൾ സമ്മിശ്രമാണെന്നും റേറ്റിംഗ് ഏജന്‍സി പറയുന്നു