image

7 Feb 2024 2:36 PM GMT

Economy

എല്ലാ കണ്ണുകളും ഗവർണറിലേക്ക്; ആര്‍ബിഐ പലിശ നിരക്ക് തീരുമാനം നാളെ

MyFin Desk

rbi rate setting committee decision on thursday
X

Summary

  • തീരുമാനം ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യാഴാഴ്ച രാവിലെ പ്രഖ്യാപിക്കും
  • കഴിഞ്ഞ ഡിസംബറില്‍ പണപ്പെരുപ്പം 5.69 ശതമാനമായിരുന്നു
  • താല്‍ക്കാലികമായി നിരക്ക് ഉയർത്തില്ല എന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ


റീട്ടെയില്‍ പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ കംഫര്‍ട്ട് സോണിന്റെ ഉയര്‍ന്ന തലത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ നിരക്ക് നിര്‍ണയ സമിതിയുടെ ചര്‍ച്ചകള്‍ ഇന്നലെ ആരംഭിച്ചിട്ടുള്ളത്. ഹ്രസ്വകാല വായ്പാ നിരക്കുകളില്‍ തല്‍സ്ഥിതി തുടരുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ചര്‍ച്ചകള്‍.

ധനനയ സമിതിയുടെ (എംപിസി) തീരുമാനം ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യാഴാഴ്ച രാവിലെ പ്രഖ്യാപിക്കും.

ഏതാണ്ട് ഒരു വര്‍ഷമായി റിസര്‍വ് ബാങ്ക് ഹ്രസ്വകാല വായ്പാ നിരക്ക് അല്ലെങ്കില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്തി പോരുകയാണ് പ്രധാനമായും ആഗോള സംഭവവികാസങ്ങളാല്‍ നയിക്കപ്പെടുന്ന പണപ്പെരുപ്പം തടയുന്നതിനായി 2023 ഫെബ്രുവരിയിലാണ് ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയത്..

കഴിഞ്ഞ ജൂലൈയില്‍ 7.44 ശതമാനം എന്ന ഉയര്‍ന്ന നിലയില്‍എത്തിയശേഷം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ പണപ്പെരുപ്പം 5.69 ശതമാനമായിരുന്നു. റിസര്‍വ് ബാങ്കിന്റെ കംഫര്‍ട്ട് സോണ്‍ 4-6 ശതമാനം വരെയാണ്.

വരാനിരിക്കുന്ന പോളിസിയിലും ആര്‍ബിഐ താല്‍ക്കാലികമായി നിരക്ക് ഉയര്‍ത്താതിരക്കാം എന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2023-24ല്‍ 5.4 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം (2024-25) 4.6 ശതമാനം മുതല്‍ 4.8 ശതമാനവും വരെ ഉപഭോക്തൃ വില സൂചിക എത്തുമെന്ന് എസ്ബിഐ അറിയിച്ചു.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഇരുവശത്തും 2 ശതമാനം മാര്‍ജിനോടെ 4 ശതമാനത്തില്‍ തുടരുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സെന്‍ട്രല്‍ ബാങ്കിനെ ചുമതലപ്പെടുത്തി.

നിലവിലെ പലിശ നിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ മേധാവികളും പറയുന്നു.

മൊത്തത്തില്‍, ഉടനടി പലിശ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകില്ലെങ്കിലും, സമീപഭാവിയില്‍ ഒരു പിന്തുണാ ധനനയ നിലപാടിന്റെ സാധ്യത പ്രതീക്ഷ പകരുന്നതായി ആന്‍ഡ്രോമിഡ ലോണ്‍സിന്റെ കോ-സിഇഒ റൗള്‍ കപൂര്‍ പറഞ്ഞു.

വളര്‍ച്ചയുടെ ലക്ഷ്യം കണക്കിലെടുത്ത് പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതിന് പോളിസി റിപ്പോ നിരക്ക് തീരുമാനിക്കാനുള്ള ഉത്തരവാദിത്തമാണ് എംപിസിയെ ഏല്‍പ്പിച്ചിരിക്കുന്നത്. എംപിസിയില്‍ മൂന്ന് ബാഹ്യ അംഗങ്ങളും ആര്‍ബിഐയുടെ മൂന്ന് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.