image

2 Aug 2023 3:29 PM IST

Economy

വെള്ളക്കോളര്‍ ജോലികളിലെ നിയമനങ്ങളില്‍ 19% ഇടിവ്

Sandeep P S

19% decline in hiring in white-collar jobs
X

Summary

  • ഐടി നിയമനങ്ങളിലാണ് വലിയ ഇടിവ്
  • ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പോസിറ്റിവ് ട്രെന്‍ഡ്
  • ജൂണിനെ അപേക്ഷിച്ച് നിയമനങ്ങളില്‍ 8% ഇടിവ്


ജൂലൈയില്‍ രാജ്യത്തെ വൈറ്റ് കോളർ ജോലികളിലെ നിയമനങ്ങളില്‍ പ്രകടമായത് 19 ശതമാനം ഇടിവ്. നൗക്രി ജോബ്‌സ്‌പീക്ക് സൂചിക അനുസരിച്ച്, ജൂലൈയിൽ വൈറ്റ് കോളർ ജോലികളിലെ നിയമനത്തിനായുള്ള പോസ്റ്റിംഗുകൾ 2,573 ആയി, ഇത് മുൻ മാസത്തെ അപേക്ഷിച്ച് 8 ശതമാനം കുറവും, 2022 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ 19 ശതമാനം കുറവുമാണ്. എഫ്എംസിജി, റീട്ടെയിൽ, ഇൻഷുറൻസ്, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ പല മേഖലകളിലും ജാഗ്രതയോടെയുള്ള റിക്രൂട്ട്‌മെന്റ് സാഹചര്യങ്ങളാണ് ജൂലൈയില്‍ പ്രകടമായതെന്ന് സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ തൊഴിൽ വിപണിയുടെ അവസ്ഥയെ പ്രതിനിധീകരിക്കുന്ന പ്രതിമാസ സൂചികയാണ് നൗക്രി ജോബ്‌സ്‌പീക്ക്. Naukri.com-ല്‍ റിക്രൂട്ടർമാർ നടത്തുന്ന പുതിയ ജോലി ലിസ്റ്റിംഗുകളും ജോലിയുമായി ബന്ധപ്പെട്ട തിരയലുകളും അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഐടി നിയമനങ്ങളിലാണ് വലിയ ഇടിവ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് ഈ മേഖലയിലെ തൊഴിലവസരങ്ങളിൽ 46 ശതമാനം ഇടിവുണ്ടായി. എഫ്എംസിജി, റീട്ടെയിൽ, ബിപിഒ, ഇൻഷുറൻസ്, വിദ്യാഭ്യാസ മേഖലകളിലെ നിയമനങ്ങളില്‍ 16-23 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അതേസമയം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള എണ്ണ, വാതകം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകൾ ശക്തമായ നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ പ്രതിരോധശേഷിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. "ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ആഭ്യന്തര മേഖലകളിലുടനീളം പ്രകടമാകുന്ന പോസിറ്റിവ് ട്രെന്‍ഡും, എഐയുമായി ബന്ധപ്പെട്ട റോളുകളിലെ സ്ഥിരതയാർന്ന നിയമനങ്ങളും ഇന്ത്യൻ തൊഴിൽ വിപണിയുടെ പരുവപ്പെടവും വൈവിധ്യവൽക്കരണവും കാണിക്കുന്നു," Naukri.com ചീഫ് ബിസിനസ് ഓഫീസർ പവൻ ഗോയൽ പറഞ്ഞു.

നഗരങ്ങളുടെ കാര്യത്തിൽ, ജയ്‌പൂരും വഡോദരയും നിയമന സൂചികകളിൽ സ്ഥിരമായ ഉയർച്ച കാണിക്കുന്നു. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് ഈ നഗരങ്ങളിലെ നിയമന പ്രവണതകളിൽ യഥാക്രമം 4 ശതമാനവും 2 ശതമാനവും വർധന ഇക്കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായി. എണ്ണ, വാതകം, ഫാർമ, ഓട്ടോ മേഖലകളിലാണ് ഇവിടങ്ങളിലെ നിയമന പ്രവര്‍ത്തനങ്ങളെ നയിച്ചത്.