16 Jan 2025 4:25 AM GMT
Summary
- ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഷോര്‍ട്ട് സെല്ലിംഗിന് പേരുകേട്ട സ്ഥാപനം
- പ്രോജക്റ്റുകള്‍ പൂര്‍ത്തിയായെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും ആന്‍ഡേഴ്‌സണ്‍
- അദാനി കമ്പനികള്‍ക്കെതിരായ വെളിപ്പെടുത്തലിലൂടെ സ്ഥാപനം ആഗോള ശ്രദ്ധ നേടി
അദാനി ഗ്രൂപ്പിനെതിരെ വന്‍ വെളിപ്പെടുത്തല്‍ നടത്തിയ യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനായ നേറ്റ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രോജക്റ്റുകള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദാനി കമ്പനികള്‍ക്കെതിരായ വെളിപ്പെടുത്തലിലൂടെ ഷോര്‍ട്ട് സെല്ലിംഗിന് പേരുകേട്ട സ്ഥാപനം വിപണിയില്‍ കുപ്രസിദ്ധി നേടിയിരുന്നു.റിപ്പോര്‍ട്ടുകളുടെ ഫലമായി കോടിക്കണക്കിന് രൂപയുടെ നഷ്ടം അദാനി ഗ്രൂപ്പ് നേരിടുകയും ചെയ്തു. ഓഹരിമൂല്യത്തില്‍ കൃത്രിമത്വം കാണിച്ചു എന്ന റിപ്പോര്‍ട്ട് അദാനിക്ക് കനത്ത തിരിച്ചടി നല്‍കി. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ വലിയൊരു ഭാഗം ഇല്ലാതായി. എന്നിരുന്നാലും, ഓഹരി വിപണിയിലെ മിക്ക നഷ്ടങ്ങളും പിന്നീട് ഗ്രൂപ്പ് തിരിച്ചുപിടിച്ചു.
2017 ആരംഭിച്ച സ്ഥാപനം വിവാദമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ ഇടം നേടിയതാണ്.പല കമ്പനികളുടെയും വ്യാജ അവകാശവാദങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് തുറന്നു കാട്ടുകയും ചെയ്തു. അതേസമയം അദാനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ സ്ഥാപനത്തിന്റെ റീച്ച് കൂട്ടി.
ആഗോളതലത്തില്‍ നിരവധി രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന് പദ്ധതികളുണ്ട്. പലരും അത് അവസാനിപ്പിക്കുകയോ അതില്‍ നിന്ന് പിന്‍മാറുകയോ ചെയ്തു. ചിലത് അധികൃതര്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ വരെ അദാനിക്കെതിരെ തിരിഞ്ഞത് വാര്‍ത്തയായിരുന്നു.
പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് തന്റെ പ്രസ്താവനയില്‍, ആന്‍ഡേഴ്‌സണ്‍ വിശദീകരിച്ചു. പോന്‍സി സ്‌കീമുകളുമായി ബന്ധപ്പെട്ട അന്തിമ പ്രോജക്ടുകള്‍ സ്ഥാപനം അടുത്തിടെ അവസാനിപ്പിച്ചത് ശ്രദ്ധേയമാണ്, ഇത് അതിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അവസാനം അടയാളപ്പെടുത്തി.
ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ ഭാഗമായ ഒരു റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം അദാനിയും അദ്ദേഹത്തിന്റെ കമ്പനികളും ഉള്‍പ്പെട്ട അന്വേഷണങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആശയവിനിമയങ്ങളും സംരക്ഷിക്കാന്‍ നീതിന്യായ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ആന്‍ഡേഴ്‌സന്റെ പ്രഖ്യാപനം.