19 March 2025 7:05 PM IST
Summary
- നികുതിയില്‍ നിന്നും ഒഴിവാക്കുന്ന ഉത്പന്നങ്ങളുടെ എണ്ണം ഉയര്‍ന്നു
- നികുതിയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഉത്പന്നങ്ങളുടെ കാര്യത്തില്‍ പുനരാലോചന വേണം
- നികുതി-ജി ഡി പി അനുപാതത്തില്‍ വര്‍ധനയുണ്ടാക്കുക എന്നത് അനിവാര്യമെന്നും നിര്‍ദ്ദേശം
നികുതി നിരക്കുകളുടെ ബാഹുല്യം ഇന്ത്യയില്‍ ജി എസ് ടി സമ്പ്രദായത്തില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി പതിനാലാം ധനകാര്യ കമ്മീഷന്‍ അംഗമായിരുന്ന പ്രൊഫസര്‍ എം.ഗോവിന്ദറാവു അഭിപ്രായപ്പെട്ടു. ജി എസ് ടിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന നിയമങ്ങള്‍ ഉള്‍പ്പടെ മുപ്പതില്‍പരം നിയമങ്ങള്‍ നിലനില്‍ക്കുന്നതും ജി എസ് ടിയുടെ നടത്തിപ്പ് അതീവ സങ്കീര്‍ണ്ണമാക്കുകയാണ്. ഈ സാഹചര്യത്തില്‍ നികുതി നിരക്കുകളുടെ എണ്ണം നാലില്‍ നിന്ന് രണ്ടാക്കി കുറയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുലാത്തി ഇന്‍സിറ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനും ( ഗിഫ്റ്റ് ) മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കോണമിക്സും ( എം എസ് ഇ ) സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന ഉത്പന്നങ്ങളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്തൃ ഉത്പന്ന സൂചികയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഉത്പന്നങ്ങളില്‍ പകുതിയും നിലവില്‍ ജി എസ് ടി വലയ്ക്ക് പുറത്താണ്. അതുകൊണ്ട് ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് 10 .5 ശതമാനം നികുതി നിരക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നികുതി നിരക്കുകളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം ജി എസ് ടീയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഉത്പന്നങ്ങളുടെ കാര്യത്തില്‍ പുനരാലോചന ഉണ്ടകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നികുതി - ജി ഡി പി അനുപാതം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ഐ ഐ എം കോഴിക്കോടിലെ പ്രൊഫസര്‍ സ്ഥാണു ആര്‍ നായര്‍ പറഞ്ഞു. ഒ ഇ സി ഡി രാജ്യങ്ങളുടെ കാര്യത്തില്‍ ഇത് 34 ശതമാനമായിരിക്കെ ഇന്ത്യയില്‍ കേവലം 15 .72 ശതമാനം മാത്രമാണ് .
സര്‍ക്കാരുകളുടെ റവന്യു വരുമാനം കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. നികുതി - ജി ഡി പി അനുപാതത്തില്‍ വര്‍ധനയുണ്ടാക്കുക എന്നത് അനിവാര്യമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
നികുതി ഘടന ലളിതമാക്കുന്നതിനൊപ്പം ജി എസ് ടി നിരക്കുകള്‍ രണ്ടോ , മൂന്നോ ആക്കി പരിമിതപ്പെടുത്തണമെന്ന് എന്‍ ഐ പി എഫ് പിയിലെ പ്രൊഫസര്‍ സച്ചിദാനന്ദ മുഖര്‍ജി പറഞ്ഞു.
നികുതി അടിത്തറ ശക്തമാക്കുക , നികുതി പിരിക്കുന്നതിനും ഐ ജി എസ് ടി പങ്ക് വയ്ക്കലിനും ശക്തവും കുറ്റമറ്റതുമായ സാങ്കേതിക സൗകര്യ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
ബ്രസീലിലെ ഫെഡറല്‍ അറ്റോര്‍ണി മരിയ സിമോണ്‍, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ. ജി നരേന്ദ്രനാഥ് എന്നിവരും സെഷനില്‍ സംസാരിച്ചു.
'സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യ മേഖല നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടന്ന സെഷനില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അംഗം പ്രഫസര്‍ അശോക് ലാഹിരി അധ്യക്ഷനായിരുന്നു.