1 Aug 2023 3:57 PM GMT
Summary
- തുടര്‍ച്ചയായ ആറാം മാസവും കളക്ഷന്‍ 1.60 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന
- ഉത്സവ സീസണില്‍ ഇനിയും കളക്ഷന്‍ ഉയരുമെന്ന് പ്രതീക്ഷ
- ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം 15% ഉയര്‍ന്നു
ജൂലൈയില്‍ രാജ്യത്തിന്‍റെ ചരക്ക് സേവന നികുതി (ജിഎസ്‍ടി) സമാഹരണം 11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.65 ലക്ഷം കോടി രൂപയില്‍ എത്തി. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ജിഎസ്‍ടി കളക്ഷന്‍ 1.60 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) മുന്‍വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 15% കൂടുതലാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മൊത്തം ശേഖരണത്തിൽ, കേന്ദ്ര ജിഎസ്‍ടി (സിജിഎസ്‍ടി) 29,773 കോടി രൂപയും സംസ്ഥാന ജിഎസ്‍ടി (എസ്‍ജിഎസ്‍ടി) 37,623 കോടി രൂപയും സംയോജിത ജിഎസ്‍ടി (ഐജിഎസ്‍ടി) 85,930 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 840 കോടി ഉൾപ്പെടെ 11,779 കോടി രൂപയാണ് ഈ മാസത്തെ സെസ് പിരിവ്. ഐജിഎസ്‍ടി-യിൽ നിന്ന് 39,785 കോടി രൂപ സിജിഎസ്‍ടി-യിലേക്കും 33,188 കോടി രൂപ എസ്‍ജിഎസ്‍ടി-യിലേക്കും വീതിച്ചുനല്‍കപ്പെടും.
റെഗുലർ സെറ്റിൽമെന്റിന് ശേഷം 2023 ജൂലൈ മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്‍ടി-ക്ക് 69,558 കോടി രൂപയും എസ്‍ജിഎസ്‍ടി- 70,811 കോടി രൂപയുമാണ്.
ഉത്സവ സീസണുകൾ ആരംഭിക്കുന്നതോടെ, അടുത്ത രണ്ട്-മൂന്ന് മാസങ്ങളിൽ വീടുകൾ, കാറുകൾ, അവധിക്കാല യാത്രകള്‍, മറ്റ് ഉപഭോക്തൃ വസ്തുക്കൾ എന്നിവയ്‌ക്കായുള്ള ചെലവിടല്‍ ഉയരുമെന്നും ഇത് കൂടുതല്‍ ശക്തമായ ജിഎസ്‍ടി സമാഹരണത്തിലേക്ക് നയിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നികുതി വെട്ടിപ്പ് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്ന തരത്തില്‍ ജിഎസ്‍ടിഎന്‍ ശക്തമാക്കിയിട്ടുണ്ടെന്നും നികുതി മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.