30 Dec 2022 6:18 AM GMT
എഴുതി തള്ളിയും കടം കുറച്ചു, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഏഴ് വര്‍ഷത്തെ താഴ്ചയില്‍
MyFin Desk
മുംബൈ: രാജ്യത്തെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 5 ശതമാനമായി കുറഞ്ഞുവെന്ന് ആര്‍ബിഐ. ഇത് കഴിഞ്ഞ ഏഴ് വര്‍ഷത്തെ താഴ്ചയിലാണ്. സുസ്ഥിരമായ മുന്നേറ്റമാണ് ബാങ്കിങ് സംവിധാനത്തിലുണ്ടായിട്ടുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കി. ബാങ്കുകളുടെ ലാഭക്ഷമതയിലുണ്ടായ പുരോഗതി മൊത്ത നിഷ്‌ക്രിയ ആസ്തി 2022 സെപ്റ്റംബറില്‍ 1.3 ശതമാനമായി കുറയുന്നതിന് സഹായിച്ചു. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും ആര്‍ബിഐ പുറത്തു വിട്ട ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
അറ്റ നിഷ്‌ക്രിയ ആസ്തി 2012 മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്ത നിലയിലേക്കെത്തിയിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ സ്വകാര്യ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി 0.8 ശതമാനം കുറഞ്ഞു. പൊതു മേഖല ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി 1.8 ശതമാനമാണ് കുറഞ്ഞത്.
ബാങ്കുകളുടെ പ്രൊവിഷന്‍ കവറേജ് റേഷ്യോ (കിട്ട കടം മൂലമുള്ള നഷ്ടങ്ങള്‍ക്കു നീക്കി വക്കുന്ന ഫണ്ടിന്റെ അനുപാതം) സെപ്റ്റംബറില്‍ 71 .5 ശതമാനമായി. 2021 മാര്‍ച്ച് മുതല്‍ സ്ഥിരമായ വര്‍ധനയാണ് ഇതിലുണ്ടായിട്ടുള്ളത്. എങ്കിലും, അറ്റ നിഷ്‌ക്രിയ ആസ്തിയുടെ എഴുതി തള്ളല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാക്കുമ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടു വര്‍ഷത്തെ ഇടിവിനു ശേഷമാണ് ഈ വര്‍ധന.
2023 സെപ്റ്റംബറില്‍ നിഷ്‌ക്രിയ ആസ്തി 4.9 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. സ്ലിപ്പേജ് റേഷ്യോയിലെ കുറവും, വായ്പ വളര്‍ച്ചയിലെ പുരോഗതിയും, എഴുതി തള്ളലിലെ വര്‍ധനവുമാണ് ഇതിനു കാരണമായത്. കിട്ടാക്കടം ആറു വര്‍ഷത്തെ താഴ്ചയില്‍ നിന്ന് 2023 ഓടെ മൊത്തം വായ്പകകളുടെ 5.3 ശതമാനമായി കുറയുമെന്ന് ആര്‍ബി ഐ നേരത്തെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതി തള്ളിയത് 9.54 ലക്ഷം കോടി രൂപയാണ്. ഇതില്‍ ഏഴ് ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളാണ് എഴുതി തള്ളിയത്. ഇക്കാലയളവില്‍ പണം തിരിച്ച് പിടിക്കല്‍ നടപടികളിലൂടെ 4.41 ലക്ഷം കോടി രൂപയും ഈടാക്കിയിട്ടുണ്ട്.