image

21 Feb 2025 7:18 AM GMT

Economy

പാതിവില, അമിതലാഭം: മുഴുവന്‍ നഷ്ടം

T C Mathew

half price, over-profit, total loss
X

Summary

  • അത്യാര്‍ത്തി കൊണ്ടുവരുന്ന വിപത്തുകള്‍
  • പക്ഷേ നിര്‍ണായക സന്ദര്‍ഭത്തില്‍ അതു മറക്കുന്നു


പകുതി വില. അത്രയും മതി. ആയിരക്കണക്കിന് ആള്‍ക്കാര്‍ ഓടിയെത്തി. വിശ്വസിക്കാത്തവരെ വിശ്വസിപ്പിക്കാന്‍ ഒരു കാരണവും. വലിയ കമ്പനികളുടെ ലാഭത്തില്‍ അഞ്ചു ശതമാനം സിഎസ്ആര്‍ (CSR - Corporate Social Responsibility) കാര്യങ്ങള്‍ക്കായി ചെലവഴിക്കണം എന്നുണ്ട്. ആ പണം ഉപയോഗിച്ചാണ് ഇരുചക്രവാഹനങ്ങള്‍ പകുതി വിലയ്ക്കു നല്‍കുന്നത്. ബാക്കി പകുതി അടയ്ക്കുക. ദിവസങ്ങള്‍ക്കകം വാഹനം കിട്ടും. ഇതിനായി ബന്ധപ്പെടുന്നതു സന്നദ്ധസംഘടനകള്‍. പരിപാടിയുടെ ഉദ്ഘാടകര്‍ ജനപ്രതിനിധികള്‍. എല്ലാവരും വിശ്വസിക്കുന്നു.

സൂത്രധാരന്‍ പുറത്തും നടത്തിപ്പുകാരന്‍ അകത്തും ആയ പാതിവില തട്ടിപ്പിന്റെ ഉള്ളടക്കം ഇതാണ്. ആയിരക്കണക്കിനാള്‍ക്കാര്‍ തട്ടിപ്പിനിരയായി. 1500 കോടിയിലധികം രൂപ ജനങ്ങളില്‍ നിന്നു പിരിച്ച സംഘാടകരില്‍ പ്രധാനി എന്നു കരുതപ്പെടുന്ന ആനന്ദ് കുമാര്‍ മുങ്ങി. അനന്തു കൃഷ്ണന്‍ അറസ്റ്റിലായി.

ആദ്യത്തേതല്ല, അവസാനത്തേതും അല്ല

ഇതു കേരളത്തില്‍ നടക്കുന്ന ആദ്യത്തെ തട്ടിപ്പുപരമ്പര അല്ല. അവസാനത്തേതും അല്ല. ഓരോ തട്ടിപ്പും പുറത്തുവരുമ്പോള്‍ അധികൃതര്‍ പറയും ഇനി ഇത്തരം തട്ടിപ്പു നടത്താത്ത വിധം നിയമം കര്‍ശനമാക്കും എന്ന്. എങ്കിലും തട്ടിപ്പുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ. ധനകാര്യ തട്ടിപ്പുകള്‍ പല രൂപത്തിലും ഭാവത്തിലും വരും. കാലത്തിനനുസരിച്ച് നൂതന സാങ്കേതികവിദ്യയും നവീന പ്രമേയങ്ങളും അവതരിപ്പിക്കും എന്നു മാത്രം.

ഏതു രീതിയിലും ആകര്‍ഷകമായ വാഗ്ദാനം, താരതമ്യേന കുറവ് എന്നു തോന്നാവുന്ന പ്രാരംഭ നിക്ഷേപം. മിക്ക തട്ടിപ്പു പരിപാടികളും ആള്‍ക്കാരെ ആകര്‍ഷിക്കുന്നത് ഇങ്ങനെയുള്ള ഓഫറുമായാണ്. കിട്ടാനുള്ളതു വളരെ വലുതും കൊടുക്കേണ്ടത് താരതമ്യേന കുറവും ആകുമ്പോള്‍ ആരാണ് അതില്‍ കൂടാത്തത്?

കുറച്ചു മുടക്കി കൂടുതല്‍ നേടാന്‍

അതാണ് ചതിയന്മാരുടെ ആദ്യത്തെ ആയുധം അഥവാ പ്രലോഭനം. കുറച്ചു മുടക്കി കൂടുതല്‍ കിട്ടുന്നതിന് മാേഹിക്കുന്നവരെയാണ് ചൂതാട്ടക്കാരും മുച്ചീട്ടുകളിക്കാരും കള്ളനോട്ടുകാരും ലോട്ടറിക്കാരും മുതല്‍ നിക്ഷേപ തട്ടിപ്പുകാര്‍ വരെ ലക്ഷ്യം വയ്ക്കുന്നത്. അതിനു കാലദേശ വ്യത്യാസമില്ല. പതിനേഴാം നൂറ്റാണ്ടിലെ ഹോളണ്ടില്‍ ടുലിപ് പൂച്ചെടിയുടെ ഒരു കിഴങ്ങിന് ആംസ്റ്റര്‍ഡാമിലെ രാജകൊട്ടാരത്തേക്കാള്‍ വില വന്ന ടുലിപ് മാനിയ മുതല്‍ എല്ലാ ധനകാര്യ തട്ടിപ്പുകളും മനുഷ്യന്റെ ആര്‍ത്തിയെ കണ്ടു കൊണ്ടാണു രൂപം കൊണ്ടതും വളര്‍ന്നതും

ആര്‍ത്തി തെറ്റാണ്. ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ നിര്‍ണായക സന്ദര്‍ഭത്തില്‍ അതു മറക്കും

താന്‍ എടുത്തിട്ടില്ലാത്ത ലോട്ടറിയില്‍ അഞ്ചുലക്ഷം ഡോളര്‍ അടിച്ചെന്ന് മൊബൈല്‍ സന്ദേശം കണ്ടാല്‍ അവരുടെ പിന്നാലെ പോകാതിരിക്കാന്‍ പലര്‍ക്കും വയ്യ. അങ്ങനെ പോയി നൈജീരിയന്‍ കൊള്ളസംഘത്തിന്റെ പിടിയില്‍ പെട്ട മലയാളി സന്യാസവൈദികന്റെ കഥ അധികം പഴയതല്ല.

''മൈക്രോസോഫ്റ്റി''ന്റെ സമ്മാനപദ്ധതിയുടെ ഭാഗമായി ലഭിച്ച ലക്ഷക്കണക്കിനു ഡോളറുകള്‍ സ്വന്തമാക്കാന്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അയച്ചു കൊടുക്കുന്നവര്‍ കുറവല്ല. ലളിതമായ പദപ്രശ്‌നമോ മട്രിക്‌സോ പൂരിപ്പിച്ച് അയച്ച് ലക്ഷങ്ങള്‍ കിട്ടാം എന്ന ഓണ്‍ലൈന്‍ മെസേജിനു പിന്നാലെ പോകാതിരിക്കാന്‍ പലര്‍ക്കും വയ്യ.

ഓഹരിവിപണിയുടെ പേരില്‍

ഓഹരിവിപണിയുടെ പേരു പറഞ്ഞു പറ്റിക്കുന്നതും വ്യാപകമാണ്. പ്രശസ്തമായ ബ്രോക്കറേജുകളുടെ ശാഖകള്‍ ഏതു നാട്ടിന്‍ പുറത്തും ലഭ്യമായ കേരളത്തില്‍ അവരോടു നേരിട്ടോ ഓണ്‍ലൈന്‍ ആയോ ബന്ധപ്പെട്ടാല്‍ ചതിയില്‍ പെടാതെ കഴിയാം. പക്ഷേ അതിനു മുതിരാതെ, തന്നെ സമീപിച്ച ചതിയനെ അന്ധമായി വിശ്വസിച്ചു ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുത്തിയവരില്‍ റിട്ടയേഡ് ഹൈക്കോടതി ജഡ്ജിമാരും കോളജ് അധ്യാപകരും ഡോക്ടര്‍മാരും വൈദികരും ഉണ്ട്.

ഓഹരിവിപണി വലിയ നേട്ടം നല്‍കുന്ന സംവിധാനമാണ്. കഴിഞ്ഞ രണ്ടു ദശകം കൊണ്ട് പ്രതിവര്‍ഷം ശരാശരി 15.23 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ നിഫ്റ്റി 50 സൂചിക നല്‍കിയത്. രാജ്യത്തു ലഭ്യമായ മറ്റേതു നിക്ഷേപ പദ്ധതിയും നല്‍കുന്നതിന്റെ ഇരട്ടിയിലേറെ ആദായം.

പഠിക്കാന്‍ ശ്രമിക്കില്ല

ഇത്തരം ആദായം ലഭിക്കാന്‍ മികച്ച മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഉണ്ട്. അവയില്‍ ചേര്‍ന്നാല്‍ മതി. അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ സിപ് (Systematic Investment Plans) പദ്ധതികള്‍ ഉണ്ട്. നിശ്ചിത തുക വീതം ഗഡുക്കള്‍ അടച്ച് നിക്ഷേപം വളര്‍ത്താം. ഇവയെപ്പറ്റി ഏതു ബ്രോക്കറേജ് ഓഫീസിലും അന്വേഷിച്ചാല്‍ വിശദമായി അറിയാം. അല്ലെങ്കില്‍ സെബി (SEBI- Securities and Exchanges Board of India)യുടെയോ ബിഎസ്ഇ (BSE), എന്‍എസ്ഇ (NSE) എക്‌സ്‌ചേഞ്ചുകളുടെയോ വെബ്‌സൈറ്റുകളില്‍ കയറിയാല്‍ അറിയാനാകും. ചതിയില്‍ വീഴാന്‍ വിധിക്കപ്പെട്ടവര്‍ അതിനൊന്നും ശ്രമിക്കില്ല. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിനോടു സംശയം ചോദിക്കുകയുമില്ല. വലിയ ലാഭം കിട്ടാനുള്ള നിക്ഷേപ സംവിധാനം താന്‍ മാത്രം അറിയേണ്ട മഹാരഹസ്യമായി സൂക്ഷിക്കും. ഒടുവില്‍ മഹാ സാമ്പത്തികനഷ്ടവും മഹാമാനനഷ്ടവും വന്ന ശേഷം എല്ലാവരോടും പറയും.

ആര്‍ത്തിയാണു കാരണം. ആരോടും പറയാത്തതു മുഴുവനും തനിക്കു തന്നെ കിട്ടണം എന്ന മോഹം കൊണ്ട്

ആര്‍ത്തി എന്നും എപ്പോഴും തെറ്റാണെന്നു പറയുന്നില്ല. ആര്‍ത്തി ഉണ്ടായാല്‍ മാത്രമേ മനുഷ്യര്‍ സംരംഭകരായി മാറുകയുള്ളൂ. കൂടുതല്‍ പണമുണ്ടാക്കാനുള്ള ത്വരയും ആര്‍ത്തിയില്‍ നിന്നാണ് ഉണ്ടാകുന്നത്. പക്ഷേ അതിനര്‍ഥം യുക്തിയും സാമാന്യബോധവും കൈവിട്ടു നീങ്ങണം എന്നല്ല.

വിപണിയിലെ സാധാരണ ആദായത്തേക്കാള്‍ പലമടങ്ങ് ആദായം നല്‍കുന്ന ഓഫര്‍ വരുമ്പോള്‍ രണ്ടു വട്ടം ആലോചിക്കണം. ഇങ്ങനെയൊരു ആദായം കിട്ടാവുന്നതാണോ? അഥവാ ഒന്നോ രണ്ടോ തവണ കിട്ടിയാല്‍ തന്നെ എന്നും തുടരാനാവുന്നതാണോ? ഇതറിയാന്‍ ഈ രംഗത്തു പ്രവര്‍ത്തന പരിചയമുള്ള ആരെയെങ്കിലും ബന്ധപ്പെടാനുള്ള സാമാന്യബോധം ഉപയോഗിക്കണം.

വിശ്വാസ്യത പരിശോധിക്കണം

ചതികളില്‍ വീഴാതിരിക്കാനുള്ള ഒരു വഴി ബന്ധപ്പെടുന്നവര്‍ വിശ്വസ്തരാണോ എന്നു പരിശോധിക്കുന്നതാണ്. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കമ്പനിയുടെ പേര്, കമ്പനിയുടെ

ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയവ നല്‍കാനോ കാണിക്കാനോ ചെറിയ മടിയെങ്കിലും കാണിക്കുന്നവരെ ആദ്യമേ ഒഴിവാക്കാം. അവര്‍ തട്ടിപ്പുകാര്‍ തന്നെ. ആദ്യമായി ബന്ധപ്പെടുന്ന ഒരാളോടു സ്വന്തം ഐഡന്റിറ്റി കൃത്യമായി പറയാതെ ഇടപാടിനു ശ്രമിക്കുന്നവര്‍ വിശ്വസനീയരല്ല. വാചകമടിയോ വസ്ത്രധാരണത്തിലെ മികവോ ഉദാരമായ ചിരിയോ ഒന്നും കൃത്യമായ ഉത്തരത്തിനു പകരം നില്‍ക്കില്ല. ഇങ്ങോട്ടു ബന്ധപ്പെടുന്ന ആളോട് ഐഡന്റിറ്റി വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നതില്‍ അപാകതയോ അപമര്യാദയോ ഇല്ല.

രണ്ടാമത്തെ വഴി ഈ പറയുന്ന നിക്ഷേപസ്ഥാപനം ഉണ്ടോ, അവിടെ ഇങ്ങനെ സ്‌കീം ഉണ്ടോ എന്നൊക്കെ പരിശോധിക്കുന്നതാണ്. സ്ഥാപനത്തിന്റെ ഓഫീസോ ശാഖയോ അടുത്ത് ഉണ്ടോ എന്ന് അന്വേഷിക്കണം. എല്ലാം അകലെയാണെങ്കില്‍ അവരോടു ചേരുന്നതില്‍ അപകടം പ്രതീക്ഷിക്കണം. അടുത്ത് ഉണ്ടെങ്കില്‍ അവരുടെ അടുത്തു നേരിട്ടും പരിസര വാസികളോടും അന്വേഷിക്കണം. പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും രൂപ ഏല്‍പ്പിക്കും മുന്‍പ് ഏതാനുമായിരം രൂപ മുടക്കി ഒന്നോ രണ്ടോ ദിവസത്തെ യാത്ര നടത്തി കാര്യങ്ങള്‍ അന്വേഷിക്കേണ്ടതു നിക്ഷേപകരുടെ കടമയാണ്. നഷ്ടം വന്ന ശേഷം പോലീസ് ചെയ്യേണ്ടതല്ല അത്.

പിഎസിഎല്‍ നല്‍കുന്ന പാഠം

ഏതാനും വര്‍ഷം മുന്‍പ് പിഎസിഎല്‍ (പേള്‍ അഗ്രോ കോര്‍പറേഷന്‍ ലിമിറ്റഡ്) ഇന്ത്യ എന്ന കമ്പനി നാട്ടുകാരില്‍ നിന്നു പതിനായിരക്കണക്കിനു കോടി രൂപ സമാഹരിച്ചു. കൃഷിയിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചു വലിയ ലാഭം നിക്ഷേപകര്‍ക്കു നല്‍കും എന്നായിരുന്നു വാഗ്ദാനം. രണ്ടു ദശകത്തോളം പ്രവര്‍ത്തിച്ച ഇത് അഞ്ചരക്കോടി ആള്‍ക്കാരില്‍ നിന്ന് 60,000 കോടിയിലധികം രൂപ പിരിച്ചു. പുതിയ നിക്ഷേപകരുടെ പണം എടുത്ത് പഴയ നിക്ഷേപകര്‍ക്കു നല്‍കുന്ന ഒരു ക്ലാസിക് പിരമിഡ് (പോണ്‍സി) സ്‌കീം ആയിരുന്നു ഇത്. കോല്‍ക്കത്തയില്‍ രണ്ടു സമാന സ്‌കീമുകളില്‍ ജോലി ചെയ്തു നേടിയ പരിചയവുമായി നിര്‍മല്‍ സിംഗ് ഭംഗൂ എന്ന പഞ്ചാബിയാണ് ഇതു തുടങ്ങിയത്. 70 ലക്ഷം ഏജന്റുമാരെ നിയോഗിച്ച് പണം നേടിയ ഭംഗൂ 2024 ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ വച്ചു മരിച്ചു. 1996 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി പക്ഷേ അവകാശപ്പെട്ടിരുന്നത് 1983-ല്‍ തുടങ്ങി എന്നാണ്. രണ്ടു വര്‍ഷത്തിനകം നിക്ഷേപകരുടെ പരാതികള്‍ സെബിയിലും കമ്പനി കാര്യമന്ത്രാലയത്തിലും എത്തി. നാട്ടുകാരുടെ പക്കല്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിനുള്ള സെബി ചട്ടങ്ങള്‍ സ്‌കീം പാലിച്ചിട്ടില്ല എന്നു മനസിലായി. സെബി നിയമനടപടികള്‍ ആരംഭിച്ചു. പക്ഷേ 2003-ല്‍ രാജസ്ഥാന്‍ ഹൈക്കോടതി കമ്പനിക്ക് അനുകൂലമായി വിധിച്ചു. കമ്പനിയുടേത് കൂട്ടായ നിക്ഷേപ സ്‌കീം അല്ലെന്നായിരുന്നു വിധി. സെബി നിയമയുദ്ധം തുടര്‍ന്നു.

അതിനിടെ കമ്പനി ഒരു വാര്‍ത്താചാനല്‍ തുടങ്ങി, ഒരു ഐപിഎല്‍ ടീമിന്റെ സ്‌പോണ്‍സറായി. 2013-ല്‍ സുപ്രീം കോടതി കമ്പനിയുടേതു നിയമവിരുദ്ധ സ്‌കീമാണെന്നു വിധിച്ചു. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാനും നിര്‍ദേശിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിക്ഷേപത്തിന്റെ സിംഹഭാഗവും കുറേ കടലാസ് കമ്പനികള്‍ വഴി എങ്ങോട്ടോ കടത്തി എന്നു മനസിലായി. സെബി നിയോഗിച്ച ഒരു ജുഡീഷല്‍ സമിതി ആസ്തി ബാധ്യതകള്‍ പരിശോധിച്ച് തുക അല്‍പാല്‍പമായി നല്‍കി വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 1200 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് നല്‍കി. കണ്ടെത്തേണ്ട തുക ഇതിന്റെ 50 മടങ്ങു വരും.

പ്രധാനമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു പണം തട്ടിയ കമ്പനിക്ക് കേരളത്തിലും ഏജന്റുമാര്‍ ഉണ്ടായിരുന്നു. പക്ഷേ കേരളീയ നിക്ഷേപകരില്‍ വളരെ ചുരുക്കം പേര്‍ക്കേ ജുഡീഷല്‍ കമ്മിറ്റിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞുള്ളൂ. അത്രയും കുറച്ചു പേര്‍ക്കേ എന്തെങ്കിലും തിരിച്ചു കിട്ടാന്‍ പ്രതീക്ഷ വേണ്ടൂ.

അന്വേഷിച്ചില്ല, ചതിയില്‍ പെട്ടു

പിഎസിഎലും അതുപോലുള്ള സ്‌കീമുകളും ആടു, തേക്ക്, മാഞ്ചിയം പദ്ധതികളും 1980 കളിലെ ബ്ലേഡ് കമ്പനി നിക്ഷേപ സ്‌കീമുകളും ഒക്കെ നിലവിലുള്ള സമാന സ്‌കീമുകളുടെ ഇരട്ടിയോ അതിലേറെയോ ആദായം വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ ആദായം നല്‍കാവുന്ന ഏതു ബിസിനസാണ് ഉള്ളതെന്ന് അന്വേഷിക്കാന്‍ നിക്ഷേപകര്‍ മിനക്കെട്ടില്ല. അങ്ങനെയൊരു അന്വേഷണം തങ്ങള്‍ ചേരുന്നത് തുടര്‍ന്നു പോകാന്‍ പറ്റാത്ത ഒരു നിക്ഷേപ പദ്ധതിയിലാണ് എന്നു മനസിലാക്കാനും അതില്‍ നിന്നു വിട്ടുനില്‍ക്കാനും സഹായിച്ചേനെ. പക്ഷേ അതുണ്ടായില്ല. ഫലം ആയിരക്കണക്കിനു പേര്‍ക്ക് ജീവിത സമ്പാദ്യത്തില്‍ നല്ല പങ്ക് നഷ്ടമായി.

ഇപ്പോള്‍ ഈ തട്ടിപ്പുകാരില്‍ വലിയ പങ്ക് സൈബര്‍ മാധ്യമമാണ് ഉപയോഗിക്കുന്നത്. ഓഹരി വിപണിയില്‍ തങ്ങളുടെ ഡിജിറ്റല്‍ അല്‍ഗോരിതം ഉപയോഗിച്ചാല്‍ കിട്ടാവുന്ന വലിയ നേട്ടം പറഞ്ഞ് ഓണ്‍ലൈന്‍ ആയി ബന്ധപ്പെടുന്നവര്‍ താമസിയാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഴുവന്‍ കാലിയാക്കി എന്നു വരും. അവരുടെ ആപ് ഡൗണ്‍ലോഡ് ചെയ്ത് അതുവഴി വ്യാപാരം തുടങ്ങുമ്പോള്‍ ആദ്യം നല്ല നേട്ടം നിങ്ങള്‍ സ്‌ക്രീനില്‍ കണ്ടെന്നു വരും. പക്ഷേ ദിവസങ്ങള്‍ക്കകം അതും അതിനപ്പുറവും നിങ്ങള്‍ക്കു നഷ്ടമായിരിക്കും.

ഡിജിറ്റല്‍ അറസ്റ്റ് തുടങ്ങിയ ഇല്ലാക്കഥകള്‍ പറഞ്ഞ് ജനങ്ങളെ പറ്റിച്ചു പണവും മറ്റും തട്ടിച്ചെടുക്കുന്നവരുടെ കോലാഹലം ഇപ്പോള്‍ ഒട്ടൊന്നു കുറഞ്ഞിട്ടുണ്ട്. എങ്കിലും വേറേ രൂപഭാവങ്ങളില്‍ അവ വരും.