image

28 Jun 2024 3:56 AM GMT

Economy

കയറ്റുമതി ഉയര്‍ത്താനുള്ള നടപടികള്‍ തേടി സര്‍ക്കാര്‍

MyFin Desk

we need a special division to deal with trade barriers
X

Summary

  • താരിഫ് ഇതര തടസങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിശോധിക്കണമെന്നും ആവശ്യം
  • പലിശ തുല്യതാ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നീട്ടണമെന്നും ആവശ്യം


ആഗോള വിപണി വ്യാപനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യാവസായിക അസോസിയേഷനുകളുമായും കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകളുമായും കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ചയായി.

രാജ്യത്തിന്റെ കയറ്റുമതിയെ ആത്യന്തികമായി ദോഷകരമായി ബാധിക്കുന്ന വ്യാപാര പങ്കാളികള്‍ ചുമത്തുന്ന താരിഫ് ഇതര തടസ്സങ്ങളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു തന്ത്രം ഉറപ്പിക്കാന്‍ കയറ്റുമതിക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപാരേതര പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വ്യാപാര തടസ്സങ്ങള്‍ നേരിടാന്‍ വാണിജ്യ വകുപ്പില്‍ ഒരു പ്രത്യേക ഡിവിഷന്‍ രൂപീകരിക്കാന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

താരിഫ് ഇതര തടസ്സങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിശോധിക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വാണിജ്യ മന്ത്രിയായി ഗോയല്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ അവലോകന യോഗമാണിത്.

പലിശ തുല്യതാ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നീട്ടണമെന്നും കയറ്റുമതിക്കാര്‍ ആവശ്യപ്പെട്ടു. സ്‌കീമിന് ജൂണ്‍ 30 വരെ സാധുതയുണ്ട്. സ്‌കീമിന് കീഴില്‍, ബാങ്കുകള്‍ കയറ്റുമതിക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. തുടര്‍ന്ന് വായ്പ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റിപ്പോ നിരക്ക് 4.4 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി വര്‍ധിച്ചതിന്റെ ഫലമായി പലിശ നിരക്കുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍, സബ്വെന്‍ഷന്‍ നിരക്ക് 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തേണ്ടതുണ്ടെന്ന് കയറ്റുമതിക്കാര്‍ പറഞ്ഞു.വിദേശ ഷിപ്പിംഗ് കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ ഒരു ദേശീയ ഷിപ്പിംഗ് കമ്പനി കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കയറ്റുമതിക്കാര്‍ ആവശ്യപ്പെട്ടു.