16 Jan 2025 9:57 AM GMT
Summary
- സാമ്പത്തിക വിദഗ്ധരില്‍ ഭൂരിഭാഗവും ഈ വര്‍ഷം ദുര്‍ബലമായ ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ പ്രതീക്ഷിക്കുന്നു
- യുഎസ് സമ്പദ്വ്യവസ്ഥ 2025-ല്‍ ശക്തമായ വളര്‍ച്ച നേടും
- യൂറോപ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇരുണ്ടതെന്നും റിപ്പോര്‍ട്ട്
ലോകമെമ്പാടുമുള്ള മുഖ്യ സാമ്പത്തിക വിദഗ്ധരില്‍ ഭൂരിഭാഗവും ഈ വര്‍ഷം ദുര്‍ബലമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ വേഗത നഷ്ടപ്പെടുന്നതിന്റെ സൂചനകള്‍ക്കിടയിലും ഇന്ത്യ ശക്തമായ വളര്‍ച്ച നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും വേള്‍ഡ് സാമ്പത്തിക ഫോറം തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
56 ശതമാനം മുഖ്യ സാമ്പത്തിക വിദഗ്ധരും ഈവര്‍ഷം സ്ഥിതിഗതികള്‍ ദുര്‍ബലമാകുമെന്ന് പ്രതീക്ഷിക്കുന്നു. 17 ശതമാനം പേര്‍ മാത്രമേ പുരോഗതി പ്രതീക്ഷിക്കുന്നുള്ളൂ. ഇത് പ്രധാന മേഖലകളില്‍ ഉണ്ടാകാവുന്ന അനിശ്ചിതത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
യുഎസ് സമ്പദ്വ്യവസ്ഥ 2025-ല്‍ ശക്തമായ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.ദക്ഷിണേഷ്യ, പ്രത്യേകിച്ച് ഇന്ത്യ ശക്തമായ വളര്‍ച്ച നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്പിന്റെ കാഴ്ചപ്പാട് ഇരുണ്ടതായി തുടരുന്നു. പ്രതികരിച്ചവരില്‍ 74 ശതമാനം പേരും ഈ വര്‍ഷം ദുര്‍ബലമായതോ വളരെ ദുര്‍ബലമായതോ ആയ വളര്‍ച്ചയാണ് പ്രവചിച്ചത്.
ചൈനയുടെ വീക്ഷണവും ദുര്‍ബലമായി തുടരുന്നു. വരും വര്‍ഷങ്ങളില്‍ വളര്‍ച്ച മന്ദഗതിയില്‍ത്തന്നെ ആയിരിക്കും. ലോകമെമ്പാടുമുള്ള പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളുടെയും സര്‍വേകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ദക്ഷിണേഷ്യയില്‍ ഈ വര്‍ഷം ശക്തമായതോ വളരെ ശക്തമായതോ ആയ വളര്‍ച്ച 61 ശതമാനം മുഖ്യ സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നു.