11 Jan 2023 7:19 AM GMT
Summary
അടുത്ത വര്‍ഷം അവസാനത്തോടെ വളര്‍ന്നുവരുന്ന വിപണികളിലെയും വികസ്വര സമ്പദ് വ്യവസ്ഥകളിലെയും ജിഡിപി കോവിഡ് വ്യാപന സമയത്ത് പ്രതീക്ഷിച്ചിരുന്ന ആറ് ശതമാനത്തേക്കാള്‍ കുറവായിരിക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് വ്യക്തമാക്കി.
വാഷിംഗ്ടണ്‍: 2023 ല്‍ നിരവധി രാജ്യങ്ങളുടെയും, പ്രദേശങ്ങളുടെയും വളര്‍ച്ച അനുമാനം വെട്ടിക്കുറച്ച് ലോക ബാങ്ക്. ഇനി ഉയര്‍ന്ന് വരാനിടയുള്ള പ്രതികൂല ഘടകങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു. ആഗോള മൊത്ത ഉത്പാദനം ഈ വര്‍ഷം 1.7 ശതമാനമായി വര്‍ധിച്ചേക്കും. ഇത് കഴിഞ്ഞ വര്‍ഷം ജൂണിലെ ലോക ബാങ്കിന്റെ അനുമാനത്തിന്റെ പകുതിയോളം വരുമെന്നും വ്യക്തമാക്കി.
ഇത് കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയിലെ മൂന്നാമത്തെ ഏറ്റവും മോശം പ്രകടനമാണ്. അഥവാ 2009 ലെയും 2020 ലെയും സങ്കോചങ്ങള്‍ക്കു ശേഷമുള്ള മോശം അവസ്ഥയാണിതെന്നും ലോകബാങ്ക് ഇറക്കിയ പ്രസ്താവനയിലുണ്ട്. 2024 ലെയും വളര്‍ച്ച അനുമാനം ലോക ബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. മാറ്റമില്ലാതെ തുടരുന്ന പണപ്പെരുപ്പവും, ഉയര്‍ന്ന പലിശ നിരക്കുമാണ് ഇതിനുള്ള പ്രധാന കാരണം. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും, നിക്ഷേപത്തിലെ ഇടിവും കാരണങ്ങളാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
അടുത്ത വര്‍ഷം അവസാനത്തോടെ വളര്‍ന്നുവരുന്ന വിപണികളിലെയും വികസ്വര സമ്പദ് വ്യവസ്ഥകളിലെയും ജിഡിപി കോവിഡ് വ്യാപന സമയത്ത് പ്രതീക്ഷിച്ചിരുന്ന ആറ് ശതമാനത്തേക്കാള്‍ കുറവായിരിക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് വ്യക്തമാക്കി. യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ പ്രകടമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം ദരിദ്ര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും ഈ രാജ്യങ്ങളിലെ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണെന്ന് ലോകബാങ്ക് വ്യക്തമാക്കി.
പണപ്പെരുപ്പത്തില്‍ മിതത്വം വരുന്നതിനനുസരിച്ച് സമ്മര്‍ദങ്ങള്‍ കൂടുതല്‍ സ്ഥിരമാകുന്നതിന്റെ സൂചനകളുണ്ട്, അതുകൊണ്ടാണ് കേന്ദ്ര ബാങ്കുകള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാളും വേഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരുന്നത്. മന്ദഗതിയിലുള്ള വളര്‍ച്ച, കര്‍ശന സാമ്പത്തിക സാഹചര്യങ്ങള്‍, കടബാധ്യത എന്നിവയുടെ സംയോജനം നിക്ഷേപത്തെ ദുര്‍ബലപ്പെടുത്തുകയും കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യുന്നുണ്ടെന്നും. 'ആഗോള മാന്ദ്യത്തിന്റെയും കടബാധ്യതയുടെയും അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് അടിയന്തിര ആഗോള നടപടികള്‍ ആവശ്യമാണെന്നും ബാങ്ക് വ്യക്തമാക്കുന്നു.