16 Oct 2024 3:26 PM GMT
Summary
- ഈ തലമുറയുടെ നിലവിലെ ചെലവ് ശേഷി 860 ബില്യണ്‍ ഡോളര്‍
- ഈ തലമുറയുടെ സ്വാധീനം പ്രധാനമായും ഫാഷന്‍, ഡൈനിംഗ്, വിനോദം എന്നീ മേഖലകളില്‍
സെഡ് ജനറേഷന്റെ ചെലവ് ശേഷി 2035 ഓടെ 2 ട്രില്യണ്‍ ഡോളറായി ഉയരും. 1995നും 2010നും ഇടയില്‍ ജനിച്ചവരാണ് ഈ തലമുറയില്‍പെട്ടവര്‍. ഇവര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ് വിലയിരുത്തല്‍. ടെക്‌നോളജി കമ്പനിയായ സ്‌നാപ് ഇന്‍കും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ഇന്ത്യയിലെ ഏറ്റവും വലിയ തലമുറയാണ് സെഡ്് ജനറേഷന്‍. രാജ്യത്തെ ജനസംഖ്യയില്‍ 33 കോടിയിലധികം വരുന്നതാണ് ഈ യുവതലമുറ. ഇവര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമായിക്കൊണ്ടിരിക്കുകയാണ്. മൊത്തം ഉപഭോഗത്തിന്റെ 43 ശതമാനം സംഭാവന ചെയ്യുന്നത് ഈ വിഭാഗമാണ്.
സെഡ് ജനറേഷന്റെ നിലവിലെ ചെലവ് ശേഷി 860 ബില്യണ്‍ ഡോളറാണ്. ഇത് പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ട് ട്രില്യണിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. സ്വന്തമായി സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുന്ന പണമാണ് ചെലവ് ശേഷിയായി കണക്കാക്കുന്നത്.
അടുത്ത വര്‍ഷം ആകുമ്പോഴേക്കും സെഡ് ജനറേഷന്റെ നേരിട്ടുള്ള ചെലവ് 250 ബില്യണ്‍ ഡോളറായിരിക്കും. ഈ ജനറേഷനില്‍ പെട്ടവരുടെ ഷോപ്പിംഗ് ശീലങ്ങളും മികച്ചതാണ്. ബ്രാന്‍ഡിംഗ് ലോയല്‍റ്റിയേക്കാള്‍ ട്രെന്‍ഡിംഗ് ശൈലികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.
ഫാഷന്‍, ഡൈനിംഗ്, വിനോദം എന്നിവയാണ് സെഡ് ജനറേഷന്റെ സ്വാധീനം ശക്തമായിരിക്കുന്ന പ്രധാന മേഖലകള്‍. പാദരക്ഷകള്‍ക്കായുള്ള മൊത്തം ചെലവിന്റെ 50 ശതമാനവും ഡൈനിങിന് 48 ശതമാനവും വീടിന് പുറത്തുള്ള വിനോദത്തിന് 48 ശതമാനവും ഫാഷനും ജീവിതശൈലിയുമായി 47 ശതമാനവും ചെലവഴിക്കുന്നത് ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.