image

31 Jan 2023 9:21 AM GMT

Economy

വെല്ലുവിളികള്‍ക്കിടയിലും വളര്‍ച്ചാ വേഗം, ഈ വര്‍ഷം 6- 6.8 ശതമാനം: ഇക്കണോമിക്ക് സര്‍വേ

MyFin Desk

economic survey india pre budget report
X

Summary

ആഭ്യന്തരമായ ഡിമാന്‍ഡ് വര്‍ധിക്കുമെന്നും, വിലക്കയറ്റം രൂക്ഷമാകുന്നത് ഇറക്കുമതി ബില്ലിലെ വര്‍ധനയ്ക്ക് കാരണമാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു.




ഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശോഭിച്ച് നില്‍ക്കുമെങ്കിലും ആഗോളതലത്തില്‍ ഉണ്ടാകാനിടയുള്ള വെല്ലുവിളികള്‍ റിസ്‌ക് സാധ്യതയുണ്ടാക്കുമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഇക്കണോമിക്ക് സര്‍വേ ഓഫ് ഇന്ത്യ 2023. 2023-24 സാമ്പത്തികവര്‍ഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച കൈവിരിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പ് സാമ്പത്തികവര്‍ഷം 7 ശതമാനം വളര്‍ച്ചയായിരുന്നുവെന്നും 2021-22ല്‍ ഇത് 8.7 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിച്ചാല്‍ അത് രൂപയ്ക്ക് ഏറെ സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തരമായ ഡിമാന്‍ഡ് വര്‍ധിക്കുമെന്നും, വിലക്കയറ്റം രൂക്ഷമാകുന്നത് ഇറക്കുമതി ബില്ലിലെ വര്‍ധനയ്ക്ക് കാരണമാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിരിക്കും ഇന്ത്യയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രാജ്യത്തെ ജിഡിപി വളര്‍ച്ച 6-6.8 ശതമാനം എന്ന പരിധിയ്ക്കുള്ളിലായിരിക്കും.

ദേശീയ-അന്തര്‍ദേശീയ വിപണികളിലേക്ക് പ്രവേശിക്കുന്നതില്‍ ഇതുവരെ ഒഴിവാക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കാന്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന് കഴിയുമെന്നും, ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിനെ പറ്റി ശുഭാപ്തിവിശ്വാസമുണ്ടെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ പറഞ്ഞു.

അടുത്ത കാലത്തായി സര്‍ക്കാര്‍ ചെലവുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്നത് മാത്രമല്ല, അതിന്റെ കണക്കുകളില്‍ സര്‍ക്കാര്‍ കൂടുതല്‍ സുതാര്യത കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐബിസി നടപടിക്രമങ്ങളിലേക്ക് കടക്കും മുന്‍പ് ഏഴ് ലക്ഷം കേസുകള്‍ തീര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.