image

23 May 2023 3:00 PM

Economy

ജിഡിപി 3.5 ട്രില്യണ്‍ ഡോളര്‍; ബ്യൂറോക്രസി വെല്ലുവിളിയെന്ന് മൂഡിസ്

MyFin Desk

insurance industry and gdp
X

Summary

  • ഉദ്യോഗസ്ഥ മനോഭാവം എഫ്ഡിഐ കുറയ്ക്കുന്നു
  • തീരുമാനങ്ങളെടുക്കാന്‍ മന്ദഗതി
  • നിക്ഷേപങ്ങള്‍ക്ക് തടസ്സം ഉദ്യോഗസ്ഥര്‍


കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ജിഡിപി മൂന്നര ട്രില്യണ്‍ ഡോളര്‍ കടന്നുവെന്ന് യുഎസ് റേറ്റിങ് ഏജന്‍സി മൂഡിസ്. വരുന്ന ഏതാനും വര്‍ഷത്തേക്ക് അതിവേഗം വളരുന്ന ജി-20 സമ്പദ് വ്യവസ്ഥയായിരിക്കും രാജ്യത്തിന്റേത്. എന്നാല്‍ പല പുതിയ പരിഷ്‌കാരങ്ങളും നയങ്ങളുമൊക്കെ നിക്ഷേപത്തെ തടസ്സപ്പെടുത്തുന്നുവെന്നും മൂഡിസ് അഭിപ്രായപ്പെട്ടു.

നിക്ഷേപങ്ങള്‍ക്കും പ്രൊജക്ടുകള്‍ക്കുമൊക്കെ തടസ്സമാകുന്നത് ബ്യൂറോക്രസിയുടെ മോശം നിലപാട് മൂലമാണ്. പുതിയ ബിസിനസുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ മെല്ലെപ്പോക്ക് നയമാണ് രാജ്യത്തെ ബ്യൂറോക്രാറ്റുകള്‍ തുടരുന്നത്. ഇത് വലിയ വെല്ലുവിളിയാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണ്ടാക്കുന്നതെന്നും മൂഡിസ് റിപ്പോര്‍ട്ട് ആരോപിക്കുന്നു.

തീരുമാനം എടുക്കുന്നതിലുള്ള അനിശ്ചിതമായ വൈകല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റിനുള്ള താല്‍പ്പര്യം കുറയ്ക്കും. മറ്റ് വികസ്വര സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളായ ഇന്തോനേഷ്യയോടും വിയറ്റ്‌നാമിനോടുമൊന്നും മത്സരിക്കുമ്പോള്‍ ഇന്ത്യ താഴോട്ട് പോകാന്‍ ഈ ഉദ്യോഗസ്ഥ മനോഭാവം ഇടയാക്കുമെന്നും മൂഡിസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് കുറ്റപ്പെടുത്തുന്നു.

നിര്‍മ്മാണ, അടിസ്ഥാന സൗകര്യ മേഖലകളിലെ ഡിമാന്‍ഡ് ശേഷിക്കുന്ന ദശകത്തില്‍ പ്രതിവര്‍ഷം 3-12 ശതമാനം വളരുമെങ്കിലും 2030 ഓടെ ഇന്ത്യയുടെ ശേഷി ചൈനയേക്കാള്‍ വളരെ പിന്നിലായിരിക്കുമെന്നും മൂഡിസ് പറഞ്ഞു