image

10 Feb 2024 10:24 AM GMT

Economy

'പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് അതിവേഗ വളര്‍ച്ച '

MyFin Desk

fastest growth in the country in ten years
X

Summary

  • ഇന്ത്യ ഇന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ
  • ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ രാജ്യം ഉയര്‍ന്നത് 41 സ്ഥാനങ്ങള്‍
  • സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണകാലമൊരുക്കി സര്‍ക്കാര്‍


കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എല്ലാ മേഖലകളിലും ഇന്ത്യ അതിവേഗ വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്രമന്തി ഡോ. ജിതേന്ദ്രസിംഗ്. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായും മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായും ഉയര്‍ന്നു. ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്സില്‍ രാജ്യം ഇക്കാലയളവില്‍ 41 സ്ഥാനങ്ങള്‍ മുന്നേറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാ വ്യതിയാനം, ഹരിത ഊര്‍ജം, സീറോ എമിഷന്‍ എന്നിവയ്ക്കായുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ ഇന്ന് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദശകം മുന്‍കാലങ്ങളിലെ അവിശ്വാസങ്ങളില്‍നിന്നും കുംഭകോണങ്ങളില്‍നിന്നും പുറത്തുകടക്കാനുള്ള അവസരമായിരുന്നു. ഈ കാലം ശുഭാപ്തിവിശ്വാസത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡെല്‍ഹിയില്‍ നടന്ന ആഗോള ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014-ല്‍ ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ നാം 81-ാം സ്ഥാനത്തായിരുന്നു, ഇന്ന് 41 സ്ഥാനങ്ങള്‍ ഉയര്‍ന്നു, ഇന്ന് രാജ്യം ലോകത്തിലെ 40-ാം സ്ഥാനത്താണ്. ആഗോളതലത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയ്ക്കുണ്ടെന്നും അതിവേഗം വളരുന്ന യൂണികോണുകളുടെ ആവാസകേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014-ല്‍ 350-ലധികം സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇന്ന് ഇന്ത്യ ആ തലത്തില്‍നിന്ന് മുന്നൂറ് മടങ്ങ് വളര്‍ന്നു. പ്രധാനമന്ത്രിയുടെ 'സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' ആഹ്വാനം പദ്ധതികള്‍ക്ക് ഊര്‍ജമേകി. 2016ല്‍ പ്രത്യേക സ്റ്റാര്‍ട്ട്അപ്പ് പദ്ധതി ആവിഷ്‌കരിച്ചു. ഇന്ന് രാജ്യത്ത്് 1,30,000-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 110ലധികം യൂണികോണുകളും ഉണ്ട്.

മുന്‍പും രാജ്യത്ത് പ്രതിഭകള്‍ കുറവായിരുന്നില്ല. എന്നാല്‍ അത് ഉപയോഗിക്കപ്പെട്ടില്ല. വളരാനുള്ള പരിസ്ഥിതി ഒരുക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്.

ബഹിരാകാശ മേഖലയിലും ഇന്ത്യ ഏറെ മുന്നേറ്റം കൈവരിച്ചു.മേഖലയിലെ രഹസ്യത്തിന്റെ മൂടുപടം മാറ്റി മറ്റുള്ളവരുമായി മത്സരിക്കാന്‍ ഐഎസ്ആര്‍ഒയെ പ്രാപ്തമാക്കി. ഇന്ന് ചന്ദ്രയാന്‍ -3, ആദിത്യ തുടങ്ങിയ മെഗാ ബഹിരാകാശ പരിപാടികളുടെ വിക്ഷേപണത്തിന് സാധാരണ ജനങ്ങള്‍ക്കും സാക്ഷ്യം വഹിക്കാനാകുന്നു-മന്ത്രി പറഞ്ഞു.

നാലഞ്ചു വര്‍ഷം മുമ്പ്, ബഹിരാകാശ മേഖലയില്‍ ഞങ്ങള്‍ക്ക് ഒരു സ്റ്റാര്‍ട്ടപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈ മേഖല തുറന്നതിന് ശേഷം ഇന്ന് നമുക്ക് 190 ഓളം സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും നേരത്തെയുള്ളവ സംരംഭകരായി മാറിയിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാവി സാമ്പത്തിക വളര്‍ച്ചയുടെ ചാലകം ബയോടെക്നോളജിയാണ്. നമ്മുടെ ബയോ ഇക്കണോമിക്ക് ഒരു ദശാബ്ദം മുമ്പുള്ള 10 ബില്യണ്‍ ഡോളറില്‍ നിന്ന് ഇപ്പോള്‍ ഏകദേശം 140 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ന് 6,300-ലധികം ബയോടെക് സ്റ്റാര്‍ട്ടപ്പുകളും 3,000-ലധികം അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളും രാജ്യത്തുണ്ട്.

'അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍' ശാസ്ത്രീയ ഗവേഷണത്തില്‍ വലിയ പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയ്ക്ക് വഴിയൊരുക്കുമെന്ന് പ്രസ്താവിച്ച ഡോ ജിതേന്ദ്ര സിംഗ്, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ എന്‍ആര്‍എഫിനേക്കാള്‍ മികച്ച മാതൃകയാണ് എന്‍ആര്‍എഫ് എന്ന് പറഞ്ഞു.

ഇന്നൊവേറ്റര്‍മാര്‍ക്കും ഗവേഷണ-വികസനത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറ്റവും മികച്ച സമയമാണിതെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. നവീകരണത്തെ പിന്തുണയ്ക്കുകയും വര്‍ധിപ്പിക്കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ശരിയായ ആവാസവ്യവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.