19 Jun 2023 8:49 AM GMT
Summary
- സ്വതന്ത്ര വ്യാപാര കരാറിന്റെ പത്തു റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു
- ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് 26 മേഖലകള്‍
- ഇന്ത്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ യുകെയ്ക്ക് രണ്ടാംസ്ഥാനം
നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനു കീഴില്‍ ഇന്ത്യയിലെയും യുകെയിലെയും സേവന മേഖലയിലെ കമ്പനികള്‍ വിപണിയില്‍ തുല്യ പരിഗണന തേടുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു വ്യാപാര കരാറിനായുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും 2021 ജനുവരി 13 നാണ് ആരംഭിച്ചത്. ഇതിലൂടെ സേവന രംഗത്തെ പരിപോഷിപ്പിക്കാമെന്ന് ന്യൂഡെല്‍ഹിയും ബ്രിട്ടനും കരുതുന്നു.
ഈ വര്‍ഷം ജൂണ്‍ വരെ പത്ത് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്, ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. സേവനമേഖലയില്‍, സാമ്പത്തികമേഖലയിലാണ് യുകെ കൂടുതല്‍ താല്‍പ്പര്യം എടുക്കുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ വിദ്യാഭ്യാസം, വിദഗ്ധരായ പ്രൊഫഷണലുകളുടെ കൈമാറ്റം എന്നീരംഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നു. സ്വതന്ത്ര വ്യാപാര കരാറിന്റെ സേവന മേഖല സംബന്ധിച്ച് ഇതുവരെ പരസ്പരം കസ്റ്റംസ് ഡ്യൂട്ടി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
രണ്ട് വ്യാപാര പങ്കാളികളും വിവിധ മേഖലകളില്‍ ഇന്ത്യന്‍, ബ്രിട്ടീഷ് കമ്പനികള്‍ക്ക് മികച്ച പരിഗണന നല്‍കല്‍, വിദഗ്ധ തൊഴില്‍ മേഖലയില്‍ വിസാ നടപടികള്‍ ലളിതമാക്കുക എന്നിവ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുന്നു.
ഈ മേഖലയിലെ അനായാസമായ വിദേശ നിക്ഷേപ മാനദണ്ഡങ്ങളും ആവശ്യങ്ങളില്‍പെടും. പുരോഗതി അവലോകനം ചെയ്യുന്നതിനും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉയര്‍ന്ന തലങ്ങളില്‍ പതിവായി യോഗങ്ങള്‍ നടക്കുന്നുണ്ട്.എന്നാല്‍ സേവന മേഖലയെ സംബന്ധിച്ച് വിശദാംശങ്ങള്‍ ഒന്നും ഉറപ്പിച്ചിട്ടില്ലെന്ന്് ഉദ്യോഗസ്ഥാര്‍ സൂചിപ്പിക്കുന്നു.
യുകെ ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക സേവന കേന്ദ്രമാണ്, അതിനാല്‍ അവര്‍ക്ക് എല്ലായ്‌പ്പോഴും ഈ മേഖലയില്‍ താല്‍പ്പര്യമുണ്ട്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് താല്‍പ്പര്യമുള്ള സേവനങ്ങളുടെ പട്ടിക ഇരുപക്ഷവും പരസ്പരം കൈമാറിയിട്ടുണ്ട്.
26 മേഖലകളാണ് പ്രധാനമായും സഹകരണത്തിനായി ഇരു രാജ്യങ്ങളും തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 14 വിഭാഗങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചു. ബാക്കിയുള്ളവയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഇന്ത്യയും യുകെയും ഒരു ഉഭയകക്ഷി നിക്ഷേപ ഉടമ്പടിക്കായും ചര്‍ച്ച നടത്തുന്നുണ്ട്. ഇത് സ്വതന്ത്ര വ്യാപാര കരാറിനൊപ്പം ഒരേസമയം അവസാനിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തുവിട്ട രാജ്യത്തിന്റെ ഔദ്യോഗിക ഇമിഗ്രേഷന്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയുടെ കാര്യത്തില്‍ 273 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇതോടെ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ഗ്രൂപ്പായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയെ പിന്തള്ളി.മെഡിക്കല്‍ പ്രൊഫഷണലുകളുടെ സ്‌കില്‍ഡ് വര്‍ക്കര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വിസയ്ക്ക് കീഴിലുള്ള മൊത്തം വിസയുടെ 36 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ്.
ഇന്ത്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ കാര്യത്തില്‍ യുകെ ലോകത്ത് രണ്ടാം സ്ഥാനത്താണ്. എന്നാല്‍ വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്മാരാണ്. പ്രതിവര്‍ഷം ഏകദേശം 500,000 ഇന്ത്യക്കാര്‍ യുകെ സന്ദര്‍ശിക്കുന്നുമുണ്ട്.
അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, നിയമപരമായ, ടൂറിസം, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ എന്നിവ ഇന്ത്യക്ക് താല്‍പ്പര്യമുള്ള മേഖലകളാണ്. ഈ വിഭാഗങ്ങളിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഉദാരവല്‍ക്കരിച്ച വിസ മാനദണ്ഡങ്ങള്‍ തേടാന്‍ വാണിജ്യമന്ത്രാലയത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ട്.യുകെയില്‍ ചികിത്സ ചെലവേറിയതാണ്. അതിനാല്‍ സ്‌കോട്ട്‌ലന്‍ഡിലെയും അയര്‍ലണ്ടിലെയും ആളുകള്‍ ചികിത്സക്കായി ഇന്ത്യയെയാണ് ഇഷ്ടപ്പെടുന്നത്.
രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22ല്‍ 17.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23ല്‍ 20.36 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. യുകെയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.4 ബില്യണ്‍ ഡോളറായിരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തെ ഏഴ് ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23ല്‍ ഇറക്കുമതി 8.96 ബില്യണ്‍ ഡോളറായി.