18 Aug 2024 5:19 AM GMT
Summary
- തമിഴ്‌നാട്ടിലെ ഫോക്സ്‌കോണിന്റെ പ്ലാന്റിന് സമീപമാണ് വനിതാജീവനക്കാര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം
- കമ്പനിയുടെ നിയമനങ്ങള്‍ ലിംഗഭേദമില്ലാതെയാണെന്ന് ചെയര്‍മാന്‍ യംഗ് ലിയു
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ലിയു കൂടിക്കാഴ്ച നടത്തി
ഐഫോണ്‍ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ ഇതുവരെ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരും വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അതിന്റെ ചെയര്‍മാന്‍ യംഗ് ലിയു പറഞ്ഞു.
തമിഴ്‌നാട്ടിലെ ഫോക്സ്‌കോണിന്റെ പ്ലാന്റിന് സമീപം സ്ത്രീകള്‍ക്ക് മാത്രമായുള്ള കമ്പനിയുടെ പാര്‍പ്പിട സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയിലെ സ്ത്രീകള്‍ക്ക് മാത്രമായുള്ള പാര്‍പ്പിട സമുച്ചയം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു.
പത്മഭൂഷണ്‍ പുരസ്‌കാര ജേതാവായ ലിയു, തന്റെ ഇപ്പോഴത്തെ സന്ദര്‍ശന വേളയില്‍ വിവിധ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
ലിംഗഭേദമില്ലാതെയാണ് കമ്പനി ജീവനക്കാരെ നിയമിക്കുന്നതെന്നും എന്നാല്‍ ഇന്ത്യയിലെ സ്ത്രീകള്‍, പ്രത്യേകം വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ശ്രമങ്ങള്‍ക്ക് വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും ഉദ്ഘാടന വേളയില്‍ ലിയു പറഞ്ഞു. കമ്പനിയുടെ നിയമനങ്ങള്‍ ലിംഗഭേദമില്ലാതെയാണ്.
ഇവിടെയുള്ള ഞങ്ങളുടെ തൊഴില്‍ ശക്തിയുടെ വലിയൊരു ഭാഗം സ്ത്രീകളാണ്. ഇവിടെ ചെയ്യുന്ന കാര്യങ്ങളില്‍ വിവാഹിതരായ സ്ത്രീകള്‍ വളരെയധികം സംഭാവന ചെയ്യുന്നതായും ലിയു പറഞ്ഞു.
വിവാഹിതരായ സ്ത്രീകളെ നിയമിക്കുന്നതില്‍ വിവേചനം കാണിക്കുന്നതായി അടുത്തിടെ തായ്വാന്‍ കമ്പനി ആരോപണം നേരിട്ടിരുന്നു. ഫോക്സ്‌കോണ്‍ റിപ്പോര്‍ട്ട് നിരസിക്കുകയും പുതിയ നിയമനങ്ങളില്‍ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും പറഞ്ഞു.
ഫോക്സ്‌കോണ്‍ ഫാക്ടറിയില്‍ 70 ശതമാനം സ്ത്രീകളും 30 ശതമാനം പുരുഷന്മാരുമുണ്ടെന്നും രാജ്യത്തെ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഏറ്റവും വലിയ ഫാക്ടറിയാണ് തമിഴ്നാട് പ്ലാന്റെന്നും കമ്പനി അന്ന് പറഞ്ഞിരുന്നു. നിലവില്‍ ഫോക്സ്‌കോണിന് ഇന്ത്യയില്‍ ഏകദേശം 48,000 ജീവനക്കാരുണ്ട്.
സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ ഓഫ് തമിഴ്നാട് (സിപ്കോട്ട്) നിര്‍മ്മിച്ച ഈ സമുച്ചയത്തില്‍ റൂം ഷെയറിംഗ് അടിസ്ഥാനത്തില്‍ 18,000 വനിതാ ജീവനക്കാരെ പാര്‍പ്പിക്കും. ഏകദേശം 706 കോടി രൂപ ചെലവിട്ടാണ് 20 ഏക്കര്‍ വിസ്തൃതിയില്‍ പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ 75-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചതിന് ശേഷം ലിയു നടത്തുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ലിയു തമിഴ്നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ ഫോക്സ്‌കോണിന്റെ നിക്ഷേപങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സന്ദര്‍ശനത്തിനിടെ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും സംസ്ഥാന കാബിനറ്റ് മന്ത്രിമാരുമായും ലിയു കൂടിക്കാഴ്ച നടത്തി.