8 Dec 2023 11:06 AM GMT
Summary
- നാല്മാസത്തെ ഇടവേളക്കുശേഷമാണ് കരുതല്‍ ശേഖരം $60,000 കോടി കടക്കുന്നത്
- 2021 ഒക്ടോബറിലാണ് ഫോറെക്‌സ് ശേഖരം സര്‍വകാല റെക്കാര്‍ഡിലെത്തിയത്
- പിന്നീടുണ്ടായ ആഗോള സമ്മര്‍ദ്ദങ്ങള്‍ ശേഖരത്തെ ബാധിച്ചു
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഡിസംബര്‍ ഒന്നിന് 600 ബില്യണ്‍ (60000 കോടി) ഡോളറായി ഉയര്‍ന്നു. ഏകദേശം നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം 60,000 കോടി ഡോളര്‍ കടക്കുന്നത്. ഇതിനുമുമ്പ് ഈ വര്‍ഷം ഓഗസ്റ്റ് 11 ന് ഫോറെക്‌സ് കരുതല്‍ ശേഖരം 60,000 കോടി ഡോളര്‍ കടന്നിരുന്നു.
'2023 ഡിസംബര്‍ ഒന്നിലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 60400 കോടി ഡോളറാണ്. ബാഹ്യ ധനകാര്യ ആവശ്യകതകള്‍ നിറവേറ്റുന്നതിന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,'പണനയം വെള്ളിയാഴ്ച പുറത്തിറക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നവംബര്‍ 24ന് അവസാനിച്ച ആഴ്ചയില്‍ 597.935 ബില്യണ്‍ ഡോളറായിരുന്നു കരുതല്‍ ധനം.
2021 ഒക്ടോബറില്‍, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 64200 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം മുതലുള്ള ആഗോള സംഭവവികാസങ്ങള്‍ മൂലമുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ രൂപയെ പ്രതിരോധിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരം ഉപയോഗിച്ചത് ശേഖരത്തെ കുറച്ചിരുന്നു.
യുഎസ് ട്രഷറി ആദായം
ഉയര്‍ന്ന യുഎസ് ട്രഷറി ആദായവും ശക്തമായ യുഎസ് ഡോളറും ഉണ്ടായിരുന്നിട്ടും, 2023 കലണ്ടര്‍ വര്‍ഷത്തില്‍ വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥയിലെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ രൂപ കുറഞ്ഞ ചാഞ്ചാട്ടമാണ് പ്രകടിപ്പിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
'ഇന്ത്യന്‍ രൂപയുടെ ആപേക്ഷിക സ്ഥിരത, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളെയും ആഗോള തകര്‍ച്ചകളെ അഭിമുഖീകരിക്കുന്ന അതിന്റെ പ്രതിരോധത്തെയും പ്രതിഫലിപ്പിക്കുന്നു,' അദ്ദേഹം പറഞ്ഞു.
2023-24ല്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തില്‍ (എഫ്പിഐ) ഗണ്യമായ വഴിത്തിരിവുണ്ടായതായും ദാസ് പറഞ്ഞു. 2490 കോടി ഡോളര്‍ അറ്റ എഫ്പിഐ നിക്ഷേപം ഉണ്ടായി.
മറുവശത്ത്, അറ്റ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) ഒരു വര്‍ഷം മുമ്പ് 2080 കോടി ഡോളറില്‍ നിന്ന് 2023 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍ 1040 കോടി ഡോളറായി കുറഞ്ഞു.
എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ലോണ്‍ (ഇസിബി), നോണ്‍ റസിഡന്റ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ എന്നിവയ്ക്ക് കീഴിലുള്ള അറ്റ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലുമാണ്.