4 Aug 2024 6:15 AM GMT
Summary
- യുഎസ് സമ്പദ് വ്യവസ്ഥയിലെയും വിപണികളിലെയും സംഭവവികാസങ്ങള്‍ എഫ്പിഐയെ സ്വാധീനിക്കും
- രാഷ്ട്രീയ സ്ഥിരതയും വിപണിയിലെ ഉയര്‍ച്ചയും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നു
തുടര്‍ച്ചയായ നയപരിഷ്‌കരണങ്ങളും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയും പ്രതീക്ഷിച്ചതിലും മികച്ച വരുമാന സീസണും പ്രതീക്ഷിച്ച് വിദേശ നിക്ഷേപകര്‍ ജൂലൈയില്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് 32,365 കോടി രൂപ നിക്ഷേപിച്ചു.
എന്നിരുന്നാലും, ഈ മാസത്തെ ആദ്യ രണ്ട് ട്രേഡിംഗ് സെഷനുകളില്‍ (ഓഗസ്റ്റ് 1-2) അവര്‍ ഇക്വിറ്റികളില്‍ നിന്ന് 1,027 കോടി രൂപ പിന്‍വലിച്ചതായി ഡാറ്റ കാണിക്കുന്നു. ഇക്വിറ്റി നിക്ഷേപങ്ങളുടെ മൂലധന നേട്ട നികുതി വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് എഫ്പിഐ ഒഴുക്കുമായി ബന്ധപ്പെട്ട് ഒരു സമ്മിശ്ര പ്രവണതയുണ്ട്.
മുന്നോട്ട് പോകുമ്പോള്‍, യുഎസ് സമ്പദ് വ്യവസ്ഥയിലെയും വിപണികളിലെയും സംഭവവികാസങ്ങള്‍ ഓഗസ്റ്റില്‍ എഫ്പിഐയുടെ പ്രവണതയെ സ്വാധീനിക്കുമെന്ന്് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമായ തൊഴില്‍ ഡാറ്റയും മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയും കാരണം സെപ്റ്റംബറില്‍ യുഎസ് ഫെഡറല്‍ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിപ്പോസിറ്ററികളുടെ ഡാറ്റ അനുസരിച്ച്, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ജൂലൈയില്‍ ഇക്വിറ്റികളില്‍ 32,365 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. രാഷ്ട്രീയ സ്ഥിരതയും വിപണിയിലെ കുത്തനെ ഉയര്‍ച്ചയും മൂലം ജൂണില്‍ 26,565 കോടി രൂപയുടെ നിക്ഷേപം ഉണ്ടായതിനെ തുടര്‍ന്നാണിത്. അതിനുമുമ്പ്, എഫ്പിഐകള്‍ മെയ് മാസത്തില്‍ 25,586 കോടി രൂപ പിന്‍വലിച്ചിരുന്നു.
സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനത്തിലുള്ള ഗവണ്‍മെന്റ് ഊന്നല്‍, കോര്‍പ്പറേറ്റ് ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തിയ പ്രതീക്ഷിച്ചതിലും മികച്ച വരുമാന സീസണ്‍ എന്നിവയാണ് എഫ്പിഐ നിക്ഷേപത്തിന്റെ പുനരുജ്ജീവനത്തിന് കാരണമെന്ന് മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയിലെ അസോസിയേറ്റ് ഡയറക്ടര്‍ - മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
കൂടാതെ, ഐഎംഎഫും എഡിബിയും ഇന്ത്യയുടെ ജിഡിപി പ്രവചനത്തിലെ മുകളിലേക്കുള്ള പരിഷ്‌ക്കരണങ്ങളും ചൈനയിലെ മാന്ദ്യവും ഇന്ത്യക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.