image

25 May 2023 5:59 AM GMT

Economy

പലിശനിരക്കിലെ വര്‍ധന: യോജിപ്പിലെത്താതെ ഫെഡറല്‍ റിസര്‍വ്

MyFin Desk

പലിശനിരക്കിലെ വര്‍ധന: യോജിപ്പിലെത്താതെ  ഫെഡറല്‍ റിസര്‍വ്
X

Summary

  • കടത്തിന്റെ പരിധി ഉയര്‍ത്തുന്നതില്‍ അനിശ്ചിതത്വം
  • ആഗോള സൂചികകളില്‍ തകര്‍ച്ച
  • വര്‍ഷാവസാനത്തേക്ക് നിരക്കുകള്‍ കുറയ്ക്കാനാകുമെന്ന് വിപണിയിലെ പ്രതീക്ഷ


പലിശനിരക്കിന്റെ കാര്യത്തില്‍ യോജിപ്പിലെത്താതെ ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍. അവരുടെ അവസാന മീറ്റിംഗില്‍ ചില അംഗങ്ങള്‍ വര്‍ധനവ് ആവശ്യപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ അതിനെ എതിര്‍ത്തു. കൂടുതല്‍ നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം കുറവാണെന്ന് യോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു.

ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) ഈ മാസം 2-3 തീയതികളില്‍ നടത്തിയ മീറ്റിംഗിന്റെ മിനിറ്റ്‌സാണ് പുറത്തുവിട്ടത്. ഇത് സാമ്പത്തിക വിപണികളിലുടനീളം സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായി. പണപ്പെരുപ്പനിരക്ക് ഇപ്പോഴും ഉയര്‍ന്നതാണെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.

ഇത് നിയന്ത്രിക്കാനുള്ള നടപടികളും മന്ദഗതിയിലാണ്. ഈ വര്‍ഷാവസാനം അവര്‍ ഉയര്‍ന്നതല്ലാത്ത ഒരു സാമ്പത്തിക മാന്ദ്യവും പ്രതീക്ഷിക്കുന്നുണ്ട്.

ഈ മാസത്തില്‍, ഫെഡറല്‍ റിസര്‍വ് (ഫെഡ്) പ്രധാന പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്റ്് ഉയര്‍ത്തിയിരുന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലില്‍ 4.9 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും കോര്‍ സിപിഐ മുന്‍ വര്‍ഷത്തേക്കാള്‍ 5.5ശതമാനം ആയി ഉയര്‍ന്നു. ഏപ്രിലിലെ പ്രധാന വ്യക്തിഗത ഉപഭോഗ ചെലവ് സംബന്ധിച്ച സൂചിക യുഎസ് പുറത്തിറക്കും.

യു.എസ്. ബാങ്കിംഗ് സംവിധാനം മികച്ചതും പ്രതിരോധശേഷിയുള്ളതുമാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ബാങ്കിംഗ് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ക്രെഡിറ്റ് രംഗത്തെ ചലനങ്ങള്‍ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് മാര്‍ച്ചില്‍ നടന്ന മീറ്റിംഗിലും ഫെഡറല്‍ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

നടപ്പാക്കിയിട്ടുള്ള കടുത്ത വായ്പാ വ്യവസ്ഥകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, നിയമനം, പണപ്പെരുപ്പം എന്നിവയെ ബാധിക്കുമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ഇതിന്റെ വ്യാപ്തി അനിശ്ചിതത്വത്തിലാണെന്ന വിഷയത്തില്‍ അവര്‍ യോജിപ്പിലെത്തി.

അനുയോജ്യമായ പണ നയത്തിന് കീഴില്‍, തൊഴില്‍ വിപണിയിലെ അസന്തുലിതാവസ്ഥ ക്രമേണ കുറയുമെന്ന പ്രതീക്ഷയാണ് അംഗങ്ങള്‍ക്ക് ഉള്ളത്. ഇത് വേതനത്തിലും വിലയിലും ഉള്ള സമ്മര്‍ദ്ദം ലഘൂകരിക്കുമെന്നും ഫെഡറല്‍ റിസര്‍വ് കരുതുന്നുണ്ട്.

സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് കടത്തിന്റെ പരിധി കൃത്യസമയത്ത് ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് നിരവധി അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിലെ ഭിന്നതകള്‍ കാരണമാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായത്.

ഇതിന്റെ ഫലമായി ലോകത്തുള്ള മിക്ക സൂചികകളിലും തകര്‍ച്ച നേരിട്ടിരുന്നു. യുഎസും യൂറോപ്പും സിഗപ്പൂരും ചൈനയും എല്ലാം ഇതില്‍പ്പെടും. ഇന്ത്യയില്‍ വ്യാപാരം തുടക്കത്തില്‍ മികച്ചതായിരുന്നെങ്കിലും പിന്നീട് അത് മാറി.

പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്കാനുള്ള നിരവധി ശ്രമങ്ങളാണ് യുഎസ് നടത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പുരോഗതി ദൃശ്യമാകുന്നില്ല. അതിനാല്‍ ഭാവി യോഗങ്ങളില്‍ കൂടുതല്‍ കര്‍ക്കശ നയം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് അംഗങ്ങള്‍ സൂചിപ്പിക്കുന്നു.

സമ്പദ്വ്യവസ്ഥ അവരുടെ നിലവിലെ വീക്ഷണങ്ങള്‍ക്കനുസൃതമായി നീങ്ങിയാല്‍ ഈ യോഗത്തിനുശേഷം കൂടുതല്‍ നയങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

അടുത്ത നീക്കം എന്തായിരിക്കണമെന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമാണ് യോഗത്തിന്റെ സംഹ്രഹമായി പറയുന്നത്. ഇതാണ് ആഗോള വിപണികളില്‍ ചലനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഒന്നിലധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ ബാങ്കിംഗ് വ്യവസായത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സാമ്പത്തിക സംവിധാനത്തിന് അതിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ശേഷിയുണ്ടെന്ന് ഉറപ്പാക്കുന്നതും ചര്‍ച്ചയായി.

ദേശീയ കടത്തിന്റെ പരിധി ഉയര്‍ത്തുന്നതിനുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള ചില വിവരങ്ങളും മിനിറ്റ്‌സിലുണ്ട്.

ഇപ്പോഴുണ്ടായ ഈ നിരക്ക് വര്‍ധന ഇത്തരത്തിലുള്ള അവസാനത്തേതായിരിക്കുമെന്നും മാര്‍ക്കറ്റ് അനുസരിച്ച് വര്‍ഷാവസാനത്തിന് മുമ്പ് ഫെഡിന് കാല്‍ ശതമാനം പോയിന്റ് നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും വിപണികള്‍ പ്രതീക്ഷിക്കുന്നു.