image

22 Jun 2023 8:29 AM GMT

Economy

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിഗമനം ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്‍സ്

MyFin Desk

fitch ratings raises indias gdp growth
X

Summary

  • നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് 6.3% വളര്‍ച്ച
  • പലിശ നിരക്ക് വര്‍ധനയുടെ സ്വാധീനം ഇനിയും പൂര്‍ണമായി അനുഭവപ്പെട്ടിട്ടില്ല
  • മാര്‍ച്ചില്‍ ഫിച്ച് റേറ്റിംഗ്‌‍സ് ഇന്ത്യയെ സംബന്ധിച്ച നിഗമനം കുറച്ചിരുന്നു


2023-24ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനം 6 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി ഫിച്ച് റേറ്റിംഗ് ഉയർത്തി. ആദ്യ പാദത്തിലെ ശക്തമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് വളർച്ചാ നിഗമനം ഉയർത്തുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത്. അതിനു മുന്‍പുള്ള 2021 -22ല്‍ സമ്പദ്‌വ്യവസ്ഥ 9.1 ശതമാനം വളർച്ച നേടിയിരുന്നു.

"വിശാലമായ വിലയിരുത്തലില്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ ശക്തമായ നിലയിലാണ്. ജനുവരി-മാർച്ച് കാലയളവില്‍ ജിഡിപി വാര്‍ഷികാടിസ്ഥാനത്തില്‍ 6.1 ശതമാനം വർധന പ്രകടമാക്കി. വാഹന വില്‍പ്പന, പിഎംഐ സർവേകൾ, ക്രെഡിറ്റ് വളർച്ച എന്നിവ ശക്തമായി തുടരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ സംബന്ധിച്ച ഞങ്ങളുടെ പ്രവചനം ഉയർത്തിയിട്ടുണ്ടെന്ന്. റേറ്റിംഗ് ഏജൻസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മാര്‍ച്ചിലെ അവലോകനത്തില്‍, ഇന്ത്യയുടെ 2023-24 വർഷത്തേക്കുള്ള പ്രവചനം 6.2 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഫിച്ച് താഴ്ത്തിയിരുന്നു, ഉയർന്ന പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കും ആഗോള ഡിമാൻഡ് കുറയുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവെന്നാണ് വിലയിരുത്തുന്നത്. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ 6.5 ശതമാനം വളർച്ച നേടുമെന്നാണ് ഫിച്ച് റേറ്റിംഗ്‍സിന്‍റെ നിഗമനം.

പണപ്പെരുപ്പം കുറഞ്ഞതും ആഭ്യന്തര സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതും ഫിച്ച് ഇത്തവണത്തെ അവലോകനത്തില്‍ കണക്കിലെടുത്തു. ജനുവരി-മാർച്ച് മാസങ്ങളിലെ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ഉയർന്നതായിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷം മാനുഫാക്ചറിംഗ് മേഖലയിലെ ഉൽപ്പാദനത്തിൽ വീണ്ടെടുക്കൽ ഉണ്ടായിട്ടുണ്ട്. നിർമ്മാണ മേഖലയിലെ വളര്‍ച്ച, കാർഷിക ഉൽപാദനത്തിലെ വർധന എന്നിവയും റേറ്റിംഗ് ഏജന്‍സി വിലയിരുത്തി. ഉയർന്ന ബാങ്ക് വായ്പാ വളർച്ച, പശ്ചാത്തല വികസനത്തിനായുള്ള ചെലവിടില്‍ എന്നിവയില്‍ നിന്ന് സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന നേട്ടം തുടരുമെന്നും നിരീക്ഷിക്കുന്നു.

ആർബിഐ (മേയ് 2022 മുതൽ) പലിശനിരക്കിൽ 250 അടിസ്ഥാന പോയിന്‍റുകള്‍ വര്‍ധിപ്പിച്ചതിന്‍റെ പൂര്‍ണമായ സ്വാധീനം ഇനിയും അനുഭവപ്പെടാനിരിക്കുന്നതേ ഉള്ളുവെന്നും റേറ്റിംഗ് ഏജന്‍സി വിലയിരുത്തി. 2022-ൽ പണപ്പെരുപ്പം കുത്തനെ വർദ്ധിച്ചതിനാൽ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറയുകയും കൊറോണ മഹാമാരിയുടെ ഫലമായി ഗാർഹിക ബാലൻസ് ഷീറ്റുകള്‍ ദുർബലമാവുകയും ചെയ്തിരുന്നു. അതേ സമയം, വർധിച്ച മൂലധനച്ചെലവ്, ചരക്ക് വിലയിലെ മിതപ്പെടുത്തല്‍, ശക്തമായ വായ്പാ വളർച്ച എന്നിവയിൽ സര്‍ക്കാര്‍ ഊന്നൽ നൽകുന്നത് നിക്ഷേപത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ദഗതിയിലുള്ള പണപ്പെരുപ്പവും കാലക്രമേണ ഉപഭോക്തൃ ആത്മവിശ്വാസം ഉയര്‍ത്തും. കുടുംബങ്ങൾ ഇപ്പോൾ ഭാവിയിലെ വരുമാനത്തെയും തൊഴിലവസരങ്ങളെയും കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നുവെന്നാണ് വിലയിരുത്തുന്നത്.