image

19 March 2025 2:26 PM IST

Economy

ഇന്ത്യയുടെ ധനകാര്യ ഫെഡറലിസം നിര്‍ണായക വഴിത്തിരിവില്‍: മുഖ്യമന്ത്രി

MyFin Desk

ഇന്ത്യയുടെ ധനകാര്യ ഫെഡറലിസം   നിര്‍ണായക വഴിത്തിരിവില്‍: മുഖ്യമന്ത്രി
X

Summary

  • സാമൂഹ്യമായ വെല്ലുവിളികളെ മറി കടക്കുന്നതിന് ചെലവഴിക്കല്‍ ചുരുക്കുന്നത് മികച്ച നടപടിയല്ല
  • അര്‍ഹമായ നികുതി വിഹിതം കേരളത്തിന് ലഭിക്കുന്നില്ലെന്ന് ധനമന്ത്രി


പൊതുധനകാര്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകളും ചെലവഴിക്കലും കേവലം കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമാക്കി ചരുക്കി കാണാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈവരിക്കേണ്ട നേട്ടങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് ധനക്കമ്മിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. ചെലവഴിക്കല്‍ ചുരുക്കികൊണ്ട് ധനകമ്മിയിലെ ലക്ഷ്യം കൈവരിക്കുക എന്നത് മികച്ച സമീപനം ആയിരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനും മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കോണമിക്സും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വികസന രംഗത്ത് ഉയരുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് പൊതുധനകാര്യ മേഖലയില്‍ ഒരു പുനര്‍വിചിന്തനം' എന്നതായിരുന്നു വിഷയം.

ഇന്ത്യയുടെ ധനകാര്യ ഫെഡറല്‍ ഘടന ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും ഇതേ ആശങ്ക പങ്ക് വയ്ക്കുന്നുണ്ട് .കേന്ദ്രം സമാഹരിക്കുന്ന നികുതി വരുമാനത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം ലഭ്യമാകുന്നതിലൂടെ മാത്രമേ രാജ്യത്ത് ധനകാര്യ ഫെഡറലിസം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ. മൊത്തം ചെലവുകളുടെ 62 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലില്‍ വരുമ്പോള്‍ വരുമാനത്തിന്റെ 37 .6 ശതമാനം മാത്രമാണ് അവര്‍ക്ക് ലഭ്യമാകുന്നത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മൊത്തം നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നീക്കിവച്ചുവെങ്കിലും യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് 30 ശതമാനം മാത്രമാണെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളുടെ വിഹിതം 17 .4 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നു.

കോവിഡ് കാലഘട്ടത്തില്‍ കേരളത്തിന്റെ ധനകമ്മി 4 .5 ശതമാനമെയിരുന്നുവെങ്കില്‍ 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ അത് 2 .9 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ചെലവുകള്‍ കാര്യമായ തോതില്‍ ഉയര്‍ത്തുവാന്‍ കഴിഞ്ഞതും നേട്ടമായതായി അദ്ദേഹം പറഞ്ഞു . കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1 .65 ലക്ഷം കോടിയായി ഉയര്‍ന്ന സര്‍ക്കാര്‍ ചെലവുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 2 .30 ലക്ഷം കോടി രൂപയായി ഉയരുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി. 2025 -26 സാമ്പത്തിക വര്‍ഷത്തില്‍ കേരളം 2 ട്രില്യണ്‍ സമ്പദ്ഘടന എന്ന നേട്ടത്തിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ചെയര്‍മാനുമായ ഡോ സി . രംഗരാജന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍ വി. കെ രാമചന്ദ്രന്‍, മുന്‍ കാബിനറ്റ് സെക്രെട്ടറി കെ.എം ചന്ദ്രശേഖര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രഭാത് പട്‌നായിക്, മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഡയറക്ടര്‍ പ്രഫസര്‍ എന്‍. ആര്‍ ഭാനുമൂര്‍ത്തി എന്നിവരും ചടങ്ങില്‍ സംസാരിച്ചു. സാമ്പത്തിക മേഖലയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച 20 പ്രമുഖ വിദഗ്ധരെ ചടങ്ങില്‍ ആദരിച്ചു.

മാര്‍ച്ച് 21 നാണ് സമ്മേളനം അവസാനിക്കുക.