31 Dec 2022 5:57 AM GMT
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ടു മാസം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്തെ ധനകമ്മി 9.78 ലക്ഷം കോടി രൂപയായായെന്ന് കണക്കുകള്‍. ഇത് വാര്‍ഷിക എസ്റ്റിമേറ്റിന്റെ 58.9 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 46.2 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ധന.
ഏപ്രില്‍ മുതല്‍ നവംമ്പര്‍ വരെയുള്ള കാലയളവില്‍ മൊത്ത വരവ് 14.65 ലക്ഷം കോടി രൂപയായപ്പോള്‍ മൊത്ത ചെലവ് 24.43 ലക്ഷം കോടി രൂപയായി. ഈ വര്‍ഷത്തെ ബഡ്ജറ്റ് ലക്ഷ്യം ഇത് യഥാക്രമം 64.1 ശതമാനവും 61.9 ശതമാനവുമായിരുന്നു.
റെവന്യൂ വരുമാനം 14.23 ലക്ഷം കോടി രൂപയായി. ഇതില്‍ നികുതിയില്‍ നിന്നുള്ള വരുമാനം 12.25 ലക്ഷം കോടി രൂപയും, നികുതി ഇതര വരുമാനം 1.98 ലക്ഷം കോടി രൂപയുമായി.
നികുതിയില്‍ നിന്നുള്ള വരുമാനം 63.3 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 73.5 ശതമാനമായിരുന്നു. നികുതി ഇതര വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 91.8 ശതമാനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം 73.5 ശതമാനമായി.
മെയ് മാസത്തില്‍, ആഗോള തലത്തില്‍ ഊര്‍ജ വില കുതിച്ചുയര്‍ന്നതിന്റെ ആഘാതം കുറക്കുന്നതിന് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിരുന്നു.
എങ്കിലും, ജിഎസ്ടി മൂലമുള്ള അധിക നികുതി വരുമാനവും, വിന്‍ഡ് ഫാള്‍ ടാക്‌സില്‍ നിന്നുള്ള നേട്ടവും ഈ സാഹചര്യത്തില്‍ ആശ്വാസമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
വരുമാനകമ്മി 5.73 ലക്ഷം കോടി രൂപയായി. ഇത് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 57.8 ശതമാനമാണ്.