image

25 Sept 2023 6:52 AM

Economy

ഗാര്‍ഹിക സമ്പാദ്യ റിപ്പോര്‍ട്ട്; പ്രതിസന്ധിയില്ലെന്ന് ധനമന്ത്രാലയം

MyFin Desk

household savings report finance ministry says there is no crisis
X

Summary

  • വായ്പകള്‍ എടുത്തത് ആസ്തികളോ, വാഹനങ്ങളോ വാങ്ങുന്നതിനായി
  • സമ്പാദ്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ജനങ്ങളുടെ വരുമാന സാധ്യതകളിലുമുള്ള ആത്മവിശ്വാസം
  • ഇക്വിറ്റിയിലും മ്യൂച്വല്‍ ഫണ്ടുകളിലും കൂടുതല്‍ നിക്ഷേപം നടത്തുന്നു


ഗാര്‍ഹിക സമ്പാദ്യം സംബന്ധിച്ച് നിലവില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന് ധനമന്ത്രാലയം. വ്യത്യസ്ത സാമ്പത്തിക ഉല്‍പ്പന്നങ്ങളോടുള്ള ഉപഭോക്തൃ മുന്‍ഗണന മാറുന്നതാണ് ഗാര്‍ഹിക സമ്പാദ്യത്തിന്റെ രീതിയിലെ മാറ്റത്തിന്റെ യഥാര്‍ത്ഥ കാരണമെന്നാണ് മന്ത്രാലയത്തിന്റെ അവകാശം. ഗാര്‍ഹിക സാമ്പത്തിക സമ്പാദ്യ നിരക്ക് ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ കാണിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്

ഗാര്‍ഹിക മൊത്ത സാമ്പത്തിക ആസ്തികളുടെയും ബാധ്യതകളുടെയും കണക്കുകളിലെ വ്യത്യാസം സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതല്ല. കാരണം വാഹനങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ സമ്പാദിക്കാനാണ് വായ്പകള്‍ കൂടുതലും എടുത്തിരിക്കുന്നതെന്ന് ധനമന്ത്രാലയം പറയുന്നു.

എന്‍ബിഎഫ്സികളിലെ (നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി) കുടിശ്ശികയുള്ള റീട്ടെയില്‍ വായ്പയുടെ 36 ശതമാനവും വാഹനങ്ങള്‍ വാങ്ങുന്നതിനാണ് എന്ന് ധനമന്ത്രാലയത്തിന്റെ ട്വീറ്റുകൾ പറയുന്നു . ഇത് ആളുകളുടെ സാമ്പത്തിക ഞെരുക്കമല്ല കാണിക്കുന്നത് , മറിച്ച് അവരുടെ ഭാവി തൊഴിലിലും വരുമാന സാധ്യതകളിലുമുള്ള ആത്മവിശ്വാസത്തിന്റെ അടയാളമാണ്. .

2021 മേയ് മുതല്‍ ഭവന വായ്പകളില്‍ സ്ഥിരമായ ഇരട്ട അക്ക വളര്‍ച്ചയുണ്ടായതായി ധനമന്ത്രാലയം പറഞ്ഞു. അതിനാല്‍, യഥാര്‍ത്ഥ ആസ്തികള്‍ വാങ്ങുന്നതിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ട്. വാഹന വായ്പകള്‍ 2022 ഏപ്രില്‍ മുതല്‍ വര്‍ഷം തോറും ഇരട്ട അക്കത്തിലും 2022 സെപ്റ്റംബര്‍ മുതല്‍ വര്‍ഷം തോറും 20 ശതമാനത്തിലധികവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

'ഗാര്‍ഹിക മേഖല ദുരിതത്തിലല്ല. അവര്‍ വാഹനങ്ങളും വീടുകളും പണയത്തിലോ,ജാമ്യത്തിലോ വാങ്ങുകയാണ്,' ധനമന്ത്രാലയം പറഞ്ഞു.

ധനമന്ത്രാലയം തങ്ങളുടെ വാദത്തെ പിന്തുണയ്ക്കുന്നതിനായി വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള ആര്‍ബിഐ ഡാറ്റയും ഉദ്ധരിച്ചു. 'ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പകളിൽ വലിയൊരു ഭാഗവും റിയല്‍ എസ്റ്റേറ്റ് വായ്പകളും വാഹന വായ്പകളുമാണ്. ഇവ രണ്ടും ഈടുകൾ നൽകിയാലേ ധനകാര്യ സ്ഥാപങ്ങൾ അനുവദിക്കത്തൊള്ളൂ ഇത് ബാങ്കിംഗ് മേഖലയുടെ മൊത്തത്തിലുള്ള വ്യക്തിഗത വായ്പകളുടെ 62 ശതമാനമാണ്. ഇത് കഴിഞ്ഞാൽ വരുന്ന വലിയ വിഭാഗങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ലോണുകളും, മറ്റു വ്യക്തിഗത വായ്പകളുമാണ്.

2021 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബങ്ങള്‍ 22.8 ലക്ഷം കോടി രൂപയും 2022 ല്‍ ഏകദേശം 17 ലക്ഷം കോടി രൂപയും 2023 സാമ്പത്തിക വര്‍ഷത്തില്‍ 13.8 ലക്ഷം കോടി രൂപയും സാമ്പത്തിക ആസ്തിയായി കൂട്ടിച്ചേര്‍ത്തുവെന്ന് മന്ത്രാലയം അറിയിച്ചു.

''അതിനാല്‍, അവര്‍ അവരുടെ പോര്‍ട്ട്ഫോളിയോയില്‍ മുന്‍ വര്‍ഷത്തേക്കാളും കുറച്ച് സാമ്പത്തിക ആസ്തികൾ കൂട്ടിച്ചേർത്തിട്ടുള്ളു . എന്നാൽ അവരുടെ അറ്റ സാമ്പത്തിക ആസ്തികള്‍ ഇപ്പോഴും വളരുകയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്,''ട്വീറ്റ് പറയുന്നു.

സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് അത്ര ആകര്‍ഷകമല്ലാത്തതിനാല്‍ ആളുകള്‍ ഇക്വിറ്റിയിലും മ്യൂച്വല്‍ ഫണ്ടുകളിലും കൂടുതല്‍ നിക്ഷേപം നടത്തുന്നതായി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ''ആളുകള്‍ സാമ്പത്തികമായി സാക്ഷരതയുള്ളവരുമാണ് എന്നത് ഈ പ്രവണതയെ മുന്നോട്ട് നയിച്ചു,'' ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്നാവിസ് പറഞ്ഞു. ആളുകള്‍ വായ്പ എടുക്കുന്നത് നിലനില്‍പ്പിന് വേണ്ടിയല്ലെന്നും വീടോ വാഹനമോ പോലുള്ള സ്വത്തുക്കള്‍ വാങ്ങാനാണെന്നും സബ്നവിസ് പറഞ്ഞു.

'2022 സാമ്പത്തിക വര്‍ഷത്തില്‍ ഗാര്‍ഹിക മേഖലയിൽ എൻ ബി എഫ് സി കൾ വ്യക്തിഗത മേഖലയ്ക്ക് 21400 കോടി രൂപ മാത്രമാണ് വായ്പ നല്‍കിയത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ ഏകദേശം 2.4 ലക്ഷം കോടി രൂപ വായ്പ നല്‍കി. അതായത് 11.2 മടങ്ങ്.മൊത്തത്തില്‍ എൻ ബി എഫ് സി റീട്ടെയില്‍ വായ്പ കുടിശ്ശിക 29.6 ശതമാനം വര്‍ധിച്ച് 2022 ലെ 8.12 ലക്ഷം കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ലക്ഷം കോടി രൂപയായി.

2020 ജൂണിനും 2023 മാര്‍ച്ചിനും ഇടയില്‍ ഗാര്‍ഹിക മൊത്ത സാമ്പത്തിക ആസ്തികളുടെ സ്റ്റോക്ക് 37.6 ശതമാനവും ഗാര്‍ഹിക മൊത്ത സാമ്പത്തിക ബാധ്യതകളുടെ സ്റ്റോക്ക് 42.6 ശതമാനവും ഉയര്‍ന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. ഇവിടെ രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.