image

9 Dec 2024 3:04 AM GMT

Economy

ധനകാര്യ കമ്മീഷന്‍ കേരളത്തില്‍

MyFin Desk

finance commission members in kerala
X

Summary

  • കമ്മീഷന്‍ മൂന്നു ദിവസം സംസ്ഥാനത്ത് ഉണ്ടാകും
  • കമ്മീഷന് സമര്‍പ്പിക്കാന്‍ വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയതായി ധനമന്ത്രി


പതിനാറാം ധനകാര്യ കമ്മീഷന്‍ കേരളത്തിലെത്തി. നിതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് സംസ്ഥാനത്ത് എത്തിയത്.

സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘത്തിന് സ്വീകരണം നല്‍കി. കമ്മീഷന് സമര്‍പ്പിക്കാന്‍ വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പിന്നീട് പറഞ്ഞു.

പുതിയ ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, കമ്മീഷന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കാര്യങ്ങള്‍ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കുമെന്ന് പറഞ്ഞു.

സംസ്ഥാനത്തിനുള്ള നികുതി വിഹിതം വിതരണം ചെയ്യുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സഹിതം കേരളം അവതരിപ്പിക്കും. അര്‍ഹമായ ഗ്രാന്റുകള്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ധനകാര്യ കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംഘം പിന്നീട് കോട്ടയം ജില്ലയിലെ കുമരകത്തേക്ക് പോയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

തിങ്കളാഴ്ച കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്ത് പ്രദേശങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിക്കുമെന്നും വൈകുന്നേരത്തോടെ കോവളത്ത് എത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ചൊവ്വാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മിഷന്‍ അധ്യക്ഷനെയും അംഗങ്ങളെയും കോവളത്തെ ലീല ഹോട്ടലിലെ മീറ്റിംഗ് ഹാളില്‍ ഔദ്യോഗികമായി സ്വീകരിക്കും, ധനമന്ത്രി ബാലഗോപാല്‍ സ്വാഗതം പറയും. ഇതേത്തുടര്‍ന്ന് കമ്മീഷന്‍ മന്ത്രിസഭാംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ സാമ്പത്തിക പിന്തുണ ധനകാര്യ കമ്മീഷനാണ് നിര്‍ണ്ണയിക്കുന്നത്.