6 Nov 2024 5:43 AM GMT
Summary
- നഗരങ്ങളിലെ ഓഫ്‌ലൈന്‍ വില്‍പ്പന മന്ദഗതിയിലായി
- ഗ്രാമീണ മേഖലകളും ചെറിയ നഗരങ്ങളും സ്ഥിരമായ ഡിമാന്‍ഡ് നിലനിര്‍ത്തി
- ഉത്സവ സീസണില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ നടത്തിയത് ഏകദേശം ഒരു ട്രില്യണ്‍ രൂപയുടെ മൊത്തവില്‍പ്പന
നടപ്പുവര്‍ഷം ഉത്സവകാല ഉപഭോഗത്തിലെ വളര്‍ച്ചാ നിരക്ക് 15 ശതമാനമായി കുറഞ്ഞുവെന്ന് ജാപ്പനീസ് ബ്രോക്കറേജ് നോമുറ അഭിപ്രായപ്പെട്ടു. ഇത് ലഭ്യമായ ഏകദേശ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബ്രോക്കറേജിലെ വിശകലന വിദഗ്ധര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ ഉത്സവ ഉപഭോഗ വളര്‍ച്ച വളരെ ഉയര്‍ന്നതാണ് - 2023 ല്‍ 32 ശതമാനവും 2022 ല്‍ 88 ശതമാനവും.
ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉത്സവ സീസണിലെ ചില്ലറ വില്‍പ്പനയില്‍ ചില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എങ്കിലും മൊത്തത്തിലുള്ള വളര്‍ച്ച മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണ് മുന്നേറിയത്. വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍, ഗ്രാമീണ മേഖലകളിലും ചെറിയ നഗരങ്ങളിലും സ്ഥിരമായ ഡിമാന്‍ഡ് നിലനിര്‍ത്തി. എന്നാല്‍ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലും വ്യാവസായിക മേഖലകളിലും വില്‍പ്പന 'ദുര്‍ബലമായി'. ഇത് രാജ്യത്തുടനീളമുള്ള ഉത്സവ ഉപഭോഗത്തില്‍ സമ്മിശ്ര പ്രവണതകളിലേക്ക് നയിച്ചു.
നഗര ഡിമാന്‍ഡ് ദുര്‍ബലമായിരുന്നെങ്കിലും, പ്രത്യേകിച്ച് വലിയ നഗരങ്ങളില്‍, ഡിസംബറിലെ വിവാഹങ്ങളില്‍ നിന്ന് മികവ് ലഭിക്കുമെന്ന് വിശകവലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇത് സീസണിലെ മൊത്തത്തിലുള്ള വില്‍പ്പന പ്രകടനത്തെ ഗുണപരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മൊത്തത്തിലുള്ള ഉപഭോഗ വളര്‍ച്ച മന്ദഗതിയിലാണെങ്കിലും, ഓണ്‍ലൈന്‍ റീട്ടെയില്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. പ്രധാനമായും ടയര്‍-കക, ടയര്‍-കകക നഗരങ്ങളിലെ ഉപഭോക്താക്കളാണ് ഇത് നയിച്ചത്. ഇത് മൊത്തം വില്‍പ്പനയുടെ 60 ശതമാനത്തിലധികം സംഭാവന നല്‍കി.
ലോജിസ്റ്റിക്സ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ക്ലിക്ക്‌പോസ്റ്റ് പ്രകാരം ഇലക്ട്രോണിക്സ്, ഫാഷന്‍, ഹോം ഡെക്കര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഏറ്റവും വലിയ നേട്ടം ഉണ്ടായത്. ഇലക്ട്രോണിക്സിന് ശരാശരി ഓര്‍ഡര്‍ മൂല്യം 38,000 രൂപയുണ്ടായിരുന്നു. ഇത് പേഴ്സണല്‍ ടെക്, സ്മാര്‍ട്ട് ഹോം ഗാഡ്ജെറ്റുകള്‍ എന്നീ സെക്ടറിലൂടെയാണ് മുന്നേറിയത്. ഫാഷനില്‍, ഉത്സവകാല വസ്ത്ര വില്‍പ്പനയും മികച്ചതായിരുന്നു. ക്യാഷ്ബാക്കും ഇഎംഐ സ്‌കീമുകളും പോലുള്ള പ്രമോഷണല്‍ ഓഫറുകള്‍ ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
കഴിഞ്ഞ ആഴ്ച അവസാനിച്ച ഒരു മാസം നീണ്ടുനിന്ന ഉത്സവ സീസണില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഏകദേശം ഒരു ട്രില്യണ്‍ രൂപയുടെ (ഏകദേശം 11.9 ബില്യണ്‍ ഡോളര്‍) മൊത്തവില്‍പ്പന കൈവരിച്ചതായി വ്യവസായ ഡാറ്റ വെളിപ്പെടുത്തുന്നു.