20 Feb 2025 10:02 AM
Summary
- ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ തിരിച്ചടി
- താരിഫ് നിരക്കുകളും കുടിയേറ്റ നിയന്ത്രണവും പണപ്പെരുപ്പം ഉയര്‍ത്തും
പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡ് റിസര്‍വ്. ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായെന്ന പ്രാഥമിക നിഗമനമാണ് ഫെഡ് റിസര്‍വിന്റെ മിനിട്ട്സ് വ്യക്തമാക്കുന്നത്.
വിവിധ രാജ്യങ്ങള്‍ക്ക് മേലുള്ള താരിഫ് നിരക്കുകള്‍ അമരിക്ക ഉയര്‍ത്തിയിരുന്നു. ഒപ്പം കുടിയേറ്റ നിയന്ത്രണവും കൊണ്ടുവന്നു. ട്രംപിന്റെ ഈ രണ്ട് അജണ്ടകളും പണപ്പെരുപ്പം ഉയര്‍ത്തും. ഒപ്പം തൊഴില്‍ വിപണിയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫെഡ് റിസര്‍വ് വിലയിരുത്തി.
വിതരണ ശൃംഖലയിലെ തടസ്സങ്ങളും ആക്രമണാത്മക സര്‍ക്കാര്‍ ചെലവുകളും ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളില്‍ ഫെഡ് ജാഗ്രത പാലിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതായിരിക്കും ഉചിതമെന്നും മിനിട്ട്സില്‍ ചൂണ്ടികാണിക്കുന്നു. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പാക്കാന്‍ പലിശനിരക്കുകള്‍ സ്ഥിരമായി നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
നേരത്തെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്ന ഫെഡിന്റെ തീരുമാനത്തിനെതിരേ ട്രംപ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെ വൈറ്റ് ഹൗസില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കില്ലെന്ന് ഫെഡ് മേധാവിയായ പവല്‍ വ്യക്തമാക്കിയിരുന്നു. നിരക്ക് കുറയ്ക്കാതിരുന്നാല്‍ ഇത്തവണയും ട്രംപിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുമെന്നാണ് കരുതുന്നതും.