image

5 Aug 2023 11:01 AM IST

Economy

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഗോതമ്പിന്റെ ഇറക്കുമതി ചുങ്കം പിന്‍വലിക്കണമെന്ന് എഫ്‌സിഐ

MyFin Desk

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഗോതമ്പിന്റെ ഇറക്കുമതി ചുങ്കം പിന്‍വലിക്കണമെന്ന് എഫ്‌സിഐ
X

ഡെല്‍ഹി:രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും, ഉയരുന്ന ഭക്ഷ്യ വിലയെ പിടിച്ചു നിര്‍ത്തുന്നതിനുമായി ഗോതമ്പിന്റെ ഇറക്കുമതി തീരുവ 2024 ഫെബ്രുവരി വരെ നീക്കാന്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ധനമന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചു. 2019 ഏപ്രില്‍ മുതല്‍ ഗോതമ്പിന്റെ ഇറക്കുമതി തീരുവ 40 ശതമാനമാണ്. സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് ഈ നിര്‍ദ്ദേശം. ശക്തമായ ഉഷ്ണതരംഗം ഗേതമ്പ് വിളവെടുപ്പിനെ കാര്യമായി ബാധിച്ചത്, ഗോതമ്പ് ലഭ്യത സംബന്ധിച്ച് ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഭക്ഷ്യ വില വര്‍ധിക്കുകയാണ്. എന്നാല്‍, ബ്ലാക്ക് സീ ഗ്രെയിന്‍ ഡീലിനെത്തുടര്‍ന്ന് ഭക്ഷ്യ വിലയില്‍ കുറവു വരുന്നതിന്റെ സൂചനകളുണ്ട്. സംഘര്‍ഷ ബാധിത പ്രദേശത്തെ മൂന്ന് തുറമുഖങ്ങളില്‍ നിന്നായി ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ റഷ്യ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, കരാര്‍ പാശ്ചാത്യ രാജ്യങ്ങളെ മാത്രമാണ് സഹായിക്കുന്നതെന്നും ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായ്ക്കുന്നില്ലെന്നും വ്യക്തമാക്കി റഷ്യ കഴിഞ്ഞ മാസം കരാറില്‍ നിന്ന് പിന്മാറിയതോടെ വില ഉയരാന്‍ തുടങ്ങിയിരുന്നു. തൊട്ടുപിന്നാലെ ജൂലൈ 20 ന് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.

ആഭ്യന്തര ഗോതമ്പ് വിലയെക്കാള്‍ താഴെയാണ് നിലവില്‍ ആഗോള വില. ഇറക്കുമതി തീരുവയിലെ ഇളവ് ആഭ്യന്തര വില കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.2 ശതമാനത്തേിലേക്ക് എത്തുമെന്ന് ജൂലൈ ആദ്യം സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കിയിരുന്നു. നേരത്തെ ഇവരുടെ പ്രവചനം 5.5 ശതമാനമായിരുന്നു. വര്‍ധിച്ചുവരുന്ന ഭക്ഷ്യ വിലക്കയറ്റത്തെത്തുടര്‍ന്നായിരുന്നു പുതിയ വിശകലനം.