6 Dec 2024 4:28 AM GMT
Summary
- കാല്‍ നടയായുള്ള മാര്‍ച്ച് ഇന്ന് ഉച്ചക്ക് ആരംഭിക്കും
- ഇതില്‍ നൂറോളം പേരാണ് പങ്കെടുക്കുന്നത്
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭു അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് (വെള്ളിയാഴ്ച) ഡല്‍ഹിയില്‍ പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് പുനരാരംഭിക്കുന്നു. മിനിമം താങ്ങുവിലയുടെ (എംഎസ്പി) നിയമപരമായ ഉറപ്പുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവരുടെ പ്രതിഷേധം.ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മാര്‍ച്ചിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അധികൃതര്‍ ബാരിക്കേഡുകള്‍ ശക്തമാക്കിയെങ്കിലും അധിക സേനയെ വിന്യസിച്ചിട്ടില്ല. എന്നാല്‍ അംബാല ഭരണകൂടം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശംഭു അതിര്‍ത്തിയില്‍ നിന്ന് നൂറോളം കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് കാല്‍നടയായി നടത്തുമെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ പറഞ്ഞു. 'കഴിഞ്ഞ എട്ട് മാസമായി ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്. ഞങ്ങളുടെ ട്രാക്ടറുകള്‍ പരിഷ്‌ക്കരിക്കപ്പെട്ടുവെന്ന ആരോപണത്തിന് മറുപടിയായി, കാല്‍നടയായി ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' ഖാപ് പഞ്ചായത്തുകളില്‍ നിന്നും പ്രാദേശിക ബിസിനസ്സ് കമ്മ്യൂണിറ്റികളില്‍ നിന്നും തങ്ങള്‍ക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പന്ദര്‍ പറഞ്ഞു.
കടം എഴുതിത്തള്ളല്‍, കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍, 2021-ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ഫെബ്രുവരി 13, 21 തീയതികളില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനുള്ള മുന്‍ ശ്രമങ്ങള്‍ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ സുരക്ഷാ സേന തടഞ്ഞിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയുടെ ബാനറുകളുടെ കീഴിലാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം.
സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് പാന്ദര്‍ ചൂണ്ടിക്കാട്ടി. ''ഫെബ്രുവരിയില്‍ ഞങ്ങള്‍ നാല് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫെബ്രുവരി 18 മുതല്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല,'' അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍ച്ചിനോടനുബന്ധിച്ചുള്ള വര്‍ധിച്ച സുരക്ഷാ നടപടികളും പ്രധാന റൂട്ടുകളിലെ ബാരിക്കേഡുകളും കാരണം ഡല്‍ഹി-എന്‍സിആറിലെ നിവാസികള്‍ക്ക് ഗതാഗത തടസ്സം ഉണ്ടായേക്കാം. നേരത്തെ ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രതിഷേധം യാത്രക്കാര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.