6 April 2024 3:31 PM IST
Summary
- 2023വരെയുള്ള അഞ്ചു വര്‍ഷങ്ങളില്‍ 70 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക ശരാശരി
- ആഗോള ഭീമന്‍മാര്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു
- എന്നാല്‍ ചൈനയുടെ നഷ്ടം ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കായിട്ടില്ല
പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഇന്ത്യ ലക്ഷ്യമിടുന്നു. നിക്ഷേപകരും മള്‍ട്ടിനാഷണല്‍ കമ്പനികളും ചൈനയില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്. പ്രതിബന്ധങ്ങള്‍ക്കിടയിലും, നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്ക് 100 ബില്യണ്‍ ഡോളറിന്റെ ലക്ഷ്യത്തിനടുത്തായിരിക്കുമെന്ന് വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.
2023 മാര്‍ച്ച് വരെയുള്ള കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ എഫ്ഡിഐയില്‍ 70 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക ശരാശരി രാജ്യത്തിനുണ്ട്.
''അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ശരാശരി 100 ബില്യണ്‍ ഡോളറെങ്കിലും നേടുക എന്നതാണ് ലക്ഷ്യം. ഇപ്പോഴുള്ള പ്രവണത വളരെ പോസിറ്റീവും മുകളിലേക്കുള്ളതുമാണ്, ''സിംഗ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായ ഇന്ത്യ, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശാലമാക്കിക്കൊണ്ട് ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആഗ്രഹിക്കുന്ന ബിസിനസുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. 'ചൈന പ്ലസ് വണ്‍' തന്ത്രം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. സാംസങിന്റെ ഏറ്റവും വലിയ പ്ലാന്റ് ഇന്ത്യയിലാണ്.
ഒഇസിഡിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022ലെ ആദ്യ ഒമ്പത് മാസങ്ങളിലെ ആഗോള എഫ്ഡിഐ നിക്ഷേപത്തില്‍ ഇന്ത്യയുടെ പങ്ക് 3.5 ശതമാനത്തില്‍ നിന്ന് 2023ലെ അതേ കാലയളവില്‍ 2.19 ശതമാനമായി കുറഞ്ഞു.
ചൈനയിലേക്കുള്ള വിദേശ നിക്ഷേപം 2022-ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 12.5 ശതമാനത്തില്‍ നിന്ന് 2023-ലെ അതേ കാലയളവില്‍ 1.7 ശതമാനമായി കുറഞ്ഞു.
ചൈനയുടെ നഷ്ടം നേട്ടമാക്കിയത് ഇന്ത്യയെക്കാളുപരി യുഎസ്, കാനഡ, മെക്‌സിക്കോ, ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളാണ്. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ജര്‍മ്മനിയാണ്.
തന്ത്രങ്ങളും നയങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യ ഇതുവരെ എഫ്ഡിഐയില്‍ ഗണ്യമായ കുതിച്ചുചാട്ടം നടത്തിയിട്ടില്ലെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വൈദ്യുതി, ഇലക്ട്രോണിക്സ്, ഐടി, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകള്‍ ആഗോളതലത്തില്‍ ശക്തമായ നിക്ഷേപ താല്‍പ്പര്യം ആകര്‍ഷിക്കുന്നത് തുടരുന്നു, എന്നിരുന്നാലും സമീപ വര്‍ഷങ്ങളില്‍ നിക്ഷേപങ്ങള്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലാണെന്ന് തോന്നുന്നു. സോഫ്റ്റ്വെയര്‍-സേവനങ്ങള്‍, ബിഎഫ്എസ്‌ഐ, ട്രേഡിംഗ് കമ്പനികള്‍ എന്നിവയ്ക്ക് ആഭ്യന്തരമായി ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കുന്നു.