image

2 April 2024 11:17 AM GMT

Economy

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഇറക്കുമതി കുറയ്ക്കാന്‍ ശ്രമം

MyFin Desk

india without chinese dependency
X

Summary

  • യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
  • പിഎല്‍ഐ സ്‌കീമുകള്‍ പ്രഖ്യാപിച്ച് പ്രാദേശിക ഉല്‍പ്പാദനത്തിന് പ്രാമുഖ്യം നല്‍കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്
  • അതേസമയം സൗദി അറേബ്യ ചൈനയെ ആശ്രയിക്കുന്നതില്‍ കുറവ് രേഖപ്പെടുത്തി


യൂറോപ്യന്‍ യൂണിയനിലും ചൈനയിലുമുള്ള ഇന്ത്യയുടെ വ്യാപാര ആശ്രിതത്വം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റാണ് (യുഎന്‍സിടിഎഡി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ സ്ഥിതി വിവര കണക്കുകള്‍ അനുസരിച്ച് 2023-ല്‍ യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവരിലുള്ള ഇന്ത്യയുടെ ആശ്രിതത്വം പ്രതിവര്‍ഷം 1.2 ശതമാനം വര്‍ധിച്ചു. സൗദി അറേബ്യയുടെ കാര്യത്തില്‍ അത് 0.6 ശതമാനം കുറഞ്ഞു.

പ്രൊഡക്ഷന്‍-ലിങ്ക്ഡ് സ്‌കീമുകള്‍ (പിഎല്‍ഐ), ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറുകള്‍ (ക്യുസിഒകള്‍) തുടങ്ങിയ സ്‌കീമുകളുടെ പിന്തുണയോടെ പ്രാദേശികമായി ഉല്‍പ്പാദന ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി കുറയ്ക്കാന്‍ രാജ്യം ശ്രമിക്കുന്ന സമയത്താണ് ആശ്രിതത്വത്തിന്റെ വര്‍ധനവ്.

റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വിതരണ ശൃംഖല മാറ്റം സംഭവിച്ചത് കോവിഡ് -19 പാന്‍ഡെമിക്, ഉക്രെയ്ന്‍-റഷ്യ യുദ്ധം എന്നിവയെ തുടര്‍ന്നാണ്, ഇത് ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിലയില്‍ റെക്കോര്‍ഡ് വര്‍ധനവിന് കാരണമായി. സമാനമായ ഭൗമരാഷ്ട്രീയ നിലപാടുകളുള്ള രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെ ഉഭയകക്ഷി വ്യാപാര രീതികള്‍ അനുകൂലിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.

അതേസമയം, 2023 ന്റെ അവസാന പാദത്തില്‍ ഈ പ്രവണത മയപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രധാന വ്യാപാര ബന്ധങ്ങളെ അനുകൂലിക്കുന്നതിനായി ആഗോള വ്യാപാരത്തിന്റെ വര്‍ധിച്ചുവരുന്ന കേന്ദ്രീകരണം ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. യുദ്ധം റഷ്യയെ ചൈനയിലേക്ക് കൂടുതല്‍ തള്ളിവിട്ടു. റഷ്യയുടെ ആശ്രിതത്വം 7.1 ശതമാനം വര്‍ധിച്ചു. ഇതിന് പ്രധാനകാരണം യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങളാണ്. കൂടാതെ ചൈനയും ഇന്ത്യയും വന്‍തോതില്‍ ഇറക്കുമതി ചെയ്ത എണ്ണയും ഒരു കാരണമാണ്.

മറുവശത്ത്, യുക്രെയ്‌നിന്റെ യൂറോപ്യന്‍ യൂണിയനെ ആശ്രയിക്കുന്നത് 5.8 ശതമാനം ഉയര്‍ന്നപ്പോള്‍ റഷ്യയുടേത് 5.3 ശതമാനം കുറഞ്ഞു. ചൈനയെ യുഎസ് ആശ്രയിക്കുന്നത് 1.2 കുറഞ്ഞിട്ടുണ്ട്. യുകെ യുറോപ്യന്‍ യൂണിയനെ ആശ്രയിക്കുന്നത് വര്‍ധിക്കുകയും ചെയ്തു.

സെക്ടറല്‍ ഡാറ്റയുടെ അടിസ്ഥാനത്തില്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗതാഗത ഉപകരണങ്ങള്‍, റോഡ് വാഹനങ്ങള്‍ എന്നിവ ഒഴികെയുള്ള മിക്ക മേഖലകളിലും വ്യാപാര ഇടിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2022 പകുതി മുതല്‍ ആഗോള ചരക്ക് വ്യാപാരത്തിന്റെ മൂല്യം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, സേവനങ്ങളുടെ വ്യാപാരം മിക്ക കാലയളവിലും വളര്‍ച്ച നിലനിര്‍ത്തി.