image

21 Jun 2024 1:24 PM

Economy

പുതിയ കാര്‍ഷിക നയം അവതരിപ്പിക്കണമെന്ന് ആവശ്യം

MyFin Desk

പുതിയ കാര്‍ഷിക നയം അവതരിപ്പിക്കണമെന്ന് ആവശ്യം
X

Summary

  • കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ബജറ്റ് വിഹിതം 20,000 കോടിയായി ഉയര്‍ത്തണം
  • കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും ഏകീകരിക്കണം
  • കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാനും നടപടിവേണമെന്ന് ശുപാര്‍ശ


ഇന്ത്യക്കായി ഒരു പുതിയ കാര്‍ഷിക നയം അവതരിപ്പിക്കണമെന്ന് കാര്‍ഷിക സംഘടനകള്‍ ആവശ്യപ്പെട്ടു. ഫണ്ടിംഗ് അനുപാതം 60:40 ല്‍ നിന്ന് 90:10 ആക്കാനും അവര്‍ ശുപാര്‍ശ ചെയ്തു. അഞ്ച് വര്‍ഷത്തേക്ക് ചെലവിന്റെ 90 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നാണ് ഇതിനര്‍ത്ഥം.

കാര്‍ഷിക മേഖലയിലെ പ്രധാന പങ്കാളികളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ ബജറ്റിന് മുമ്പുള്ള കൂടിയാലോചനായോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.

അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസ് കമ്മീഷന്‍ (സിഎസിപി) മുന്‍ ചെയര്‍മാനും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ അശോക് ഗുലാത്തി, മുതിര്‍ന്ന കാര്‍ഷിക പത്രപ്രവര്‍ത്തകന്‍ ഹരീഷ് ദാമോദരന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്സ് ആന്‍ഡ് പോളിസി റിസര്‍ച്ച്, യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ (യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ബജറ്റ് വിഹിതം 20,000 കോടിയായി ഉയര്‍ത്തണമെന്നും അവര്‍ വാദിക്കുന്നു.

കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി കൈമാറ്റം ചെയ്യുന്നതിനായി ഏകീകരിക്കണമെന്നും വളം സബ്സിഡികള്‍ യുക്തിസഹമാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു. 2018 മുതല്‍ മാറ്റമില്ലാതെ തുടരുന്ന യൂറിയയുടെ ചില്ലറ വില്‍പ്പന വില വര്‍ധിപ്പിക്കാനും അവര്‍ ശുപാര്‍ശ ചെയ്തു. കൂടാതെ ജൈവവളങ്ങളും ഇല വളങ്ങളും പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

അടിസ്ഥാന സൗകര്യ വികസനമായിരുന്നു ചര്‍ച്ചയിലെ മറ്റൊരു പ്രധാന വിഷയം.

സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റിയുടെ (എപിഇഡിഎ) ബജറ്റ് വിഹിതം 80 കോടിയില്‍ നിന്ന് 800 കോടി രൂപയായി വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത് കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാനും ജില്ലാ കയറ്റുമതി കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കും. ആട്, ചെമ്മരിയാട് വളര്‍ത്തലിനെ പിന്തുണയ്ക്കുന്നതിനായി ഒരു ദേശീയ മിഷന്‍ ആരംഭിക്കാനും ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാര്‍ഷിക ഫണ്ടുകള്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേര്‍തിരിക്കണമെന്നും ശുപാര്‍ശയുണ്ടായി. കാര്‍ഷിക ഗവേഷണത്തില്‍ നിന്നുള്ള ഉയര്‍ന്ന സാമ്പത്തിക ലാഭം അതിനുദാഹരണമായി ഭാരത് കൃഷക് സമാജ് എടുത്തുകാട്ടി.