20 Jun 2023 11:42 AM IST
Summary
- എട്ടു മാസങ്ങളായി കയറ്റുമതിയില്‍ ഇടിവ് തുടരുന്നു
- സിംഗപ്പൂര്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയേറെ
- രാജ്യത്ത് തൊഴിലവസരങ്ങളിലും കുറവ്
സിംഗപ്പൂരിന്റെ വാര്‍ഷിക കയറ്റുമതിയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ എട്ടാം മാസമാണ് ഈ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗത്തെ ഈ അനിശ്ചിതാവസ്ഥ മൊത്തം തൊഴിലവസരങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായ നാലാം പാദത്തിലും തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിലുണ്ടായ സാഹചര്യം ഒരു സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി രാജ്യത്ത് ഉയര്‍ത്തുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ അവസരത്തില്‍ രാജ്യത്തെ പ്രവസാകളായ ഇന്ത്യാക്കാരുടെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
എണ്ണ ഇതര ആഭ്യന്തര കയറ്റുമതിയില്‍ 7.7ശതമാനത്തിന്റെ ഇടിവ് നേരത്തെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. പക്ഷെ എല്ലാവരെയും അമ്പരപ്പിച്ച് മെയ്മാസത്തില്‍ രാജ്യം 14ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മൊത്തത്തില്‍, സിംഗപ്പൂരിന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 0.4 ശതമാനം ചുരുങ്ങി.
കയറ്റുമതി രംഗത്ത് തുടര്‍ച്ചയായി സംഭവിക്കുന്ന ഇടിവിന് കൂടുതല്‍ വ്യാപ്തി കൈവരുന്നത് ആശങ്കയുണ്ടാക്കുന്നതായി മെയ്ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ചുവ ഹക്ക് ബിന്‍ പറഞ്ഞു. ഈ രംഗത്തുണ്ടാകുന്ന ഇടിവ് ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതായും ഹക്ക് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ കാലയളവില്‍ തൊഴില്‍ വിപണി സംബന്ധിച്ചുള്ള 2023ലെ ആദ്യപാദ റിപ്പോര്‍ട്ട് സിംഗപ്പൂരിലെ മാനവശേഷി മന്ത്രാലയം പുറത്തിറക്കി.ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഉണ്ടായിരുന്ന ജോലി ഒഴിവുകള്‍ 126,000 ആയിരുന്നു. ഇപ്പോള്‍ അത് 99,600 ആയി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തന്നെയുമല്ല അവസരങ്ങള്‍ ക്രമേണ കുറഞ്ഞുവരികയുമാണ്.
ഇതുകൂടാതെ വിവിധ കമ്പനികളുടെ പിരിച്ചുവിടലും നടക്കുകയുണ്ടായി. എല്ലാം കൂടി ചേരുമ്പോള്‍ സ്ഥിതി രൂക്ഷമാകുകയായാണ്. ആദ്യ പാദത്തില്‍ 3,820 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. 2022 നാലാ പാദത്തില്‍ 2990 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
എന്നിരുന്നാലും, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സിംഗപ്പൂരിലെ മൊത്തം ജോലിക്കാരുടെ എണ്ണം 33,000 ആയി വര്‍ധിച്ചിട്ടുണ്ട്. പ്രധാനമായും ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസി തൊഴിലാളികളാണ് ഇതിനു കാരണമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആദ്യമായി, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ പ്രവാസികളുടെ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ കോവിഡ് കാലത്തിന് മുമ്പുള്ള തലങ്ങളെ മറികടന്നു.ഇത് 2019 നെ അപേക്ഷിച്ച് 1.7ശതമാനം കൂടുതലാണ്.
ഇന്ത്യാക്കാര്‍ വളരെയധികം ജോലിചെയ്യുന്ന രാജ്യമാണ് സിംഗപ്പൂര്‍.പലരും ഇവിടെ സ്ഥിരതാമസം ആക്കിയിട്ടുമുണ്ട്. അവരില്‍ നല്ലൊരു പങ്ക് വ്യവസായികളാണ്. തുടര്‍ച്ചയായി കയറ്റുമതി ഇടിയുന്നത് അവരെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ല. രാജ്യത്തിനെ സംബന്ധിച്ചും ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
സിംഗപ്പൂര്‍ സ്ഥിതിവിവരക്കണക്ക് ഡിപ്പാര്‍ട്ട്മെന്റ് കണക്കനുസരിച്ച് രാജ്യത്ത് 5.45 ദശലക്ഷം ജനങ്ങളാണ് ഉള്ളത്. ഇതില്‍ നാല് ദശലക്ഷം സ്ഥിരതാമസക്കാരാണ്. വിദേശകാര്യ മന്ത്രാലയ കോണ്‍സുലര്‍ സേവന ഡാറ്റ അനുസരിച്ച്, സിംഗപ്പൂരിലെ മൊത്തം 1.45 ദശലക്ഷം പ്രവാസികളില്‍ 350,000 അല്ലെങ്കില്‍ 24ശതമാനം ഇന്ത്യന്‍ പൗരന്മാരാണ്.
2005നും 2020നും ഇടയില്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. 13ശതമാനത്തില്‍ നിന്ന് 25ശതമാനമായാണ് ഈ വര്‍ധന.അതിനാല്‍, സിംഗപ്പൂരിലെ തൊഴില്‍ വിപണിയിലെ ഏത് ഇടിവും തൊഴിലവസരങ്ങള്‍ തേടി അവിടെ എത്തുന്ന ഇന്ത്യക്കാരുടെ ഭാവിയെ ബാധിക്കും.