image

25 Jan 2024 7:02 AM GMT

Economy

ഇത്തവണത്തെ മണ്‍സൂണിനെ എല്‍നിനോ ബാധിക്കില്ലെന്ന് ഐഎംഡി

MyFin Desk

imd says that el nino will not affect this years monsoon
X

Summary

  • രാജ്യത്തിന്‍റെ മലനിരകളിലെ മഞ്ഞുവീഴ്ചയും മഴയും ഇത്തവണ കൂറഞ്ഞു
  • ഇന്ത്യയുടെ കാര്‍ഷിക ഉല്‍പ്പാദനത്തില്‍ മണ്‍സൂണ്‍ നിര്‍ണായകം
  • പസഫിക് സമുദ്രത്തിന്‍റെ ജലോപരിതലം ചൂടെടുക്കുന്ന പ്രതിഭാസമാണ് എല്‍നിനോ


എല്‍നിനോ പ്രതിഭാസം രാജ്യത്തെ അടുത്ത മണ്‍സൂണ്‍ സീസണിലെ മഴയെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ നിരീക്ഷണം. 2024ലെ മൺസൂണിനെ സംബന്ധിച്ചുള്ള ആദ്യ പ്രവചനം ഐഎംഡി ഏപ്രിലിൽ പുറത്തിറക്കും.

രാജ്യത്തിന്‍റെ മലനിരകളിലെ മഞ്ഞുവീഴ്ചയും മഴയും ഇത്തവണ കൂറഞ്ഞത് എല്‍നിനോ പ്രതിഭാസത്തെ കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂണില്‍ മണ്‍സൂണ്‍ തുടങ്ങുന്നതിനു മുമ്പായി എല്‍നിനോ സാഹചര്യങ്ങള്‍ ന്യൂട്രല്‍ എന്നതിലേക്ക് മാറുമെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്. ഏഴ് വർഷങ്ങള്‍ക്ക് ശേഷം ഉഷ്ണമേഖലാ പസഫിക്കിൽ എൽ നിനോ പ്രതിഭാസം ഉടലെടുത്തതിന്‍റെ ഫലമായി ലോകത്തിന്റെ വലിയൊരു ഭാഗത്തെയും താപനിലഉയരുമെന്ന് വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ 2023 ജൂലൈയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പസഫിക് സമുദ്രത്തിന്‍റെ കിഴക്കൻ, മധ്യ മേഖലകളിലെ ജലോപരിതലം ചൂടെടുക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, കനത്ത മഴ, കടുത്ത വരള്‍ച്ചകള്‍ എന്നിങ്ങനെ പലതരം അതിതീവ്ര കാലാവസ്ഥകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്നു. 2023ൽ, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ മണ്‍സൂണാണ് ഇന്ത്യക്ക് ലഭിച്ചത്. മാത്രമല്ല സീസണിലെ നാല് മാസവും മഴയുടെ വിതരണം ക്രമരഹിതമായ തരത്തിലായിരുന്നു എന്നും ഐഎംഡി വ്യക്തമാക്കുന്നു.

രാജ്യത്തിന്‍റെ കാര്‍ഷിക ഉല്‍പ്പാദനത്തെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ കാലയളവാണ് മണ്‍സൂണ്‍ കാലം. ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന്‍റെ 70 ശതമാനവും ജൂണ്‍ മുതലുള്ള നാലുമാസ കാലയളവിലാണ് നടക്കുന്നത്.