image

1 July 2023 2:19 PM IST

Economy

ഭക്ഷ്യഎണ്ണയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണം: പ്രധാനമന്ത്രി

MyFin Desk

ഭക്ഷ്യഎണ്ണയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണം: പ്രധാനമന്ത്രി
X

Summary

  • സഹകരണ കോണ്‍ഗ്രസിന്‍റെ 17 -ാം എഡിഷന് തുടക്കം
  • സമ്മേളനത്തിന്‍റെ തുടക്കം അന്താരാഷ്ട്ര സഹകരണ ദിനത്തില്‍
  • സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്‍ഫോം അവതരിപ്പിച്ചു


രാജ്യത്തേക്കുള്ള ഭക്ഷ്യ എണ്ണയുടെയും പയറു വര്‍ഗങ്ങളുടെയും ഇറക്കുമതി കുറക്കേണ്ടതുണ്ടെന്നും ഇത് സാധ്യമാക്കുന്നതില്‍ സഹകരണ മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡെല്‍ഹിയില്‍ ഇന്ത്യന്‍ കോഓപ്പറേറ്റിവ് കോണ്‍ഗ്രസിന്‍റെ 17-ാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതില്‍ സഹകരണ മേഖലയ്ക്ക് പ്രമുഖ സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാൽപ്പൊടി, വെണ്ണ, നെയ്യ് വരെ എന്നിങ്ങനെയുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകത്ത് ആവശ്യക്കാരുണ്ട്. നമ്മുടെ തിനയ്ക്ക് പുതിയൊരു വിപണി രൂപപ്പെടുകയാണ്. ഇതെല്ലാം ചെറുകിട കര്‍ഷകര്‍ക്കു മുന്നില്‍ വലിയ അവസങ്ങള്‍ തുറക്കുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ കാർഷിക മേഖലയ്ക്കും കർഷകരുടെ ക്ഷേമത്തിനുമായി തന്റെ സർക്കാർ വന്‍തോതില്‍ ചെലവിടല്‍ നടത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കഴിഞ്ഞ 4 വർഷത്തിനിടയിൽ, പിഎം കിസാന്‍ പദ്ധതിയിലൂടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2.5 ലക്ഷം കോടി രൂപ നേരിട്ട് കൈമാറിയിട്ടുണ്ട്. കർഷകരുടെ ക്ഷേമത്തിനും കാർഷിക മേഖലയ്ക്കുമുള്ള പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ ഓരോ വര്‍ഷവും 6.5 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റ് മേഖലയ്ക്ക് സമാനമായ സൗകര്യങ്ങളും പ്ലാറ്റ്‌ഫോമുകളും രാജ്യത്തെ സഹകരണ മേഖലയ്ക്കും ഉണ്ടെന്ന് മോദി അവകാശപ്പെട്ടു. “ഇന്ന് 25,000-ത്തിലധികം സഹകരണ സംഘങ്ങള്‍ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നു. ഇത് നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും വരുമാന ശേഷിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉൾനാടൻ മത്സ്യബന്ധന മേഖലയിലും കഴിഞ്ഞ 9 വർഷത്തിനിടെ 2 മടങ്ങ് വളർച്ചയുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ മേഖല ഡിജിറ്റലൈസേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ ഇന്ന് ആഗോള തലത്തില്‍ തന്നെ മുന്നിലാണ്. ഇതിനനുസരിച്ച് സഹകരണ മേഖലയും മാറേണ്ടതുണ്ട്. രാജ്യത്തെ കർഷക സമൂഹത്തെ ശാക്തീകരിക്കുന്നതിൽ ‘ഡിജിറ്റൽ ഇന്ത്യ’ സംരംഭത്തിന് വലിയ പങ്കുവഹിക്കാനാകുമെന്നും മോദി പറയുന്നു.

സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും (NCUI Haat ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉല്‍പ്പന്നങ്ങളുടെ രജിസ്ട്രേഷന്‍, ബ്രാന്‍ഡിംഗ്, സൗജന്യ പ്രമോഷന്‍ എന്നിവയിലെ ശേഷി വര്‍ധിപ്പിക്കുന്നതിന് ഇത് സഹകരണ സംഘങ്ങള്‍ക്ക് സഹായകമാകുമെന്നാണ് സഹകരണ കോണ്‍ഗ്രസിന്‍റെ സംഘാടകരായ നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍സിയുഐ) വിവരിക്കുന്നത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സഹകരണ കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അധ്യക്ഷത വഹിച്ചത്. സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കും പരിവര്‍ത്തനത്തിനും ഊന്നല്‍ കൊടുക്കുന്ന വിവിധ സെഷനുകളും പരിപാടികളും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്.

സഹകരണ നിയമനിര്‍മ്മാണവും നയ പരിഷ്‌കാരങ്ങളും; സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ വിവിധ മേഖലകള്‍ക്കിടയിലെ സഹകരണം; മത്സരാധിഷ്ഠിത സഹകരണ ബിസിനസ് സംരംഭങ്ങള്‍; സഹകരണ ഭരണത്തിലെ നവീകരണവും സാങ്കേതികവിദ്യയും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സഹകരണ വായ്പാ സംവിധാനത്തിന്റെ പ്രാധാന്യം തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയാണ് സെഷനുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നാളെ നടക്കുന്ന സമാപന ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള മുഖ്യാതിഥിയാകും. രാസവളം മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മൃഗസംരക്ഷണം- ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല എന്നിവരും പങ്കെടുക്കും.

നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, പാപുവ, ന്യൂ ഗിനിയ എന്നീ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സില്‍ അംഗങ്ങളായ 34 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഓണ്‍ലൈനായി പങ്കെടുക്കും. അന്താരാഷ്ട്ര സഹകരണ ദിനത്തിലാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണെന്ന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ-പസഫിക് പ്രസിഡന്റ് ചന്ദ്ര പാല്‍ സിംഗ് യാദവ് പറയുന്നു.