20 Jun 2024 3:34 AM GMT
Summary
- പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനുകളിലാണ് തൊഴില്‍ സംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നത്
- നിര്‍മ്മാണ മേഖലയെ അതിവേഗം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്
- കേന്ദ്ര ബജറ്റ് ജൂലൈ അവസാന ആഴ്ച അവതരിപ്പിക്കും
ഉല്‍പ്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ 2024-25 ലെ ബജറ്റ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍. ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടന്ന ബജറ്റിന് മുമ്പുള്ള കൂടിയാലോചന യോഗത്തില്‍ പങ്കെടുത്ത വിദഗ്ധരാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കോ-കണ്‍വീനര്‍ അശ്വനി മഹാജന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് (ഐഎസ്‌ഐഡി) ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ നാഗേഷ് കുമാര്‍, സാമ്പത്തിക വിദഗ്ധനായ ടിസിഎ അനന്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തൊഴിലില്ലായ്മ ഒരു വലിയ പ്രശ്‌നമാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മഹാജന്‍ പറഞ്ഞു.
സമ്പദ്വ്യവസ്ഥയിലെ ഉത്തേജനം കണക്കിലെടുക്കുമ്പോള്‍, ഉപഭോഗ ആവശ്യം ഒരു പ്രശ്‌നമാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിര്‍മ്മാണ മേഖലയെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്,' എംഎസ്എംഇ, ടെക്‌സ്‌റ്റൈല്‍ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റ് പ്രോത്സാഹനം നല്‍കണമെന്നും നാഗേഷ് പറഞ്ഞു. പിഎല്‍ഐ പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന പൊതു ബജറ്റുമായി ബന്ധപ്പെട്ട് പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനുകള്‍ നയിക്കുന്നതായി മന്ത്രാലയം എക്‌സില്‍ കുറിച്ചിട്ടുണ്ട്.
പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ധനകാര്യ സെക്രട്ടറി, സാമ്പത്തികകാര്യം, റവന്യൂ, ധനകാര്യ സേവനങ്ങള്‍, കോര്‍പ്പറേറ്റ് കാര്യ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഗവണ്‍മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്നിവരും പങ്കെടുത്തു.
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജൂലൈ അവസാന വാരമാണ് അവതരിപ്പിക്കുക. ഇതോടെ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന്‍ മറികടക്കും.