30 Jan 2023 8:44 AM
Summary
1950-51 കാലത്താണ് രാജ്യത്തെ ആദ്യ സാമ്പത്തിക സര്‍വേ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കുന്നത്.
ഡെല്‍ഹി: ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. ഇതിന് മുമ്പ് ഇക്കണോമിക് സർവെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ജനുവരി 31 നാണ് ധനമന്ത്രി ഇക്കണോമിക് സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നത്.
പോയ വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക പ്രവണതകള്‍ വിലയിരുത്തുന്നതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള വിശദമായ കണക്കുകളടങ്ങിയതാണ് ഈ റിപ്പോര്‍ട്ട്. കാര്‍ഷിക ഉത്പാദനം, വ്യാവസായിക ഉത്പാദനം, അടിസ്ഥാന സൗകര്യമേഖല, തൊഴില്‍, പണപ്പെരുപ്പ നിരക്ക്, വ്യാപാരം, വിദേശ വിനിമയ ശേഖരം തുടങ്ങിയ സാമ്പത്തിക മേഖലകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കും.
ബജറ്റില്‍ വിഭവങ്ങളെ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാനും, വരുന്ന വര്‍ഷത്തേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കാവശ്യമായ തന്ത്രപ്രധാന തീരുമനങ്ങളെടുക്കാനും ഇത് സഹായക്കും. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താന്‍ നയരൂപീകരണം നടത്തുന്നവരെയും ഈ സര്‍വേ സഹായിക്കും.
1950-51 കാലത്താണ് രാജ്യത്തെ ആദ്യ സാമ്പത്തിക സര്‍വേ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കുന്നത്. അന്നു മുതല്‍ ബജറ്റിനൊപ്പമായിരുന്നു സാമ്പത്തിക സര്‍വേ അവതരിപ്പിച്ചിരുന്നത്. എന്നാല്‍, 1964 ല്‍ സര്‍വേ ബജറ്റില്‍ നിന്നും വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവായ സഞ്ജീവ് സന്യാലാണ് സാമ്പത്തിക സര്‍വേ അവതരിപ്പിച്ചത്. ഓരോ വര്‍ഷവും സാമ്പത്തിക സര്‍വേയ്ക്ക് ഓരോ ആശയമുണ്ടാകും.കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേ 2021-22ല്‍ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രവചിച്ചിരുന്നു. എന്നാല്‍, 2022-23ല്‍ ജിഡിപി വളര്‍ച്ച 8-8.5 ശതമാനമാണ്.