1 March 2023 5:25 AM GMT
ഡിസംബര്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 4.4% മാത്രം, തൊഴിലില്ലായ്മ നിരക്ക് മുകളിലേക്ക്
MyFin Desk
Summary
- അദാനി ഗ്രൂപ്പിന് തിരിച്ചടിയായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ് പ്രകടമായിരുന്നു.
ഡെല്‍ഹി: പണപ്പെരുപ്പവും ആഗോള മാന്ദ്യഭീതിയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കും ആശങ്കജനകമാം വിധം ഉയരുന്നു. ജനുവരിയില്‍ 7.14 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് ഫെബ്രുവരിയില്‍ 7.45 ആയി ഉയര്‍ന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) ഇക്കഴിഞ്ഞ ബുധനാഴ്ച്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നഗരപ്രദേശത്തെ തൊഴിലില്ലായ്മാ നിരക്ക് ജനുവരിയിലെ 8.55 ശതമാനത്തില്‍ നിന്ന് 7.93 ശതമാനമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 6.48 ശതമാനത്തില്‍ നിന്ന് 7.23 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡിസംബര്‍ പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിയെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. സാമ്പത്തിക വളര്‍ച്ച 4.4 ശതമാനമായാണ് ചുരുങ്ങിയത്.
ഉത്പാദന മേഖലയിലെ ചെലവ് വര്‍ധന ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ ഇതിന് കാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പിന് തിരിച്ചടിയായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ് പ്രകടമായിരുന്നു. വിദേശ നിക്ഷേപം വന്‍ തോതിലാണ് കഴിഞ്ഞ ഏതാനും ആഴ്ച്ചയായി പിന്‍വലിക്കപ്പെട്ടത്. എന്നാല്‍ ജിഡിപി 7 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
മുന്‍വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 11.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൈവരിക്കാന്‍ സാധിച്ചതെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. ജനുവരിയില്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയിലെ പണപ്പെരുപ്പം 6.16 ശതമാനമായി വര്‍ധിച്ചുവെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ ഇത് 5.5 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനവാണ് ഇതിന് മുഖ്യ കാരണമെന്നും മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.