image

7 Nov 2023 6:03 AM GMT

Economy

ഒക്റ്റോബറില്‍ ഇ-വേ ബില്ലുകളുടെ സൃഷ്ടി സര്‍വകാല റെക്കോഡില്‍

MyFin Desk

creation of e-way bills at all-time record in october
X

Summary

  • ഇ-വേ ബിൽ സൃഷ്ടി സെപ്റ്റംബറിൽ 9.2 കോടി രൂപയിലേക്ക് കുറഞ്ഞിരുന്നു
  • നവംബറിലെ ജിഎസ്‍ടി സമാഹരണം ഉയരാന്‍ സാധ്യത


സംസ്ഥാനങ്ങൾക്കകത്തും പുറത്തുമുള്ള ചരക്കുനീക്കത്തിനായി ബിസിനസ്സുകൾ സൃഷ്ടിക്കുന്ന ഇ-വേ ബില്ലുകളിലെ മൊത്തം മൂല്യം ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന നിലയായ 10.3 കോടി രൂപയിലേക്ക് എത്തി. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 9.34 കോടി രൂപയുടെ മുൻ റെക്കോഡാണ് തകര്‍ക്കപ്പെട്ടത്. ഉത്സവകാലവുമായി ബന്ധപ്പെട്ട് ഉപഭോഗത്തിലുണ്ടായ കുതിപ്പും മെച്ചപ്പെട്ട നികുതിപാലനവുമാണ് ഇ-വേ ബില്ലുകളിലെ വര്‍ധനയ്ക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തുന്നത്. നവംബറിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) സമാഹരണത്തില്‍ ഇത് പ്രതിഫലിക്കും.

50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ചരക്കുകളുടെ നീക്കത്തിന് ഇ-വേ ബില്ലുകൾ നിർബന്ധമാണ്. അതിനാൽ, സമ്പദ്‌വ്യവസ്ഥയിലെ ആവശ്യകതയുടെയും വിതരണത്തിന്‍റെയും പ്രവണതകളെ മനസിലാക്കുന്നതിനുള്ള ഒരു പ്രാരംഭ സൂചകമായും ഇ-വേ ബില്ലുകളുടെ ഡാറ്റയെ കണക്കാക്കാം.

ഇ-വേ ബിൽ സൃഷ്ടി സെപ്റ്റംബറിൽ 9.2 കോടി രൂപയിലേക്ക് കുറഞ്ഞിരുന്നു. എങ്കിലും, ജിഎസ്ടി കളക്ഷൻ ഒക്ടോബറിൽ 1.72 ലക്ഷം കോടി രൂപയായി ഉയർന്നു. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ ജിഎസ്‍ടി സമാഹരണമായിരുന്നു ഇത്. നികുതി സമാഹരണത്തിലെ ഉയര്‍ച്ച ധനക്കമ്മി ലക്ഷ്യം പാലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കും.

ജിഎസ്‍ടി-യുടെ സാങ്കേതിക നട്ടെല്ലായ ജിഎസ്‍ടി നെറ്റ്‌വർക്കില്‍ നിന്നുള്ള വിവരം അനുസരിച്ച്, സംസ്ഥാനങ്ങൾക്കുള്ളിൽ കയറ്റി അയക്കപ്പെട്ട ചരക്കുകൾക്കായി ഒക്ടോബറിൽ 6.29 കോടി രൂപയുടെയും അന്തർ സംസ്ഥാന ചരക്കുനീക്കത്തിനായി 3.73 കോടി രൂപയുടെയും ഇ-വേ ബില്ലുകൾ സൃഷ്‍ടിക്കപ്പെട്ടു.