30 July 2024 8:10 AM GMT
Summary
- മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുന്ന ദിവസം വിദൂരമല്ല
- എംഎസ്എംഇ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും
ആഗോള നിക്ഷേപകര്‍ രാജ്യത്തെ ഉറ്റുനോക്കുകയാണെന്നും ആഭ്യന്തര വ്യവസായം ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വികസിത ഭാരതത്തിലേക്കുള്ള യാത്ര എന്ന വിഷയത്തില്‍ സിഐഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് ഒരു കുറവും ഇല്ലെന്നും രാജ്യത്തിന് പ്രഥമ സമീപനം മനസ്സില്‍ വെച്ചുകൊണ്ട് എല്ലാ തീരുമാനങ്ങളും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ 8 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും നിലവിലെ അഞ്ചാം സ്ഥാനത്ത് നിന്ന് ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി രാജ്യം മാറുന്ന ദിവസം വിദൂരമല്ല. മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള ഈ നേട്ടം തന്റെ മൂന്നാം ടേമില്‍ കൈവരിക്കാനാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന എംഎസ്എംഇ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ നടപടികളും അദ്ദേഹം അനുസ്മരിച്ചു.
'ഇന്ന്, ലോകം മുഴുവന്‍ ഇന്ത്യയെയും നിങ്ങളെയും ഉറ്റുനോക്കുന്നു. സര്‍ക്കാരിന്റെ നയങ്ങളും പ്രതിബദ്ധതയും നിക്ഷേപവും ആഗോള വികസനത്തിന്റെ അടിത്തറയായി മാറുകയാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. ലോകനേതാക്കള്‍ക്ക് ഇന്ത്യയോട് ഇപ്പോള്‍ പോസിറ്റീവായ സമീപനമാണുള്ളത്.ഇത് ഇന്ത്യന്‍ വ്യവസായത്തിനുള്ള സുവര്‍ണാവസരമാണ് ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും മോദി പറഞ്ഞു.