image

28 July 2023 11:37 AM IST

Economy

ഡിജിറ്റല്‍ പണമിടപാടില്‍ കുതിച്ചുചാട്ടം; 2022-23ല്‍ രേഖപ്പെടുത്തിയത് 13.24% വളര്‍ച്ച

MyFin Desk

boom in digital payments 13.24% growth recorded in 2022-23
X

Summary

  • 2022ലെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ആഗോള റാങ്കിംഗില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെത്തിയത്
  • 2026-27 ആകുമ്പോഴേക്കും യുപിഐ ഇടപാടുകള്‍ പ്രതിദിനം 100 കോടി എണ്ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • യുപിഐ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് 2016-ലാണ്


2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഗണ്യമായി വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡാറ്റ പറയുന്നു.

ആര്‍ബിഐയുടെ ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് ഇന്‍ഡെക്‌സ് (ആര്‍ബിഐ-ഡിപിഐ) ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

2022 സെപ്റ്റംബറിലെ 377.46-ല്‍ നിന്ന് 2023 മാര്‍ച്ചിലെ ഡിപിഐ 395.58 ആയി. 2022 സെപ്റ്റംബറില്‍ നിന്നും 2023 മാര്‍ച്ചിലെത്തിയപ്പോള്‍ 13.24 ശതമാനം വളര്‍ച്ച കൈവരിച്ചു.

2022 മാര്‍ച്ചിലെ ഡിപിഐ 349.30 ആയിരുന്നു. 2021 മാര്‍ച്ചിലെ ഡിപിഐ 270.59ും.

റിലയന്‍സ് ജിയോ നയിച്ച വിപ്ലവം

2016 സെപ്റ്റംബറില്‍ സൗജന്യ വോയ്‌സ് കോളും സൗജന്യ റോമിംഗ് ചാര്‍ജും പ്രഖ്യാപിച്ചു കൊണ്ടാണ് റിലയന്‍സ് ജിയോ രംഗത്തുവന്നത്.

യുപിഐ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതും 2016-ലാണ്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് യുപിഐ അവതരിപ്പിച്ചത്.

2017-ല്‍ 67 ബില്യന്‍ രൂപയുടെ മൂല്യം വരുന്ന 100 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടത്തിക്കൊണ്ട് യുപി ഐ 900 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

2018-ല്‍ 1.5 ട്രില്യണ്‍ രൂപയിലധികം മൂല്യമുള്ള ഇടപാടുകള്‍ പ്രോസസ്സ് ചെയ്തതോടെ 246% വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്.

2019-ല്‍ 2.9 ട്രില്യണ്‍ രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇടപാടുകള്‍ നടത്തിയതോടെ 67 ശതമാനം വളര്‍ച്ച കൈവരിച്ചു.

2020-ല്‍ 4.3 ട്രില്യണിലധികം മൂല്യമുള്ള ഇടപാടുകളോടെ യുപിഐ 63 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

2021-ല്‍ 5.6 ട്രില്യണ്‍ രൂപ മൂല്യമുള്ള 1.49 ബില്യണിലധികം ഇടപാടുകള്‍ രേഖപ്പെടുത്തി. വാര്‍ഷിക വളര്‍ച്ച 72 ശതമാനം.

2022-ല്‍ യുപിഐയുടെ മൊത്തം ഇടപാട് മൂല്യം 1.75 വര്‍ധിച്ച് 125.95 ട്രില്യണ്‍ രൂപയായി.

രസകരമെന്നു പറയട്ടെ, മൊത്തം യുപിഐ ഇടപാട് മൂല്യം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 86 ശതമാനം വരും.

2022ലെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ആഗോള റാങ്കിംഗില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെത്തിയത്. സര്‍ക്കാരിന്റെ സിറ്റിസണ്‍ എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോമായ MyGovIndia-ല്‍ നിന്നും ജൂണ്‍ 10ന് പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യമുള്ളത്.

ഡിപിഐക്ക് ( ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് ഇന്‍ഡെക്‌സ് ) രൂപം കൊടുത്തത് ആര്‍ബിഐ

രാജ്യത്തുടനീളമുള്ള ഡിജിറ്റള്‍ പേയ്‌മെന്റുകളുടെ വ്യാപ്തി മനസിലാക്കാന്‍ 2019-20ലാണ് ആര്‍ബിഐ ഡിപിഐക്ക് രൂപം കൊടുത്തത്.

അഞ്ച് പാരാമീറ്ററുകളാണ് അഥവാ അളവുകോലുകളാണു ഡിപിഐ തയാറാക്കാന്‍ പരിഗണിക്കുന്നത്.

പേയ്‌മെന്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍-ഡിമാന്‍ഡ് ഫാക്ടര്‍,

പേയ്‌മെന്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍-സപ്ലൈ ഫാക്ടര്‍,

പേയ്‌മെന്റ് പെര്‍ഫോമന്‍സ്,

പേയ്‌മെന്റ് എനേബ്‌ളര്‍,

കണ്‍സ്യൂമര്‍ സെന്‍ട്രിസിറ്റി

എന്നിവയാണ് ഡിപിഐ തയാറാക്കാനായി പരിഗണിക്കുന്ന ഘടകങ്ങള്‍.

ഡിപിഐ പുറത്തുവിടുന്നത് അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തിലാണ്.

ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് വളര്‍ച്ചയെ നയിക്കുന്നത് യുപിഐ

ഡിജിറ്റല്‍ പേയ്‌മെന്റ്‌സിലുണ്ടാകുന്ന വളര്‍ച്ചയെ നയിക്കുന്നത് പ്രധാനമായും യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ആണ്. 2026-27 ആകുമ്പോഴേക്കും യുപിഐ ഇടപാടുകള്‍ പ്രതിദിനം 100 കോടി എണ്ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ്‌സിന് ആക്കം കൂട്ടിയ ഘടകം പ്രധാനമായും 2016-ലെ നോട്ട് നിരോധിക്കല്‍ അഥവാ ഡീമോണിറ്റൈസേഷന്‍ നടപടിയായിരുന്നു. നോട്ട് നിരോധിക്കുന്നതിനു മുന്‍പ് ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വെറും 10 ശതമാനമായിരുന്നു. എന്നാല്‍ 2016നു ശേഷം ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇതിനു പുറമെ ഇ-കൊമേഴ്‌സിന്റെ വളര്‍ച്ച, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ പെനിട്രേഷന്‍ അഥവാ കൂടുതല്‍ പേര്‍ക്ക് ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും എത്തിച്ചേര്‍ന്നത്, ഡിജിറ്റലൈസേഷനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കിയത് എന്നിവയൊക്കെ ഡിജിറ്റല്‍ ആവാസവ്യവസ്ഥ വളരാന്‍ കാരണമായ ഘടകങ്ങളാണ്.

2016 സെപ്റ്റംബറില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ടെലകോം രംഗത്ത് വിപ്ലവകരമെന്നു വിശേഷിപ്പിക്കുന്ന തീരുമാനവുമായി രംഗത്തുവന്നതാണ് കൂടുതല്‍ പേരിലേക്ക് ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും എത്തിച്ചേരാനിടയാക്കിയത്.